Connect with us

Articles

നീതിപീഠം കേള്‍ക്കണം, ഇരകളുടെ ഉത്കണ്ഠകള്

Published

|

Last Updated

തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി ഔറംഗാബാദ് ബഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച മൊഹിത് സുഭാഷ് ചവാന്‍ എന്ന ഇരുപത്തിമൂന്നുകാരന്റെ ഹരജി കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കുറ്റാരോപിതനെതിരെ ചുമത്തിയ കുറ്റം ബലാത്സംഗമാണ്. 2014-15 കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് കേസ്. വിധവയും അക്ഷരാഭ്യാസമില്ലാത്തവരുമായ മാതാവിന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ദീര്‍ഘ കാലം ലൈംഗികമായി ദുരുപയോഗം ചെയ്ത ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണെന്ന് വിലയിരുത്തിയാണ് കുറ്റാരോപിതന് സെഷന്‍സ് കോടതി അനുവദിച്ച ജാമ്യം ബോംബെ ഹൈക്കോടതി റദ്ദാക്കിയത്.
സമാനമായ എത്രയോ വ്യവഹാരങ്ങള്‍ നാള്‍ക്കുനാള്‍ ഭരണഘടനാ കോടതികളിലടക്കം എത്തുന്നുണ്ടല്ലോ എന്ന സാമാന്യമായ ആലോചനാ പരിസരത്തെ പോലും അസ്ഥാനത്താക്കുന്ന ഉദാസീനതയും നിര്‍വികാരതയും കഴിഞ്ഞ ദിവസം ഈ വ്യവഹാര ഹരജി പരിഗണിച്ചപ്പോള്‍ പരമോന്നത നീതിപീഠത്തെ തന്നെ പിടികൂടിയിട്ടുണ്ട് എന്ന യാഥാര്‍ഥ്യം കാണാതിരുന്നു കൂടാ. കേസിന്റെ വിശദാംശങ്ങളറിയുന്ന ചീഫ് ജസ്റ്റിസ് പ്രതിയോട് നിങ്ങള്‍ അവളെ വിവാഹം ചെയ്യാന്‍ സന്നദ്ധനാണോ എന്ന ചോദ്യമുന്നയിച്ചതിന് പിന്നിലെ ചേതോവികാരം പൂര്‍ണമായും നീതി ബോധത്തില്‍ നിന്ന് ഉയര്‍ന്നു വന്നതാണെന്ന് കരുതാന്‍ നിര്‍വാഹമില്ല.

ആണധികാരത്തിന്റെ അധീശത്വ മനോഭാവവും കീഴ്‌പ്പെടുത്തലിന്റെ മൃഗീയതയും മേളിച്ച ഒരു കുറ്റകൃത്യത്തെ വേണ്ട ഗൗരവത്തോടെ പരിഗണിക്കാതിരിക്കുമ്പോള്‍ തന്നെ അത് നീതിന്യായ കാഴ്ചപ്പാടുകളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ്. ഇരയെ അവഹേളിക്കുക കൂടി ചെയ്യുമ്പോള്‍ അവളുടെ വേദനകളെ വനരോദനങ്ങളാക്കുമാറുച്ചത്തില്‍ ഗര്‍ജിക്കുന്ന വേട്ടക്കാരന്റെ ശബ്ദമാണ് മുഴങ്ങിക്കേള്‍ക്കുന്നത്.

