Connect with us

National

വീണ്ടും 'ചായിവാല'യായി മമത; നാളെ പത്രിക സമര്‍പ്പിക്കും

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദി ഗ്രാമില്‍ നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജി ടീ സ്റ്റാളില്‍ കയറി നാട്ടുകാര്‍ക്ക് ചായയുണ്ടാക്കി വിതരണം നടത്തി. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നന്ദിഗ്രാമില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഒരു നിമിഷം അവര്‍ “ചായിവാല”യായി മാറിയത്.

നഗരത്തില്‍ പ്രചാരണത്തിനിറങ്ങിയ മമത ഒരു ടീസ്റ്റാളില്‍ കയറി ചായ ഉണ്ടാക്കുകയും അത് പ്ലാസ്റ്റിക് കപ്പുകളില്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതാദ്യമായല്ല നാട്ടുകാര്‍ക്ക് മമത ചായ വിതരണം ചെയ്യുന്നത്. 2019 ഓഗസ്റ്റില്‍ ദിഘ ഗ്രാമത്തില്‍ നടത്തിയ സന്ദര്‍ശത്തിനിടെയും അവര്‍ ചായയുണ്ടാക്കി വിതരണം ചെയ്തിരുന്നു. “ചിലപ്പോള്‍ ജീവിതത്തിലെ ചെറിയ നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് പ്രത്യേക സന്തോഷം നല്‍കുന്നു. ചായ ഉണ്ടാക്കുന്നത് അതിലൊന്നാണ്. ഇന്ന് ദിഘയിലെ ദത്താപൂരില്‍.. എന്ന അടിക്കുറിപ്പോടെ മമത തന്നെയാണ് അന്ന് ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്.

പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ താരപോരാട്ടത്തിനാണ് ഇത്തവണ നന്ദിഗ്രാം സാക്ഷിയാകുന്നത്. ടിഎംസി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മമതയുടെ ഏറ്റവും അടുത്ത സഹായിയായിരുന്ന സുവേന്ദു അധികാരിയാണ് ഇവിടെ മമതയുടെ എതിരാളി.