Connect with us

Kerala

കസ്റ്റംസ് സൂപ്രണ്ടിന്റെ ജയില്‍ സന്ദര്‍ശനത്തില്‍ ദുരൂഹത; സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ആന്‍സി ഫിലിപ്പിന്റെ സന്ദര്‍ശനത്തിന് ശേഷം

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയത് കസ്റ്റംസ് ഉദ്യോഗസ്ഥയുടെ ദുരൂഹമായ ജയില്‍ സന്ദര്‍ശനത്തിന് ശേഷം. നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഉദ്യോഗസ്ഥ ആന്‍സി ഫിലിപ്പാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ സന്ദര്‍ശിച്ചത്. രണ്ടുതവണ സ്വപ്‌നയെ സന്ദര്‍ശിച്ച ഇവര്‍ സ്വപ്‌നയോടൊപ്പം അഞ്ചുമണിക്കൂര്‍ നേരം ചെലവഴിച്ചുവെന്നാണറിയുന്നത്. സംഭവം വിശദമായി അന്വേഷിക്കാന്‍ പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലാണ് ദുരൂഹത ഉയന്നിരിക്കുന്നത്.

കോഫേപോസ കേസിന്റെ ഉത്തരവ് നല്‍കാനെന്ന പേരിലായിരുന്നു ആന്‍സി ഫിലിപ്പ് ജയിലില്‍ സ്വപ്‌നയെ കാണാനെത്തിയത്. ആന്‍സിയുടെ സന്ദര്‍ശനത്തിന് ശേഷം നവംബര്‍ പതിനെട്ടിന് സ്വപ്‌നയെ ചോദ്യം ചെയ്യുകയും തൊട്ടടുത്ത ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്താന്‍ ആന്‍സി എത്തിയിരുന്നു. തുടര്‍ന്ന് നവംബര്‍ 25 നാണ് കസ്റ്റഡിയില്‍ വാങ്ങിയത്.

തുടര്‍ന്ന് ഡിസംബര്‍ മൂന്നിനാണ് സ്വപ്‌നയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഡോളര്‍ കടത്ത് കേസില്‍ സ്വപ്‌നയുടെ രഹസ്യമൊഴി ആന്‍സിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണെന്നും പോലീസ് പറയുന്നു. 2018 ലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണ് ആന്‍സി ഫിലിപ്പ്. ഇവര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ചെന്നൈയില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് ആന്‍സി ഫിലിപ്പ് തിരുവനന്തപുരത്ത് എത്തിയത്.

Latest