National
മമതയുടെ പരുക്ക്; തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന പോലീസ് മേധാവിയെ മാറ്റി പിറ്റേന്ന് നന്ദിഗ്രാമില്‍ വെച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആക്രമിക്കപ്പെട്ടുവെന്ന തൃണമൂലിന്റ ആരോപണത്തിനെതിരെയാണ് കമ്മീഷന്‍ രംഗത്തുവന്നത്. ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളുണ്ടായിട്ടും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്നും തൃണമൂല്‍ ആരോപിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്നും ഇത് സംസ്ഥാനത്തെ ക്രമസമാധാന വിഷയമാണെന്നും തൃണമൂല്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി മേധാവി മമതയുടെ ജീവനെടുക്കാനുള്ള വലിയ ഗൂഢാലോചനയാണെന്നും പോലീസ് മേധാവിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് പെട്ടെന്ന് നീക്കം ചെയ്തതിന് ഇതുമായി ബന്ധമുണ്ടെന്നും തൃണമൂല്‍ ആരോപിച്ചിരുന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മത്സരിക്കുന്ന നന്ദിഗ്രാമിലെത്തിയപ്പോഴാണ് മമതക്ക് പരുക്കേറ്റത്. വാഹനത്തിന്റെ ചവിട്ടുപടിയില്‍ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ തള്ളിയിടപ്പെടുകയായിരുന്നു. അവരുടെ കാല്‍ പൊട്ടിയിട്ടുണ്ട്. കഴുത്തിനും കൈക്കും പരുക്കേറ്റു.