International
ഓഡിയോ കാസറ്റ് കണ്ടുപിടിച്ച ലൂ ഓട്ടന്‍സ് അന്തരിച്ചു

ഡുയ്‌സെല്‍ | ഓഡിയോ കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടന്‍സ് അന്തരിച്ചു. 94 വയസ്സായിരുന്നു. ഡച്ച് എഞ്ചിനീയറായ ഓട്ടന്‍സ് ഓഡിയോ കാസറ്റിനൊപ്പം സീഡിയുടെ കണ്ടെത്തലിലും പങ്കാളിയായിരുന്നു.
1926ല്‍ ബെല്ലിങ്വോള്‍ഡെയില്‍ ജനിച്ച ഓട്ടന്‍സ് 1952ല്‍ ബെല്‍ജിയത്തിലെ ഫിലിപ്‌സ് ഫാക്ടറിയില്‍ ജോലിയില്‍ പ്രവേശിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹത്തെ 1960ല്‍ ഫിലിപ്‌സിന്റെ പ്രൊഡക്ട് ഡെവലപ്മെന്റ് വിഭാഗം തലവനായി നിയമിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ഓഡിയോ കാസറ്റ് നിര്‍മിച്ചു. 1963ല്‍ കാസറ്റ് ബെര്‍ലിന്‍ റേഡിയോ ഇലക്ട്രോണിക്‌സ് മേളയില്‍ അവതരിപ്പിച്ചു.
ഓട്ടന്‍സ് കാസറ്റ് അവതരിപ്പിച്ചതിനു പിന്നാലെ ജപ്പാനും കാസറ്റ് നിര്‍മ്മിച്ചു. സോണിയും ഫിലിപ്‌സുമായി ഉണ്ടാക്കിയ കരാര്‍ ഓട്ടന്‍സിന് ആഗോളശ്രദ്ധ നേടിക്കൊടുത്തു. ഫിലിപ്‌സും സോണിയും ചേര്‍ന്ന് രൂപം നല്‍കിയ കോംപാക്ട് ഡിസ്‌കിന്റെ (സിഡി) പരീക്ഷണങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. 1979ലാണ് സിഡി പുറത്തിറങ്ങിയത്.