യമനിലെ കുട്ടികളോടെന്ത് പറയും?

അറബ് വസന്തമെന്ന് കൊണ്ടാടപ്പെട്ട പ്രക്ഷോഭ പരമ്പരകൾ അരങ്ങേറിയ ഇടങ്ങളിലെല്ലാം അരാജകത്വമാണ് സംഭവിച്ചത്. പാശ്ചാത്യ രാഷ്ട്രീയ ബോധത്തിൽ നിന്നാണ് പ്രത്യേക നേതൃത്വമോ ഭാവി പദ്ധതിയോ ഇല്ലാതെ ഇത്തരം പ്രക്ഷോഭങ്ങൾ തുടക്കം കുറിച്ചത്.
Posted on: March 7, 2021 8:13 am | Last updated: March 7, 2021 at 8:13 am

ലോകത്തെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി അനുഭവിക്കുന്ന രാജ്യമാണിന്ന് യമൻ. മഹത്തായ പാരമ്പര്യമുള്ള നാട്. ഏറ്റവും പഴക്കമേറിയതും സജീവമായതുമായ തുറമുഖം അദ്ൻ ഇവിടെയാണ്. വ്യാപാര വ്യാപനത്തിന്റെ ദീർഘ ചരിത്രമുണ്ട് ഈ നാടിന്. പ്രകൃതി സമ്പത്ത് എമ്പാടുമുണ്ട്. എന്നിട്ടും, യു എന്നടക്കമുള്ള ഏജൻസികളുടെ സഹായത്തിനായി കൈനീട്ടി നിൽക്കുന്ന കുഞ്ഞുങ്ങളുടെ നാടായി യമൻ മാറിയതെങ്ങനെയാണ്? വൻ ശക്തികളുടെ സ്വാർഥതാത്പര്യങ്ങളും പക്ഷം പിടിച്ചും പ്രീണിപ്പിച്ചും അവർ പൊലിപ്പിച്ചു നിർത്തുന്ന വംശീയ വികാരവും വീണ്ടു വിചാരമില്ലാത്ത ജനാധിപത്യ പ്രക്ഷോഭങ്ങളും യമനെ പരാജിതമാക്കിയെന്ന് ഒറ്റവാചകത്തിൽ പറയാം.

