വര്‍ഗീയ കലാപങ്ങളിലെ പോലീസ് വേഷങ്ങൾ

നിസ്സാര പ്രശ്‌നങ്ങള്‍ പോലും തീര്‍ത്തും വര്‍ഗീയമായ ലക്ഷ്യസാക്ഷാത്കാരത്തിനായി വലിയ വംശഹത്യകളാക്കി മാറ്റുന്നതില്‍, അധികാരത്തിന്റെ താക്കോല്‍ കൈയിലില്ലാതെ തന്നെ ആര്‍ എസ് എസിനും സഹോദര സംഘടനകള്‍ക്കും എങ്ങനെ സാധിച്ചു എന്നത് മറുപടിയാവശ്യമുള്ള ചോദ്യമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്ന വംശഹത്യകള്‍ അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനുകളും അന്വേഷണ ഉദ്യോഗസ്ഥരും ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നേരത്തേ പറഞ്ഞുവെച്ചിട്ടുണ്ട്
Posted on: March 3, 2021 4:02 am | Last updated: March 3, 2021 at 12:58 am

ഡല്‍ഹി വംശഹത്യക്ക് ശേഷമുള്ള ഒരു വര്‍ഷം ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് അത്രമേല്‍ സാധാരണമായിരുന്നില്ല. പ്രതികള്‍ക്ക് ശിക്ഷയും ഇരകള്‍ക്ക് നീതിയും ലഭ്യമാക്കേണ്ട ഭരണകൂടം പക്ഷേ, കലാപ കാലത്തെന്ന പോലെ കലാപാനന്തരവും നിസ്സംഗരായിരുന്നു എന്നത് മാത്രമല്ല, കലാപം തലസ്ഥാനത്തെയും പരിസരത്തെയും മുസ്‌ലിം ജീവിതത്തെ എത്രമാത്രം സങ്കീര്‍ണതകളിലേക്ക് കൊണ്ടുപോയി എന്നതാണ് ഗൗരവം നിറഞ്ഞത്. സമ്പൂര്‍ണമായും കലാപകാരികള്‍ക്കൊപ്പം അഴിഞ്ഞാടിയവരാണ് മോദിയുടെ പോലീസ്. എങ്കില്‍ പോലും ഈ വാര്‍ത്തയൊന്നും ഇപ്പോഴും നമ്മെയൊട്ടും അതിശയപ്പെടുത്താതിരിക്കാന്‍ പുതിയ ഇന്ത്യനവസ്ഥയില്‍ നമുക്ക് പല കാരണങ്ങളുമുണ്ട്. അത് കലാപങ്ങളുടെ ചരിത്രവുമായും സ്വഭാവവുമായും ഇഴപിരിയാനാകാത്ത വിധം ബന്ധപ്പെട്ടുകിടക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സംഘ്പരിവാര്‍ ഭീകരര്‍ നടത്തിയ കലാപങ്ങള്‍ക്ക് കൈയും കണക്കുമില്ല. വംശഹത്യാ സ്വഭാവം പുലര്‍ത്തുന്ന കൂട്ടക്കൊലകള്‍ എന്നതാണ് കലാപങ്ങള്‍ എന്നതിനേക്കാള്‍ സത്യസന്ധമായ പദപ്രയോഗം. നിസ്സാര പ്രശ്‌നങ്ങള്‍ പോലും തീര്‍ത്തും വര്‍ഗീയമായ ലക്ഷ്യസാക്ഷാത്കാരത്തിനായി വലിയ വംശഹത്യകളാക്കി മാറ്റുന്നതില്‍, അധികാരത്തിന്റെ താക്കോല്‍ കൈയിലില്ലാതെ തന്നെ ആര്‍ എസ് എസിനും സഹോദര സംഘടനകള്‍ക്കും എങ്ങനെ സാധിച്ചു എന്നത് മറുപടിയാവശ്യമുള്ള ചോദ്യമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നടന്ന വംശഹത്യകള്‍ അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനുകളും അന്വേഷണ ഉദ്യോഗസ്ഥരും ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നേരത്തേ പറഞ്ഞുവെച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെയും പോലീസിന്റെയും പ്രത്യക്ഷമോ പരോക്ഷമോ ആയ പിന്തുണ കലാപങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിരുന്നുവെന്നാണ് അവര്‍ ആധികാരിക രേഖകള്‍ വെച്ച് പുറത്ത് കൊണ്ടുവന്നത്. പലയിടത്തും പോലീസ് തന്നെയായിരുന്നു ഇത്തരം