Connect with us

Kozhikode

വെൽഫെയർ ബന്ധത്തെ എതിർത്തവരെ പുറത്താക്കി; കോഴിക്കോട് ഡി സി സി ഓഫീസിന് മുന്നിൽ ഐ ഗ്രൂപ്പ് ധർണ

Published

|

Last Updated

മുക്കം | മുക്കം നഗരസഭയിൽ ഉൾപ്പെടെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി പരസ്യമായി സഖ്യമുണ്ടാക്കിയ യു ഡി എഫ് നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചവരെ പുറത്താക്കുകയും സഖ്യമുണ്ടാക്കിയവരെ സംരക്ഷിക്കുകയും ചെയ്ത നടപടിയിൽ ഐ ഗ്രൂപ്പ് പ്രവർത്തകർ പ്രതിഷേധിച്ചു. മുക്കം നഗരസഭയിലെ കോൺഗ്രസ് ഐ ഗ്രൂപ്പ് പ്രവർത്തകർ ഡി സി സി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയാണ് പ്രതിഷേധിച്ചത്.

വെൽഫെയർ പാർട്ടി സഖ്യത്തിന് എതിരെ നിലപാടെടുത്തതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിന് തിരിച്ചു നൽകണമെന്നും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മുക്കം സർവീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനവും ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന് ഇവർ പറഞ്ഞു. ബേങ്കിൽ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച് സി പി എമ്മുകാരെ പോലും നിയമിക്കുകയാണെന്നും ഐ ഗ്രൂപ്പ് ആരോപിക്കുന്നു. കെ പി സി സിയുടെ നിലപാടിന് വിരുദ്ധമായി നഗരസഭയിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വെൽഫെയർ പാർട്ടിയുമായി പരസ്യ സഖ്യം ഉണ്ടാക്കുകയായിരുന്നു.
എന്നാല്‍, പാർട്ടി നിലപാടിന് വിരുദ്ധമായി നിന്നവരെ സംരക്ഷിക്കുകയും കെ പി സി സി നിലപാടിനൊപ്പം നിന്നവരെ പുറത്താക്കുകയുമാണ് ചെയ്തിട്ടുള്ളതെന്നും ഐ ഗ്രൂപ്പ് ആരോപിച്ചു.

കോൺഗ്രസ് പാർട്ടി ചേന്ദമംഗല്ലൂരില്‍ മത്സരിച്ചിരുന്ന മുഴുവൻ സീറ്റുകളും പ്രവർത്തകരുടെ വികാരം മാനിക്കാതെ വെൽഫെയർ പാർട്ടിക്ക് നൽകുകയും ജമാഅത്തെ ഇസ്‍ലാമിയോട് ആശയപരമായി വിയോജിപ്പുള്ള പാർട്ടി പ്രവർത്തകരെ പുറത്താക്കുകയും ചെയ്തു. വർഗീയതക്കെതിരെ നിലപാട് എടുത്ത ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരുടെയും വികാരം ഉൾക്കൊള്ളാതെ നിക്ഷിപ്ത താത്പര്യക്കാരുടെ സമ്മർദങ്ങൾക്ക് വഴങ്ങി ഡി സി സി നേതൃത്വം എടുത്ത തെറ്റായ സസ്‌പെൻഷൻ നടപടി പിൻവലിക്കണമെന്നും ഐ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു.
കെ പി സി സി സർക്കുലർ പ്രകാരം ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തിയ ബൂത്ത് കമ്മിറ്റികളെ അംഗീകരിക്കാൻ മണ്ഡലം കമ്മിറ്റി ഇതുവരെ തയ്യാറായിട്ടില്ല. നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും യാതൊരു തീരുമാനവും എടുക്കാതെ നീട്ടിക്കൊണ്ടു പോകുകയാണ്.