ഇരയെ വിവാഹം ചെയ്യാന്‍ പ്രതി തയ്യാറാണോ എന്ന കോടതി നിര്‍ദേശത്തിന്‍മേല്‍ തീരുമാനമെടുക്കാന്‍ കേസ് നീട്ടുകയായിരുന്നു. അങ്ങനെ മാര്‍ച്ച് ഒന്നിന് ഹരജി വീണ്ടും പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചിന് മുമ്പില്‍ കുറ്റാരോപിതന്‍ മറ്റൊരാളെ വിവാഹം ചെയ്തതിനാല്‍ ഇരയെ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്ന മറുപടി അഭിഭാഷകന്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ഹരജി തള്ളിയ ബഞ്ച് കുറ്റാരോപിതന് നാലാഴ്ചത്തേക്ക് നിയമ നടപടികളില്‍ നിന്ന് സംരക്ഷണം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും സാധാരണ ജാമ്യം തേടാന്‍ അനുവദിക്കുകയും ചെയ്യുകയാണുണ്ടായത്.
ബലാത്സംഗ കുറ്റാരോപിതന് ഇരയെ വിവാഹം ചെയ്തുകൊടുക്കുന്ന സാധ്യതയെ പരിഹാര മാര്‍ഗങ്ങളിലൊന്നായി കരുതിയാല്‍ പോലും അവിടെ മേല്‍ക്കൈ നേടേണ്ടത് ഇരയായ പെണ്‍കുട്ടിയുടെ താത്പര്യമാണ്. വിവാഹം ചെയ്യേണ്ടത് കുറ്റാരോപിതനായ പുരുഷനാണ്. എന്നാലും ആദ്യം ഇരയുടെ ഹിതമറിയാതെ കുറ്റാരോപിതനോട് വിവാഹം ചെയ്യാന്‍ തയ്യാറാണോ എന്നാരായുമ്പോള്‍ ഇരയെ വേട്ടക്കാരന്റെ കൈയിലേല്‍പ്പിക്കുന്ന മാനസികാവസ്ഥയിലല്ല ആ പെണ്‍കുട്ടി എന്നാര് കണ്ടു. അതിന് രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ കാര്‍മികത്വം വഹിക്കുന്നു എന്ന് വരുമ്പോള്‍ അക്ഷന്തവ്യമായ വീഴ്ചയാണ് ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കിയ ബഞ്ചിന് പിണഞ്ഞത് എന്ന് പറയേണ്ടി വരും.

