Connect with us

Editorial

സ്ഥാനാര്‍ഥി നിര്‍ണയമെന്ന കീറാമുട്ടി

Published

|

Last Updated

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഈ വര്‍ഷത്തെ പോലെ ഭിന്നത തലപൊക്കിയ ഒരു തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് മുമ്പുണ്ടായിട്ടില്ല. കോണ്‍ഗ്രസിലും മുസ്‌ലിം ലീഗിലും കേഡര്‍ പാര്‍ട്ടികളെന്നു വിശേഷിപ്പിക്കപ്പെടുന്ന സി പി എമ്മിലും ബി ജെ പിയിലുമെല്ലാം രൂക്ഷമായ അഭിപ്രായവ്യത്യാസം പ്രകടമാണ്. കോണ്‍ഗ്രസിലാണ് ഭിന്നത കൂടുതല്‍ രൂക്ഷം. ദേശീയ നേതൃത്വം ഇടപെട്ടിട്ടും അത് പരിഹരിക്കാനായില്ല ഇതുവരെയും. ഡല്‍ഹിയില്‍ ബുധനാഴ്ച നടന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലും കേരള ഹൗസ് കേന്ദ്രീകരിച്ചു നടന്ന ചര്‍ച്ചകളിലും കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞു വാഗ്വാദത്തിലേര്‍പ്പെടുകയുണ്ടായി. ഗ്രൂപ്പുകള്‍ നിര്‍ദേശിച്ച ചില പേരുകള്‍ എ ഐ സി സിയുടെ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് വെട്ടിയതിനെ തുടര്‍ന്നാണ് വാഗ്വാദം. കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിപ്രഖ്യാപിച്ച തലമുതിര്‍ന്ന നേതാവ് പി സി ചാക്കോ തന്റെ രാജിക്കുള്ള കാരണങ്ങളില്‍ മുഖ്യമായി ചൂണ്ടിക്കാട്ടുന്നത്, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകളും ജനാധിപത്യരാഹിത്യവുമാണ്. കോണ്‍ഗ്രസ് നടപടിക്രമമനുസരിച്ച് പ്രദേശ് ഇലക്ഷന്‍ കമ്മിറ്റികളില്‍ ചര്‍ച്ച നടത്തി തീരുമാനത്തിലെത്തിയ ശേഷമാണ് പാനല്‍ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ലിസ്റ്റ് അയക്കേണ്ടത്. ഇപ്പോള്‍ അതൊന്നും നടക്കുന്നില്ല. എ ഐ ഗ്രൂപ്പ് നേതാക്കള്‍ അവരുടെ താത്പര്യമനുസരിച്ച് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുകയാണെന്ന് ചാക്കോ കുറ്റപ്പെടുത്തുന്നു.

സി പി എമ്മില്‍ പൊന്നാനി, കുറ്റിയാടി, തരൂര്‍ മണ്ഡലങ്ങളില്‍ പ്രതിഷേധം ശക്തമാണ്. പോസ്റ്റര്‍ യുദ്ധം മുതല്‍ തെരുവില്‍ പ്രതിഷേധ പ്രകടനങ്ങള്‍ വരെ നടത്തി അണികള്‍. പൊന്നാനിയില്‍ സി ഐ ടി യു നേതാവ് പി നന്ദകുമാറാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി എം സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നന്ദകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിഷേധം ഇവിടെ തെരുവിലേക്കിറങ്ങി. തരൂരില്‍ പ്രതിഷേധക്കാര്‍ക്ക് വഴങ്ങേണ്ടി വന്നു പാര്‍ട്ടി നേതൃത്വത്തിന്. മന്ത്രി എ കെ ബാലന്റെ ഭാര്യ പി കെ ജമീലയെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് പി പി സുമോദിനെയാണ് പ്രദേശവാസികള്‍ നിര്‍ദേശിക്കുന്നത്. ഒടുവില്‍ നറുക്കുവീണത് സുമോദിനാണ്. കുറ്റിയാടിയില്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് മണ്ഡലം വിട്ടുനല്‍കിയതിനെ ചൊല്ലിയാണ് പ്രതിഷേധം. മണ്ഡലത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നാണ് സി പി എം പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. തരൂരിലെ പോലെ ഇവിടെയും നേതൃത്വം പ്രാദേശിക വികാരത്തിനു വഴങ്ങേണ്ട അവസ്ഥയാണ്.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന “വിജയയാത്ര” അവസാനിക്കുമ്പോഴേക്ക് പട്ടിക പുറത്തിറക്കാനായിരുന്നു ബി ജെ പിയുടെ തീരുമാനം. എന്നാല്‍ ഇതുവരെയും പട്ടിക വന്നിട്ടില്ല. പാര്‍ട്ടി വിജയസാധ്യത അവകാശപ്പെടുന്ന മണ്ഡലങ്ങളിലടക്കം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഭിന്നത തുടരുകയാണ്. മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിലാണ്. ഇരു വിഭാഗത്തെയും യോജിപ്പിലെത്തിക്കുന്നതിന് കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പ്രഹ് ളാദ്‌ ജോഷിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ യോഗം ചേര്‍ന്നിരുന്നുവെങ്കിലും തെറ്റിപ്പിരിയുകയായിരുന്നു. പ്രധാന മണ്ഡലങ്ങളില്‍ തങ്ങളെ അവഗണിക്കുകയാണെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ പരാതി. കൃഷ്ണദാസ് പക്ഷത്തിനെതിരെ പരോക്ഷ വിമര്‍ശവുമായി പലയിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെതിരെ കൃഷ്ണദാസ്-ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ ഉയര്‍ത്തിയ കലാപക്കൊടിയും പൂര്‍ണമായി കെട്ടടങ്ങിയിട്ടില്ല. കെ സുരേന്ദ്രനെ അധ്യക്ഷ പദവിയില്‍ നിന്ന് നീക്കണമെന്നും സംഘടനാ നേതൃത്വം പുനഃസംഘടിപ്പിക്കണമെന്നും ഇരുപക്ഷവും കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