ഏഴ് വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന് ഒരു ശമനവുമില്ല. ഇറാന്റെ പിന്തുണയുള്ള ശിയാ ഗ്രൂപ്പായ ഹൂതികൾ വിതക്കുന്ന അക്രമമാണ് പ്രശ്‌നത്തിന്റെ അടിസ്ഥാന ഹേതു. രാജ്യത്തിന്റെ വടക്കൻ മേഖല മുഴുവൻ അവരുടെ നിയന്ത്രണത്തിലാണ്. അന്താരാഷ്ട്ര പിന്തുണയുള്ള സർക്കാറുണ്ട്. ഉണ്ടെന്നേയുള്ളൂ. തെക്കൻ മേഖലയിലെ ഏതാനും ഇടങ്ങളിൽ മാത്രമേ സർക്കാറിന് നിയന്ത്രണമുള്ളൂ. പുതുതായി ഉയർന്നു വന്ന വിമത ഗ്രൂപ്പായ സതേൺ ട്രാൻസിഷനൽ കൗൺസിൽ മൻസൂർ ഹാദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന് തെക്കൻ മേഖലയിലെ സ്വാധീനവും കുറച്ചു കളഞ്ഞിരിക്കുന്നു. അൽ ഖാഇദ, ഐ എസ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾ വേറെയും. എല്ലാവരും പരസ്പരം പോരടിക്കുന്നു. എല്ലാവർക്കും എവിടെ നിന്നൊക്കെയോ ആയുധങ്ങൾ ലഭിക്കുന്നു. വിമതരെ അമർച്ച ചെയ്ത് യമനിൽ സുസ്ഥിര ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ 2015ൽ സഊദിയുടെ നേതൃത്വത്തിൽ തുടങ്ങിയ സംയുക്ത സൈനിക നീക്കം ഒന്നും നേടിയിട്ടില്ല. ഇന്നും സഊദി കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തുന്നു. സഊദി സഖ്യം നടത്തുന്ന തിരിച്ചടികൾ യമനിലെ മനുഷ്യരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു. മറ്റു വഴികളില്ലാതെ, അന്താരാഷ്ട്ര പഴി കേട്ടിട്ടും സഊദി സൈനിക ദൗത്യം തുടരുന്നു. യമനിലെ 35 ശതമാനം അടിസ്ഥാന സൗകര്യങ്ങളും തകർന്നടിഞ്ഞു കഴിഞ്ഞു. ആശുപത്രികൾ, സ്‌കൂളുകൾ, റോഡുകൾ, പാലങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, പാടങ്ങൾ എല്ലാം നശിച്ചു പോയി. 80 ശതമാനം യമനികളും അന്താരാഷ്ട്ര ഏജൻസികളുടെ സഹായം സ്വീകരിക്കുന്നുണ്ടെന്നാണ് കൗൺസിൽ ഓൺ ഫോറീൻ റിലേഷൻസ് പറയുന്ന കണക്ക്. ഇതിൽ പർവതീകരണം ഉണ്ടാകാം.
കൊവിഡ് മഹാമാരി പടർന്നു പിടിച്ചതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ധനസഹായം പകുതിയായി കുറഞ്ഞുവെന്നാണ് യു എൻ റിലീഫ് ഏജൻസി വ്യക്തമാക്കുന്നത്. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് തൊട്ടു മുമ്പ് ഹൂതികളെ ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തിയതോടെ വടക്കൻ മേഖലയിലേക്കുള്ള സഹായം നിലച്ചു. സഊദിയും യു എ ഇയുമൊക്കെ ഇതേ വഴിയിലൂടെ നീങ്ങിയപ്പോൾ ഈ മേഖല സമ്പൂർണ ദുരിതത്തിലായി. സഹായവുമായി എത്തിയ കപ്പലുകൾ വരെ ഹൂതി വിമതർ ആക്രമിക്കുന്ന സ്ഥിതിയുമുണ്ടായി. തലസ്ഥാനമായ സൻആയും പ്രധാന തുറമുഖമായ ഹുദീദയുമൊക്കെ വടക്കൻ മേഖലയിലാണെന്നോർക്കണം. പോഷകാഹാര കുറവ് അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ് യമന്റെ പ്രതീകമായി ഇന്ന് മാധ്യമങ്ങളിൽ നിറയുന്നത്. അഞ്ചിൽ ഒരു കുഞ്ഞ് പോഷകാഹാര കുറവ് അനുഭവിക്കുന്നുവെന്നാണ് കണക്ക്. ക്ഷാമത്തിന്റെ വക്കിലാണ് യമനെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകുന്നു. ക്ഷാമത്തിന്റെ മുന്നോടിയായ വിലക്കയറ്റം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. നിയമവാഴ്ചയില്ലാത്തതിനാൽ പൂഴ്ത്തിവെപ്പ് തകൃതിയാണ്.