യോഗം പോലും ചേരാതെ ജനാധിപത്യവിരുദ്ധ നീക്കത്തിലൂടെയുണ്ടാക്കിയ കമ്മിറ്റികളെ അംഗീകരിക്കാനുള്ള മണ്ഡലം കമ്മിറ്റിയുടെ നീക്കം സാധാരണ പ്രവർത്തകരോടുള്ള വെല്ലുവിളിയാണ്. ഐ ഗ്രൂപ്പ് പ്രവർത്തകരുടെ പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിവിധ സന്ദർഭങ്ങളിൽ പാർട്ടി അഞ്ച് കമ്മീഷനുകൾ അന്വേഷണത്തിനായി നിയോയോഗിച്ച് എല്ലാ കമ്മീഷനുകളും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഒരു റിപ്പോർട്ടിലും തുടർ നടപടികൾ കൈക്കൊള്ളാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഡി സി സി നേതൃത്വം എടുത്തുവരുന്നതെന്നും പ്രവർത്തകർ ആരോപിക്കുന്നു.

കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദ്ദീഖ്, ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ, എം കെ രാഘവൻ എം പി എന്നിവരുടെ സാന്നിധ്യത്തിലെടുത്ത തീരുമാനങ്ങൾ ലംഘിച്ചവർക്കെതിരെ നടപടിയെടുക്കാനോ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ഈ ആവശ്യവുമായി എം പിയെ സമീപിച്ചപ്പോൾ അപമാനിക്കുന്ന തരത്തിലാണ് പെരുമാറിയതെന്നും ഐ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു. നീക്കം ചെയ്ത മുക്കം മണ്ഡലം കമ്മിറ്റി പുനഃസ്ഥാപിക്കുക, അകാരണമായി സസ്‌പെൻഡ് ചെയ്തവരെ തിരിച്ചെടുക്കുക, കെ പി സി സി ഭാരവാഹികൾ എഴുതി ഒപ്പിട്ട കരാർ നടപ്പാക്കുക, കമ്മീഷനുകൾ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ തുടർ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഐ ഗ്രൂപ്പ് നേതാക്കൾ ഉന്നയിച്ചു.
ഇത് സൂചനാ സമരമാണെന്നും നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു.

വർഷങ്ങളായി മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ നടന്നുകൊണ്ടിരിക്കുന്ന വിഭാഗീയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായിരിക്കുന്നു എന്നതിന്റെ സൂചനകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കിൽ മണ്ഡലത്തിലെ പ്രവർത്തനങ്ങളെയും അത് സാരമായി ബാധിക്കും.

ഏഴ് പേർക്കെതിരെ നടപടി
കോഴിക്കോട് ഡി സി സി ഓഫീസിന് മുന്നിൽ സമരം നടത്തിയ സംഭവത്തിൽ ഏഴ് കോൺഗ്രസ് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്. മുക്കം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ചന്ദ്രൻ കപ്പിയേടത്ത്, ഷീല നെല്ലിക്കൽ, ഇ കെ ശാഹുൽ ഹമീദ്, പി ടി ബാലകൃഷ്ണൻ, മണ്ഡലം സെക്രട്ടറിമാരായ രാജു കുന്നത്ത്, കെ വി രവീന്ദ്രനാഥ്, മണ്ഡലം വൈസ് പ്രസിഡന്റ് വിശ്വൻ എടക്കണ്ടി എന്നിവർക്കാണ് ഡി സി സി പ്രസിഡന്റ് യു രാജീവൻ നോട്ടീസ് അയച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് കെ പി സി സി നിർദേശ പ്രകാരമുള്ള നടപടി സ്വീകരിക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് കത്തിൽ പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് 80 ഓളം കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കോഴിക്കോട് ഡി സി സി ഓഫീസിലെത്തിയത്.

തുടർന്ന് ഡി സി സി പ്രസിഡന്റിനെ ബന്ധപ്പെട്ടെങ്കിലും സ്ഥലത്തില്ലെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഓഫീസിൽ യോഗം ചേർന്ന ശേഷം ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

---- facebook comment plugin here -----

Latest