ബലാത്സംഗം ഉള്‍പ്പെടെ സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റകൃത്യങ്ങളുടെ മനഃശാസ്ത്രത്തിന് വിഭിന്ന മാനങ്ങളുണ്ട്. ഒരു കുറ്റകൃത്യം എന്നതിനപ്പുറം ഇരയുടെ സ്ത്രീത്വത്തിന് നേരേയുള്ള, സമഗ്രാധിപത്യത്തിന്റെ ബാഹ്യ പ്രകടനമാണത്. ഇരയുടെ വ്യക്തിത്വത്തോടുള്ള അങ്ങേയറ്റത്തെ അവഹേളനവുമാണ്. അതിനാല്‍ അത്തരം നിയമ വ്യവഹാരങ്ങള്‍ അവധാനതയോടെയാണ് നീതിപീഠങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഭരണഘടനാ കോടതികളില്‍ നിന്നടക്കം പലപ്പോഴും നിസ്സംഗമായ സമീപനമാണുണ്ടാകുന്നത്. ഒരു മാസം മുമ്പ് ബോംബെ ഹൈക്കോടതിയിലെ ഒരു ന്യായാധിപയുടെ വിധിതീര്‍പ്പ് അവ്വിധം ഏറെ കുതൂഹുലങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
2016 ഡിസംബറില്‍ പീഡിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ച പന്ത്രണ്ടുവയസ്സുകാരിയുടെ സംഭവത്തിലാണ് അശേഷം നീതിബോധമില്ലാത്തതും നിയമ വ്യാഖ്യാനങ്ങളുടെ വിപരീത ദിശയില്‍ സഞ്ചരിക്കുന്നതുമായ നിരീക്ഷണം ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ ഗനെഡിവാല നടത്തിയത്. വിവാദമായപ്പോള്‍ പ്രസ്തുത വിധി സുപ്രീം കോടതി സ്റ്റേ ചെയ്യുകയുണ്ടായി.
പെണ്‍കുട്ടിയെ പേരക്ക തരാമെന്ന് പ്രലോഭിപ്പിച്ച് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ അയല്‍വാസി മാറിടത്തില്‍ സ്പര്‍ശിക്കുകയും സല്‍വാര്‍ അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. നിയമ കേന്ദ്രങ്ങളെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനമാണ് കേസ് കേട്ട ന്യായാധിപ നടത്തിയത്. ആരോപിക്കപ്പെട്ട പ്രവൃത്തിയില്‍ ശരീര ചര്‍മത്തില്‍ നേരിട്ട് സ്പര്‍ശനം നടന്നിട്ടില്ലാത്തതിനാല്‍ അത് ലൈംഗികാതിക്രമമല്ലെന്ന തീര്‍പ്പാണ് വനിതാ ജഡ്ജി നടത്തിയത്. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കമായിരുന്നു അത്.
നീതി നടപ്പാക്കിയാല്‍ മാത്രം മതിയാകില്ല. മറിച്ച് പ്രകടമായും അസന്ദിഗ്ധമായും നീതി നടപ്പായെന്ന് ബോധ്യമാകണം എന്നത് ഏറെ പ്രചാരത്തിലുള്ള നീതിവാക്യമാണ്. നമ്മുടെ കോടതികള്‍ പലപ്പോഴും എടുത്തുദ്ധരിക്കാറുള്ള ഈ നിയമ കാഴ്ചപ്പാടിന്റെ സത്തയും സമീപ കാലത്തെ പല നീതിന്യായ വ്യവഹാരങ്ങളിലെ നീതിപീഠ ഇടപെടലുകളും ഇരു ധ്രുവങ്ങളിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ പ്രശ്‌നവത്കരിക്കപ്പെട്ട രണ്ട് വ്യവഹാരങ്ങളിലും ഇരകള്‍ക്ക് നീതി ലഭിച്ചെന്നോ അത് നിരാക്ഷേപം ലഭിക്കാന്‍ ഇടയാകുന്ന വിധത്തിലാണ് നീതിപീഠങ്ങളുടെ പോക്കെന്നോ ആര്‍ക്കും കരുതാനാകുന്നില്ലെങ്കില്‍ നീതിന്യായ വ്യവസ്ഥയില്‍ ചില പുനരാലോചനകള്‍ക്ക് സമയമായി എന്നാണര്‍ഥം. ഭരണഘടനയോടും തതടിസ്ഥാനത്തില്‍ നീതി ഉറപ്പാക്കുന്ന നിയമ സംഹിതകളോടും കൂറ് പുലര്‍ത്താന്‍ കഴിയാത്ത വിധം പ്രതിലോമകരമായി ചിന്തിക്കുന്ന ന്യായാധിപര്‍ നീതിപീഠത്തെ നിയന്ത്രിക്കാത്ത കാലത്തു മാത്രമേ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുകയുള്ളൂ.

ഒരു വശത്ത് രാജ്യത്തിന്റെ ഭരണഘടനാധിഷ്ഠിത പൊതു താത്പര്യങ്ങളെ നിരാകരിക്കുന്നതും മറുഭാഗത്ത് നീതിതേടി അഭയം തേടുന്നവരെ നിരാശപ്പെടുത്തുന്നതുമായ സമീപനം പലപ്പോഴായി പുലര്‍ത്തുന്ന നമ്മുടെ ഭരണഘടനാ കോടതികള്‍ ജനാധിപത്യ ഇന്ത്യയുടെ ഉത്കണ്ഠാജനകമായ ഭാവിയെയാണ് അടയാളപ്പെടുത്തുന്നത്. ഏകധ്രുവ കേന്ദ്രീകൃത രാഷ്ട്രത്തിനായി ശ്രമിക്കുന്നവരുടെ താത്പര്യങ്ങളെ കോടതികള്‍ സംരക്ഷിക്കാനിറങ്ങുന്ന കാലത്ത് പീഡിതര്‍ക്ക് നീതി ലഭിക്കുന്നതായിരിക്കും വാര്‍ത്താ പ്രാധാന്യം ലഭിക്കുന്ന സംഗതിയായി മാറുക. അങ്ങനെയൊരു സ്ഥിതിവിശേഷം ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിക്കില്ലെന്ന് തീര്‍ച്ചപ്പെടുത്താന്‍ നമുക്കാകുന്നില്ല.

Latest