ALSO READ  ഇത് കേരള മോചനയാത്ര

ഏറ്റുമുട്ടലിന്റെ ചരിത്രം
യമൻ എന്ന ജനപഥമായി ചരിത്രത്തിൽ അടയാളപ്പെട്ട് കിടക്കുന്ന വടക്കൻ യമൻ ദീർഘകാലം ഭരിച്ചിരുന്നത് സെയ്ദി വിഭാഗത്തിൽ പെട്ട ഇമാമുമാരായിരുന്നു. അവർ പലപ്പോഴും അവരുടെ സ്വാധീനം തെക്കൻ യമനിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിച്ചു. തുർക്കി ഭരണാധികാരികൾ അദ്ൻ കേന്ദ്രീകരിച്ച് തെക്കൻ യമന്റെ നിയന്ത്രണം കൈക്കലാക്കിയതോടെ വലിയ സംഘർഷങ്ങൾക്ക് ഇത് വഴിവെച്ചു. ഒടുവിൽ തെക്കൻ യമൻ തുർക്കിയുടെയും വടക്കൻ യമൻ ശിയാ ഭരണാധികാരികളുടെയും നിയന്ത്രണത്തിലായി. പത്തൊമ്പതാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് സാമ്രാജ്യത്വം ഈ മേഖലയിൽ കണ്ണുവെക്കാൻ തുടങ്ങി. തെക്കൻ യമനിലായിരുന്നു ബ്രിട്ടന്റെ കണ്ണ്. അതിന് പ്രധാന കാരണം അദ്ൻ തുറമുഖമായിരുന്നു. ഇന്ത്യയിലേക്ക് ലാക്കു നോക്കിയിരുന്ന സാമ്രാജ്യത്വത്തിന് ഈ തുറമുഖം അനിവാര്യമായിരുന്നു. തെക്കൻ യമൻ ബ്രിട്ടീഷുകാർ കൈക്കലാക്കുന്നതാണ് പിന്നീട് കണ്ടത്. ഇത് അംഗീകരിക്കാൻ സെയ്ദി ഭരണാധികാരിയായ യഹിയ ഹമീദുദ്ദീൻ ഒരുക്കമായിരുന്നില്ല. ഇത് ബ്രിട്ടീഷ് ശക്തികളുമായി രൂക്ഷമായ യുദ്ധത്തിൽ കലാശിച്ചു. അപ്പോഴേക്കും 1950കളിൽ വടക്കൻ യമനിലെ സെയ്ദി ഭരണകർത്താക്കൾക്കെതിരെ വൻ ആഭ്യന്തര കലാപമുണ്ടായി. ഈ കലാപത്തിൽ ഈജിപ്തും കക്ഷി ചേർന്നു. തെക്കൻ യമനിലാകട്ടെ ബ്രിട്ടീഷ് സ്വാധീനം ക്ഷയിച്ച് റഷ്യൻ സ്വാധീനം ശക്തമാകാൻ തുടങ്ങി. ഒരു ദശകക്കാലം നീണ്ടു നിന്ന ആഭ്യന്തര സംഘർഷങ്ങൾക്കൊടുവിൽ യമൻ രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി മാറി- യമൻ അറബ് റിപ്പബ്ലിക്കും(വടക്ക്) പീപ്പിൾസ് റിപ്പബ്ലിക് ഓഫ് യമനും(തെക്ക്). ഇതിൽ തെക്കൻ ഭാഗത്തിന്റെ ഭരണം സോവിയറ്റ് നിയന്ത്രണത്തിലായിരുന്നു. വടക്കൻ വിഭാഗത്തിന്റെ ഭരണത്തലവനായി അലി അബ്ദുല്ല സ്വലാഹ് അധികാരത്തിൽ വരുന്നത് 1978ലാണ്. 1990ൽ തെക്ക് വടക്ക് യമനെ ഏകീകരിക്കുന്നതിൽ സ്വലാഹ് വിജയിച്ചു. 33 വർഷം അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു യമൻ. അറബ് വിപ്ലവമെന്നോ മുല്ലപ്പൂ വിപ്ലവമെന്നോ ഒക്കെ വിളിക്കപ്പെട്ട പ്രക്ഷോഭ പരമ്പരകൾക്കിടെ 2011ലാണ് സ്വലാഹ് സ്ഥാന ഭ്രഷ്ടനാകുന്നത്.

