Kerala
പ്രഖ്യാപനം വരുന്നതിന് മുമ്പേ ചാലക്കുടിയിലും ഇരിക്കൂറിലും കോണ്‍ഗ്രസില്‍ പ്രതിഷേധം

തിരുവനന്തപുരം | സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചില പേരുകള്‍ പരിഗണിക്കപ്പെടുന്നതിനിടെ ഇരിക്കൂറിലും ചാലക്കുടിയിലും കോണ്‍ഗ്രസില്‍ പ്രതിഷേധം. ഇരിക്കൂറില്‍ സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ശ്രീകണ്ഠാപുരത്തെ പാര്‍ട്ടി ഓഫീസ് താഴിട്ട്പൂട്ടി ഓഫീസിന് മുമ്പില്‍ കരിങ്കൊടി സ്ഥാപിച്ചു. മണ്ഡലത്തിന് ഒട്ടും സ്വീകാര്യനല്ലാത്ത ഒരാളെയാണ് പാര്‍ട്ടി പരിഗണിക്കുന്നതെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.
മണ്ഡലത്തില്‍ തന്നെയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റിയനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സജീവ് ജോസഫിനെ ഇരിക്കൂറിലെ സ്ഥാനാര്‍ഥിയാക്കിയാല്‍ കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ സമ്പൂര്‍ണ തോല്‍വിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും ഇതിന്റെ ഉത്തരവാദിത്തം കെട്ടിയിറക്കുന്നവര്‍ക്കാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ചാലക്കുടിയില്‍ അഡ്വ. മാത്യൂ കുഴല്‍നാടനെ പരിഗണിക്കുന്നതായ മാധ്യമ വാര്‍ത്ത പുറത്തുവന്ന ഉടനെയാണ് നൂറ്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നത്. ഇറക്കുമതി സ്ഥാനാര്‍ഥികളെ ചാലക്കുടിക്ക് വേണ്ടെന്ന് പറഞ്ഞായിരുന്നു ചാലക്കുടി ടൗണില്‍ പ്രതിഷേധ പ്രകടനം നടന്നത്.