Connect with us

National

അടിക്കടി വിലക്കയറ്റം: രാജ്യത്ത് നിരവധി കുടുംബങ്ങള്‍ പാചകവാതക കണക്ഷന്‍ ഉപേക്ഷിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | അടിക്കടിയുള്ള പാചക വാതക വില വര്‍ധന താങ്ങാനാകാതെ രാജ്യത്ത് നിരവധി കുടുംബങ്ങള്‍ ഗ്യാസ് കണക്ഷന്‍ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാവപ്പെട്ടവര്‍ക്ക് സൗജന്യ സിലിണ്ടറും ഗ്യാസ് കണക്ഷനും നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിക്ക് കീഴില്‍ കണക്ഷന്‍ ലഭിച്ചവരാണ് റീഫില്‍ ചെയ്യാന്‍ സാധിക്കാതെ കണക്ഷന്‍ ഉപേക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പാചകവാതക സിലിണ്ടര്‍ വിലയില്‍ 175 രൂപയിലധികമാണ് വര്‍ധിച്ചത്. ഇതോടെ രാജ്യത്തിന്റെ പല ഭാഗത്തും സിലിണ്ടര്‍ വില ആയിര രൂപവരെയായി ഉയര്‍ന്നിട്ടുണ്ട്.

ദാരിദ്ര്യ രേഖക്ക് തഴെയുള്ളവര്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കുന്നതിനാണ് പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി നടപ്പിലാക്കിയത്. എട്ട് കോടി രുകടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയില്‍ കണക്ഷന്‍ നല്‍കിയത്. ഇതോടെ രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും ഗ്യാസ് കണക്ഷനായതായി കേന്ദ്ര ഗവണ്‍മെന്റ് അവകാശപ്പെടുന്നു. അടുത്ത രണ്ട് വര്‍ഷത്തിനകം ഒരു കോടി കുടുംബങ്ങള്‍ക്ക് കൂടി കണക്ഷന്‍ നല്‍കി 100 ശതമാനം എല്‍പിജിവത്കരണത്തിന് പെട്രോളിയം മന്ത്രാലയം ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്.

ഇതിനിടയിലാണ് അടിക്കടിയുള്ള എല്‍പിജി വിലക്കയറ്റം പാവപ്പെട്ടവരുടെ നടുവൊടിക്കുന്നത്. സിലിണ്ടറും അടുപ്പും സൗജന്യമായി കിട്ടിയ പലരും പാചകവാതകം റീഫില്‍ ചെയ്യാനാകാത്ത സ്ഥിതിയിലാണ്. 2018ല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കംമ്പാഷ്യനേറ്റ് ഇക്കോണമിക്‌സ് നടത്തിയ സര്‍വേയില്‍ രാജസഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി 85 ശതമാനം പദ്ധതി ഗുണഭോക്താക്കളും സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. 2019ല്‍ സിഎജി നടത്തിയ അന്വേഷണത്തില്‍ വര്‍ഷത്തില്‍ 3.21 സിലിണ്ടറുകള്‍ മാത്രമാണ് റീഫില്‍ ചെയ്യപ്പെടുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു.

എല്‍പിജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് കഴിഞ്ഞ വര്‍ഷം ഉജ്ജ്വല പദ്ധതിക്ക് കീഴിലെ 22 ശതമാനം ഗുണഭോക്താക്കളും സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നില്ല. അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ ഗുണഭോക്താക്കള്‍ക്ക് അവരുടെ ആദ്യ സിലിണ്ടര്‍ റീഫില്ലിംഗിന്റ സബ്‌സിഡി തുകയും ലഭ്യമായിട്ടില്ല.

2020 മാര്‍ച്ചില്‍ ലോക്ഡൗണ്‍ ആരംഭിച്ചതിനുശേഷം, 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് മൂന്ന് സൗജന്യ റീഫില്ലുകള്‍ കേന്ദ്രം വാഗ്ദാനം ചെയ്തപ്പോഴും എല്‍പിജി ഉപഭോഗം കുറവായിരുന്നു. 8 കോടി ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് മൊത്തം 24 കോടി റീഫില്‍ ആണ് സൗജന്യമായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ജൂണ്‍ മാസത്തോടെ ഗുണഭോക്താക്കള്‍ 12 കോടി റീഫില്‍ മാത്രമാണ് ഉപയോഗിച്ചതെന്ന് കണക്കുകള്‍ കാണിക്കുന്നു. സൗജന്യ റീഫില്‍ സമയപരിധി പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയെങ്കിലും 14 കോടി റീഫിലുകള്‍ മാത്രമേ നടന്നുള്ളൂ. ഇതേ തുടര്‍ന്ന് സൗജന്യ റീഫില്‍ സമയപരിധി ഈ വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

വിറകും കല്‍ക്കരിയും ഉപയോഗിച്ചുള്ള പാരമ്പര്യ ഊര്‍ജ സ്രോതസുകള്‍ വഴി പാചകം ചെയ്യുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുയെന്ന ലക്ഷ്യത്തോടെയാണ് സമ്പൂര്‍ണ എല്‍പിജിവത്കരണ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. എന്നാല്‍ വിലക്കയറ്റം ഈ പദ്ധതികള്‍ അട്ടിമറിക്കപ്പെടാന്‍ ഇടയാക്കിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest