Saudi Arabia
സഊദിയുടെ എണ്ണ കയറ്റുമതി തുറമുഖത്തിന് നേരെയുണ്ടായ ഹൂത്തി ആക്രമണ ശ്രമം സഖ്യസേന തകര്‍ത്തു

ദമാം/റിയാദ് |സഊദി അറേബ്യയിലെ എണ്ണ കയറ്റുമതി തുറമുഖത്തിന് നേരെ ഹൂത്തി ഡ്രോണ്‍ ആക്രമണ ശ്രമം. ആക്രമണത്തെ സഊദി വ്യോമ സേന തകര്‍ത്തതായി സഊദി സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ തുറമുഖമായ റസ്താനൂറയിലെ എണ്ണ തുറമുഖത്തിന് നേരെയും, ദഹ്‌റാനിലെ അറാംകോ കേന്ദ്രങ്ങള്‍ക്ക് നേരയുമാണ് ബാലിസ്റ്റിക് മിസൈലും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടന്നത്. മിസൈല്‍ പ്രതിരോധത്തില്‍ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ ദഹ്റാനിലെ സഊദി അറാംകോയുടെ റെസിഡന്‍ഷ്യല്‍ ഏരിയയ്ക്ക് സമീപം വീണു. നിരവധി വിദേശികള്‍ താമസിക്കുന്ന പ്രധാന സുരക്ഷാ മേഖലകൂടിയാണിത് .ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ജനങ്ങള്‍ സുരക്ഷിതരാണെന്നും വക്താവ് പറഞ്ഞു
കഴിഞ്ഞ ദിവസങ്ങളില്‍ സഊദി അറേബ്യക്ക് നേരെ നിരവധി ഡ്രോണ്‍ -മിസൈല്‍ ആക്രമങ്ങളാണ് ജിസാന്‍ -ഖമീസ് മുശൈത്ത് എന്നീ പ്രദേശങ്ങള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിയത് . ആക്രമണത്തിന് ശേഷം യെമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ സഊദി അറേബ്യ ശക്തമായ വ്യോമാക്രമണം നടത്തിത്തിയതായി സഖ്യ സേന അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് കിഴക്കന്‍ പ്രവിശ്യ കേന്ദ്രമാക്കി ഹൂത്തികള്‍ ആക്രമണ ശ്രമം ഉണ്ടായത്
വിവിധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതിചെയ്യുന്ന പ്രധാന തുറമുഖത്തിന് നേരെയുള്ള ആക്രമണത്തെ ജിസിസി സെക്രട്ടറി ജനറല്‍ നയീഫ് അല്‍ ഹജ്റഫ് ശക്തമായി അപലപിക്കുകയും , ഭീകരാക്രമണങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക ശേഷിയും തകര്‍ക്കുകയുമാണ് ലഷ്യം വെക്കുന്നതെന്ന് പറഞ്ഞു. ആക്രമണത്തെ ജിസിസി രാജ്യങ്ങളും അപലപിച്ചു