മുസ്‌ലിം ലീഗിലുമുണ്ട് രൂക്ഷമായ ഭിന്നത. സംസ്ഥാന നേതൃത്വം കണ്ടു വെച്ച ചില സ്ഥാനാര്‍ഥികള്‍ക്കെതിരെ മണ്ഡലം പ്രതിനിധികള്‍ രംഗത്തുവരികയും പാണക്കാട്ടെത്തി എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരിക്കുകയാണ്. സംസ്ഥാന ജന.സെക്രട്ടറിയെ പോലും നിരാകരിക്കുന്നു അണികള്‍. മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്ക് പാര്‍ട്ടി നേതൃത്വം ജന.സെക്രട്ടറിയുടെ പേര് നിര്‍ദേശിച്ചെങ്കിലും പ്രാദേശിക നേതൃത്വങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്. പാണക്കാട്ടെ വാക്കിനു മറുവാക്കില്ലായിരുന്നു നേരത്തേ ലീഗില്‍. ഇന്ന് സ്ഥിതി മാറി. സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ക്കെതിരെ പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ വിയോജിപ്പിന്റെ ശബ്ദം ഉയര്‍ന്നു തുടങ്ങി.
നേതൃത്വം മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുന്ന സ്ഥാനാര്‍ഥികളെ അണികള്‍ കണ്ണുംപൂട്ടി അംഗീകരിക്കുന്ന കാലം കഴിഞ്ഞെന്നും അണികളുടെ താത്പര്യം കൂടി കണക്കിലെടുത്തു മാത്രമേ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനാകുകയുള്ളൂവെന്നുമുള്ള വ്യക്തമായ മുന്നറിയിപ്പാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെയുള്ള പ്രതിഷേധങ്ങളെല്ലാം. അണികള്‍ പോസ്റ്ററൊട്ടിച്ചാലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയാലും സ്ഥാനാര്‍ഥികളെ മാറ്റില്ലെന്ന പ്രഖ്യാപനം ഇത്തവണ സി പി എമ്മിനു തിരുത്തേണ്ടിവന്നു. അച്ചടക്കമുള്ള പാര്‍ട്ടിയെന്ന് അവകാശവാദമുന്നയിച്ചും ആത്മീയ നേതൃത്വത്തെ ചൂണ്ടിക്കാട്ടിയും അണികളെ അടക്കി നിര്‍ത്തിയിരുന്ന ലീഗ് നേതൃത്വത്തിനും മുട്ടുമടക്കേണ്ടി വന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ പുതിയ സംസ്ഥാന സാരഥിയായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. അതുപക്ഷേ വാക്കിലൊതുങ്ങിയെന്നാണ് പി സി ചാക്കോയുടെ രാജിയുള്‍പ്പെടെയുള്ള സമീപകാലത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിവേദികളില്‍ സ്വതന്ത്രമായി അഭിപ്രായം പറയാനും വിമര്‍ശിക്കാനും ഓരോ അംഗത്തിനും അവകാശം നല്‍കുകയും അത്തരം വിമര്‍ശങ്ങളോടും നിര്‍ദേശങ്ങളോടും നേതൃത്വം ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യവും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും കൈവരുന്നത്.

---- facebook comment plugin here -----

Latest