Connect with us

Kerala

സി പി എം സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറക്കും

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി പി എമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക ഇന്ന് രാവിലെ 11ന് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പുറത്തിറക്കും. ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയും ഇന്ന് തന്നെ പുറത്തിറക്കിയേക്കും. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ പ്രകടനപത്രികയിലുണ്ടാകും.
പൊന്നാനി ഉള്‍പ്പെടെ പ്രതിഷേധമുണ്ടായ മണ്ഡലങ്ങളില്‍ നേരത്തെ തീരുമാനിച്ച സ്ഥാനാര്‍ഥികള്‍ തന്നെയാവും മത്സരിക്കുക. കഴിഞ്ഞ തവണ 92 സീറ്റില്‍ മത്സരിച്ച സി പി എം ഇത്തവണ 85 സീറ്റുകളിലാണ് മത്സരിക്കുന്നത്. ദേവികുളം, മഞ്ചേശ്വരം, മലപ്പുറത്തെ ഒരു സീറ്റ് എന്നിവ ഒഴികെ മറ്റെല്ലാ സീറ്റുകളിലെയും സ്ഥാനാര്‍ഥഥികളെ ഇന്നുതന്നെ പ്രഖ്യാപിക്കും. എതിര്‍ സ്ഥാനാര്‍ഥികളാരെന്ന് അറിഞ്ഞശേഷം ഈ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനാണ് ആലോചന.

രണ്ട് തവണ തുടര്‍ച്ചായി മത്സരിച്ചവരെ ഒഴിവാക്കിയതിനെതിരെയും പൊന്നാനി, കുറ്റ്യാടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പരിഗണന സംബന്ധിച്ചും ചില പ്രതിഷേധങ്ങള്‍ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. എന്നാല്‍ ഏതെങ്കിലും പ്രതിഷേധങ്ങളുടെ പേരിലോ സമ്മര്‍ദത്താലോ ഇതിന് ഒരു മാറ്റം ഉണ്ടാകില്ല. അരുവിക്കരയില്‍ ജില്ലാ നേതൃത്വം നിര്‍ദേശിച്ച വി.കെ.മധുവിന് പകരം ജി സ്റ്റീഫനെയും എറണാകുളത്ത് യേശുദാസ് പറപ്പിള്ളിക്ക് പകരം ഷാജി ജോര്‍ജിനെയും സംസ്ഥാന നേതൃത്വം നിശ്ചയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ നാലുപേര്‍ക്ക് സ്ഥാനാര്‍ത്ഥികളാകാന്‍ ഇളവ് നല്കി. നിലവിലെ പട്ടികയില്‍ എന്തെങ്കിലും മാറ്റം വരണമെങ്കില്‍ പൊളിറ്റ്ബ്യൂറോയാണ് തീരുമാനിക്കേണ്ടത്. 11 വനിതകളും യുവജന സംഘടനകളില്‍ നിന്ന് 12 പേരും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. സിപിഐയുടെ അമര്‍ഷം കണക്കിലെടുത്ത് ചവറയില്‍ ഡോ. സുജിത്ത് വിജയനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനം. വേങ്ങരയില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വനിതാ സ്ഥാനാര്‍ഥിയെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Latest