കൂട്ടക്കൊലകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മറ്റു പല കലാപങ്ങളിലും പോലീസ് മറക്ക് പുറകിലിരുന്നാണ് വര്‍ഗീയവാദികള്‍ക്ക് ശക്തിപകര്‍ന്നത്. കലാപകാരികളെ അറസ്റ്റ് ചെയ്യുന്നിടത്തും ശിക്ഷിക്കുന്നിടത്തും ഈ കുറ്റകരമായ ഏകപക്ഷീയത പോലീസ് തുടര്‍ന്നു പോന്നു. വംശീയ കലാപങ്ങള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വളക്കൂറുള്ള മണ്ണാണ് മഹാരാഷ്ട്രയും ഉത്തര്‍ പ്രദേശും. ഹിന്ദു ഭീകരവാദികളെ പോലീസെന്നും പോലീസിനെ ഹിന്ദു ഭീകരവാദികളെന്നും വിളിച്ചാല്‍ തെറ്റില്ലാത്ത യു പിയില്‍ നിന്നാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ വംശഹത്യകളുടെ വംശാവലിയാരംഭിക്കുന്നത്. ബാല്‍ താക്കറെയുടെ ശിവസേനക്കൊപ്പം ചേര്‍ന്ന് ഹിന്ദുത്വ മഹാരാഷ്ട്രയിലും ഉന്മൂലന സിദ്ധാന്തം അപകടകരമാം വിധം പ്രയോഗിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ പോലീസ് തീര്‍ത്തും കലാപകാരികള്‍ക്കൊപ്പമായിരുന്നുവെന്ന് കലാപങ്ങളുടെ കണക്ക് പുസ്തകങ്ങള്‍ പറയുന്നു.

പി എ സി
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയവത്കരിക്കപ്പെട്ട നിയമപാലന സംവിധാനം ഉത്തര്‍ പ്രദേശിലേതാണ്. പി എ സി എന്നാണ് ഉത്തര്‍ പ്രദേശ് പോലീസ് അറിയപ്പെടുന്നത്. യു പിയില്‍ നടന്ന എല്ലാ കലാപങ്ങളിലും ഈ കാക്കി വസ്ത്രധാരികള്‍ പ്രത്യക്ഷമായ മുസ്‌ലിം വിരുദ്ധ നിലപാട് സ്വീകരിക്കുകയും ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിട്ടുണ്ട്. പി എ സി ഒരു സമ്പൂര്‍ണ സംഘ് ശാഖയാക്കുന്നതിനായി മാറിമാറി വന്ന സര്‍ക്കാറുകള്‍ ഉത്തരവുകളും രഹസ്യ സര്‍ക്കുലറുകളും പുറപ്പെടുവിച്ചതായി രേഖകള്‍ പറയുന്നു. 1950കളുടെ അവസാനം ഗോവിന്ദ വല്ലഭ് പന്ത് യു പി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മുസ്‌ലിംകളെ പോലീസിലേക്ക് റിക്രൂട്ട് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തി കൊണ്ടുള്ള ഉത്തരവിറക്കിയതായി അക്കാലത്തെ ഐ പി എസ് ഉദ്യോഗസ്ഥരില്‍ പ്രമുഖനായ കേകി ദാരുവാലി പറയുന്നു. പോലീസിലെ ലോക്കല്‍ ഇന്റലിജന്‍സ് യൂനിറ്റുകളില്‍ 1950ല്‍ ഒറ്റ മുസ്‌ലിം പോലും ഇല്ലായിരുന്നുവെന്നതും ഗൗരവമുള്ളതാണ്. കേന്ദ്രത്തില്‍ സര്‍ദാര്‍ വല്ലഭ്് ഭായ് പട്ടേല്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് യു പി സര്‍ക്കാറിന് വന്ന ഒരു ഉത്തരവ് മുസ്‌ലിം ജനസംഖ്യാ ശതമാനത്തിന് ആനുപാതികമായി മുസ്‌ലിം ഉദ്യോഗസ്ഥരുടെ എണ്ണം കുറയുന്നത് വരെ പോലീസില്‍ മുസ്‌ലിം നിയമനം നിര്‍ത്തിവെക്കണമെന്നായിരുന്നു. വളരെ ആസൂത്രിതമായും രഹസ്യ സര്‍ക്കുലര്‍ ഉപയോഗപ്പെടുത്തിയും പി എ സി സമ്പൂര്‍ണമായും വര്‍ഗീയവത്കരിക്കപ്പെടുന്നതാണ് നാം കാണുന്നത്. യു പിയില്‍ സ്വാതന്ത്ര്യത്തിനു ശേഷം നടന്ന കലാപങ്ങളില്‍ കൃത്യമായി അത് പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്.
