Kerala
അടൂരില്‍ മൂന്നാം അങ്കത്തിനൊരുങ്ങി ചിറ്റയം ഗോപകുമാര്‍

പത്തനംതിട്ട | അടൂര്‍ നിയമസഭ മണ്ഡലത്തെില്‍ ചിറ്റയം ഗോപകുമാറിന് ഇത് മൂന്നാം അങ്കം. കഴിഞ്ഞ രണ്ട് തവണയും അടൂര്‍ എം എല്‍ എ ആയിരുന്നു ചിറ്റയം ഗോപകുമാര്‍. കൊല്ലം പനയറ ചിറ്റയം കാട്ടുവിളപുത്തന്‍ വീട്ടില്‍ ടി ഗോപാലകൃഷ്ണന്റെയും ടി കെ ദേവയാനിയും മകനായി കര്‍ഷക തൊഴിലാളി കുടുംബത്തില്‍ 1965ല്‍ ജനിച്ചു. അഞ്ചാലും മൂട്, കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബാലവേദിയുടെ സജീവ പ്രവര്‍ത്തകനായി. കൊട്ടാര്‍ക്കര സെന്റ് ഗ്രീഗോറിയസ് കോളജില്‍ എ ഐ എസ് എഫ് യൂനിറ്റ് സെക്രട്ടറിയായി വിദ്യാര്‍ത്ഥി രാഷ്ട്രീയം ആരംഭിച്ചു.
എഐഎസ്എഫ് കൊട്ടാരക്കര താലൂക്ക് സെക്രട്ടറി, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം. തുടര്‍ന്ന് എ ഐ വൈ എഫിലും എ ഐ ടി യു സിയിലും പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബി കെ എം യു) കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ കൗണ്‍സില്‍ അംഗം, എ ഐ ടി യു സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം, കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി, ആശാ വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, പട്ടികജാതി വികസന കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ പ്രസിഡന്റ്, കെ ടി ഡി സി എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
1995 ല്‍ കൊട്ടാരക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2008 ല്‍ കേരള സ്റ്റേറ്റ് കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായിരിക്കെയാണ് 2011ല്‍ അടൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി പരിഗണിച്ചത്. 2011ല്‍ 607 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2016ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 25640 വോട്ടായി ഉയര്‍ന്നു.