National
സിമി ബന്ധം: 20 വർഷത്തിന് ശേഷം 122 പേരും കുറ്റവിമുക്തർ

സൂറത്ത് | സിമി ബന്ധമാരോപിച്ച് 2001ൽ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത 122 പേരെ കോടതി കുറ്റവിമുക്തരാക്കി. യു എ പി എയിലെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തവർക്ക് നിരോധിത സംഘടനയായ സിമിയുമായുള്ള ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ എൻ ദാവേ വ്യക്തമാക്കി. മൊത്തം 127 പേരെയാണ് കേസിൽ ഉൾപ്പെടുത്തിയിരുന്നത്. അഞ്ച് പേർ വിചാരണാ കാലയളവിൽ മരിച്ചിരുന്നു.
സിമി പ്രവർത്തകരാണ് കുറ്റാരോപിതരെന്ന് തെളിയിക്കാനുള്ള വിശ്വാസ്യയോഗ്യവും തൃപ്തികരവുമായ ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇവർ നിയമവിരുദ്ധ പ്രവൃത്തി നടത്താനാണ് സമ്മേളിച്ചതെന്ന് തെളിയിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇവർക്കെതിരെ യു എ പി എ നിലനിൽക്കില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.
അക്കി ദേശായി, ജാഗ്രൂപ് സിംഗ് രജ്പുത്, നയന്‍ സുഖദ്വാല എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. മുഖ്താര്‍ ശൈഖ്, അബ്ദുൽ വഹാബ് ശൈഖ് എന്നിവര്‍ പ്രതികൾക്ക് വേണ്ടി ഹാജരായി. കേസ് ആദ്യം പരിഗണിച്ച സി ജെ എം കോടതി നേരത്തേ തന്നെ പ്രതികളെ കുറ്റവിമുക്തരാക്കാന്‍ ഉത്തരവിട്ടിരുന്നു.
2001 ഡിസംബർ 28നാണ് സൂറത്ത് പോലീസ് 127 പേരെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ സഗ്രാംപുരയിലെ ഹാളിൽ ഇവർ സമ്മേളിച്ചുവെന്നും സിമി പ്രവർത്തകരാണ് ഇവരെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ആസൂത്രണം ചെയ്യുകയായിരുന്നു ഇവരെന്നും പോലീസ് ആരോപിച്ചിരുന്നു. 2001 സെപ്തംബർ 27നാണ് കേന്ദ്ര സർക്കാർ സിമി നിരോധിച്ചത്.
ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു കുറ്റാരോപിതർ. തങ്ങൾക്ക് സിമിയുമായി ഒരു ബന്ധവുമില്ലെന്നും ആൾ ഇന്ത്യാ മൈനോറിറ്റി എജ്യുക്കേഷൻ ബോർഡിന് കീഴിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനാണ് അവിടെ ഒത്തു ചേർന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.