1950ലെ മുറാദാബാദ് കലാപം അന്വേഷിച്ച കമ്മീഷനുകളെല്ലാം വിരല്‍ചൂണ്ടിയത് കലാപം അവസാനിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട പി എ സി നടത്തിയ ഭരണകൂട ഭീകരതയിലേക്കാണ്. ആര്‍ എസ് എസിന്റെ പക്ഷം ചേര്‍ന്ന് മുസ്‌ലിംകളെ കൊല്ലുന്നതിനും കൊള്ളയടിക്കുന്നതിനും പോലീസായിരുന്നു മുന്നില്‍ നിന്നത്. ഔദ്യോഗിക കണക്കനുസരിച്ച് കലാപത്തില്‍ 15,00നും 20,00നും ഇടക്ക് മരണം നടന്നിട്ടുണ്ട്. ഈദ് ഗാഹിലേക്ക് കടന്ന ഒരു പന്നിയെ പുറത്തേക്ക് ഓടിക്കണമെന്ന വിശ്വാസികളുടെ ആവശ്യത്തെ ഒരു പോലീസുകാരന്‍ നിരാകരിച്ചതാണ് കലാപത്തിന്റെ കാരണം തന്നെ. പി എ സിയുടെ ക്രൂരതക്കെതിരെ ദേശീയ മാധ്യമങ്ങള്‍ പോലും രംഗത്തുവന്ന കലാപമായിരുന്നു 1987 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന മീററ്റ് കലാപം. മുസ്‌ലിംകള്‍ ചേര്‍ന്ന ഒരു പൊതുയോഗത്തില്‍ ആസൂത്രിതമായി പ്രശ്‌നം സൃഷ്ടിച്ച ഹിന്ദു വര്‍ഗീയവാദികളാണ് കലാപത്തിന്റെ കാരണക്കാര്‍. യോഗ സ്ഥലത്തേക്ക് മുസ്‌ലിംകളെ ലക്ഷ്യം വെച്ച് പോലീസ് വെടിവെച്ചത് പ്രകോപനങ്ങളില്ലാതെയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. പ്രകോപിതരായ ജനക്കൂട്ടത്തിനു നേരേ സംഘ്പരിവാര്‍ ഗുണ്ടകള്‍ക്കൊപ്പം പോലീസ് വീണ്ടും വെടിയുതിര്‍ക്കുകയും മരിച്ചവരെ തൊട്ടടുത്തുള്ള കനാലിലേക്ക് തള്ളിയിടുകയും ചെയ്തത് ഇന്ത്യയിലെ കലാപ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായങ്ങളിലൊന്നാണ്. മീററ്റ് കലാപം അന്വേഷിച്ച എന്‍ സി സക്‌സേനയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ പോലീസിന്റെ ആര്‍ എസ് എസ് അനുകൂല നിലപാടുകളെ ശക്തമായി വിമര്‍ശിച്ചിരുന്നു. പി എ സിയിലേക്ക് ഒറ്റ മുസ്‌ലിമിനെയും റിക്രൂട്ട് ചെയ്യരുതെന്ന നയമാണ് യു പി സര്‍ക്കാറിനുണ്ടായിരുന്നതെന്ന് അദ്ദേഹം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 1991ല്‍ യു പിയില്‍ നടന്ന കലാപത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലും ആര്‍ എസ് എസ് കലാപകാരികളെ നയിച്ചത് പോലീസായിരുന്നുവെന്ന് പറയുന്നുണ്ട്. പോലീസ് നിരപരാധികളായ മുസ്‌ലിം സംഘത്തിന് നേരേ നിറയൊഴിച്ച മറ്റൊരു കലാപമാണ് 1977 ഒക്ടോബറില്‍ വരാണസിയില്‍ നടന്ന വര്‍ഗീയ കലാപം. പോലീസായിരുന്നു കലാപത്തിന്റെ ഉത്തരവാദികള്‍.
രാമ ജന്മഭൂമി – ബാബരി വിഷയങ്ങള്‍ കത്തിച്ച് യു പിയില്‍ നടന്ന എല്ലാ കലാപങ്ങളിലും പി എ സി ഹിന്ദുവര്‍ഗീയവാദികള്‍ക്കൊപ്പമായിരുന്നു. 1967-1991 കാലയളവില്‍ ബനാറസില്‍ നടന്ന 12 കലാപങ്ങളിലും ഹിന്ദു വര്‍ഗീയ വാദികള്‍ക്ക് പോലീസിന്റെ പിന്തുണയുണ്ടായിരുന്നു.