സുഗന്ധമില്ലാത്ത മുല്ലപ്പൂ
ഇന്ന് യമൻ എത്തിപ്പെട്ട പ്രതിസന്ധിയുടെ വേരാഴ്ന്നു കിടക്കുന്നത് അറബ് ദേശീയതയുടെ ഉയിർത്തെഴുന്നേൽപ്പെന്ന് പാശ്ചാത്യർ കൊണ്ടാടിയ പ്രക്ഷോഭ പരമ്പരയിൽ ആയിരുന്നുവെന്നതാണ് യാഥാർഥ്യം. തെക്ക്- വടക്ക് യമനെ ഏകീകരിച്ച ഭരണാധികാരിയാണ് സ്വലാഹ്. അദ്ദേഹവും ശിയാ സെയ്ദി വിഭാഗത്തിൽ പെട്ടയാളാണ്. ഹൂതികളും അത് തന്നെ. അധികാര തർക്കത്തിന്റെ നൈരന്തര്യത്തിൽ വികസനം മുരടിച്ചു പോയ യമനിൽ രൂപപ്പെട്ടു വന്ന പുതിയ ജനാധിപത്യ അവബോധങ്ങൾ ദീർഘകാലമായി അധികാരത്തിലിരുന്ന സ്വലാഹിനെ ലക്ഷ്യം വെച്ചത് സ്വാഭാവികം. വംശീയ യാഥാർഥ്യങ്ങൾക്കപ്പുറത്തുള്ള രോഷമായിരുന്നു അത്. പിന്നീട് സ്വലാഹിന്റെ പക്ഷത്ത് നിന്ന ഹൂതികൾ അന്ന് പ്രക്ഷോഭത്തിന്റെ മുൻ നിരയിലായിരുന്നു. വടക്കൻ യമനിലെ കൂടുതൽ മേഖലകളിൽ ഹൂതികൾ വൻ ജനസ്വാധീനമുറപ്പിച്ചത് ഈ ഘട്ടത്തിലായിരുന്നു. ഒടുവിൽ സാങ്കേതികമായി ഒന്നായിരിക്കുമ്പോഴും യമൻ രണ്ടായി പിളർന്നു. ഹൂതികൾ സ്വാധീനമുറപ്പിച്ച വടക്കൻ യമൻ. മൻസൂർ ഹാദിയുടെ നേതൃത്വത്തിൽ തെക്കൻ യമൻ. ഇപ്പോൾ തെക്കൻ യമനിൽ പുതിയ വിമത ഗ്രൂപ്പ്. രാജ്യം പലതായി വിഭജിക്കപ്പെട്ടിരിക്കുന്നു. അലി അബ്ദുല്ല സ്വലാഹ് ശരിയായിരുന്നുവെന്നല്ല. എന്നാൽ അദ്ദേഹം സ്ഥാനഭ്രഷ്ടനാകുമ്പോൾ ശരിയായ ബദൽ രൂപപ്പെട്ടു വന്നില്ല. അറബ് വസന്തമെന്ന് കൊണ്ടാടപ്പെട്ട പ്രക്ഷോഭ പരമ്പരകൾ അരങ്ങേറിയ ഇടങ്ങളിലെല്ലാം അതാണ് സംഭവിച്ചത്. പാശ്ചാത്യ രാഷ്ട്രീയ ബോധത്തിൽ നിന്നാണ് പ്രത്യേക നേതൃത്വമോ ഭാവി പദ്ധതിയോ ഇല്ലാതെ ഇത്തരം പ്രക്ഷോഭങ്ങൾ തുടക്കം കുറിച്ചത്. അവയെ മഹത്തായ അറബ് ദേശീയ ഉണർവായി തെറ്റായി ആഘോഷിക്കപ്പെടുകയായിരുന്നുവെന്ന് ലിബിയയും ടുണീഷ്യയും യമനുമൊക്കെ വിളിച്ചു പറയുന്നു.

ALSO READ  നിലമൊരുങ്ങുന്നത് സംഘ്പരിവാര്‍ ‘ടൂള്‍കിറ്റി’ന്‌

എല്ലാവർക്കും അവരവരുടെ ന്യായങ്ങളുണ്ട്. ശിയാ മേധാവിത്വത്തിനായി കരുക്കൾ നീക്കുന്ന ഇറാൻ ഹൂതികളെ സഹായിക്കുന്നതിനെ “സ്വാതന്ത്ര്യ പോരാട്ടത്തിനുള്ള പിന്തുണ’യെന്നാണ് വിളിക്കുന്നത്. മേഖലയുടെ സുരക്ഷിതത്വത്തിനായി അനിവാര്യമായ ബലപ്രയോഗമാണ് നടത്തുന്നതെന്ന് സഊദി വ്യക്തമാക്കുന്നു. യമന് വേണ്ടി സംഭാവന തേടുന്ന യു എൻ ഏജൻസികൾ മറ്റൊന്നും ചെയ്യാനില്ലെന്നാണ് സമാധാനിക്കുന്നത്. എന്നാൽ ഇതൊന്നും ഈ രാജ്യത്തെ സ്വയം നിർണയത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നില്ല എന്നതാണ് വസ്തുത.
യമനിൽ ഒരിക്കൽ കൂടി കളി തന്ത്രങ്ങൾ മാറ്റിയിരിക്കുന്നു അമേരിക്ക. ഹൂതി വിമതരെ തകർക്കാനായി സഊദിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന സൈനിക നീക്കത്തിനുള്ള പിന്തുണ ബൈഡൻ ഭരണകൂടം അവസാനിപ്പിച്ചിരിക്കുന്നു. ഹൂതി വിമതരെ ഭീകരവാദിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിയും ബൈഡൻ റദ്ദാക്കിയിരിക്കുന്നു. യമൻ പ്രതിസന്ധിക്ക് എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ ബൈഡൻ ഭരണകൂടത്തിന്റെ ഈ പിൻവാങ്ങൽ നയം ഉപകാരപ്പെടുമോയെന്നതാണ് ചോദ്യം.