ശിവസേനയുടെ പോലീസ്
ഹിന്ദുത്വ വര്‍ഗീയവാദികളുടെ മറ്റൊരു ശക്തികേന്ദ്രമാണ് മഹാരാഷ്ട്ര. നിയമ പാലന സംവിധാനത്തെ നോക്കുകുത്തിയാക്കിയോ കൂടെ നിര്‍ത്തിയോ ആണ് ബാല്‍താക്കറെയുടെ ശിവസേനയും രാഷ്ട്രീയ സ്വയം സേവക് സംഘും കലാപങ്ങള്‍ക്ക് തീപ്പകര്‍ത്തിയത്. ഹിന്ദു മഹാസഭ സ്ഥാപകനായ ബി എസ് മൂഞ്ചെ 1937ല്‍ ഫാസിസ്റ്റ് മാതൃകയില്‍ സ്ഥാപിച്ച നാസികിലെ ഗോണ്‍സാലിലെ മിലിട്ടറി സ്‌കൂളില്‍ നിന്ന് പുറത്തു വന്നവരാണ് മഹാരാഷ്ട്ര പോലീസിന്റെ താക്കോല്‍ പോസ്റ്റുകളിലധികവും. മഹാരാഷ്ട്രയില്‍ നടക്കുന്ന കലാപങ്ങളില്‍ അക്കാരണം കൊണ്ട് പോലീസ് തണല്‍ സംഘ്പരിവാറിന് തുണയാകുന്നു.
1970ല്‍ നടന്ന ഭീവണ്ടി കലാപം അന്വേഷിച്ച മദന്‍ കമ്മീഷന്‍ ആ കലാപത്തിലെ പോലീസ് പങ്കിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മുസ്‌ലിംകളും ഹിന്ദുക്കളും ഒരുമിച്ച് നടത്താറുള്ള ശിവജി ഘോഷയാത്രയില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ചതാണ് സംഘര്‍ഷ കാരണം. പോലീസാണ് അന്ന് ഭീവണ്ടിയില്‍ ഹിന്ദുക്കളോടൊപ്പം അക്രമമഴിച്ചുവിട്ടത്. 17 ഹിന്ദുക്കളും 59 മുസ്‌ലിംകളുമാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. ഈ കലാപത്തിന്റെ പ്രതികളെ കൈവിലങ്ങ് ധരിപ്പിക്കാന്‍ പോലും പോലീസിനായില്ല. 1,236 മുസ്‌ലിംകളെ അറസ്റ്റ് ചെയ്തപ്പോള്‍ 323 ഹിന്ദുക്കള്‍ മാത്രമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 1970ല്‍ നടന്ന ജല്‍ഗോവ കലാപവും ഭീവണ്ടിയുടെ മറ്റൊരു പതിപ്പായിരുന്നു. ഹിന്ദു യുവതിയെ മുസ്‌ലിംകള്‍ കൂട്ടം ചേര്‍ന്ന് അക്രമിച്ചു എന്ന കിംവദന്തിയായിരുന്നു കലാപകാരണം. കലാപം നിയന്ത്രിക്കേണ്ട പോലീസ് അന്ന് ജല്‍ഗോവ പട്ടണത്തിന്റെ പരിസരത്ത് പോലുമുണ്ടായിരുന്നില്ല. ഈ കലാപവും അന്വേഷിച്ചത് ഡി പി മദന്‍ തന്നെയായിരുന്നു. ആര്‍ എസ് എസും പോലീസും ചേര്‍ന്ന് പ്രചരിപ്പിച്ച നുണകളാണ് കലാപത്തെ ആളിക്കത്തിച്ചതെന്ന് കമ്മീഷന്‍ പറയുന്നു. ഭരണകൂടത്തിന്റെയും ഇന്റലിജന്‍സിന്റെയും നിസ്സംഗത മൂലമാണ് 1961ലെ ജബല്‍പൂര്‍ കലാപം കത്തിപ്പടര്‍ന്നത്. നിര്‍ജീവമായി കിടന്ന ഇന്റലിജന്‍സ് വിഭാഗത്തെക്കുറിച്ചുള്ള വിമര്‍ശം കലാപം അന്വേഷിച്ച ജസ്റ്റിസ് ശിവദയാല്‍ ശ്രീവാസ്തവ കമ്മീഷന്‍ നടത്തുന്നുണ്ട്. 120 പേര്‍ മരണമടഞ്ഞ 1979ലെ ബിഹാറിലെ ജംഷഡ്പൂര്‍ കലാപം പോലീസിന്റെ പ്രായം തികഞ്ഞ അനാസ്ഥ മൂലമായിരുന്നു. കലാപത്തില്‍ ബിഹാര്‍ മിലിട്ടറി പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരൊറ്റ ഹിന്ദു പോലും കൊല്ലപ്പെട്ടില്ല എന്ന് ജസ്റ്റിസ് ജിതേന്ദ്രനാരായണ്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ ഏറ്റവും ക്രൂരമായ പോലീസ് നരാധമത്വം നടന്നത് അജ്മീര്‍ കലാപത്തിലായിരുന്നു. ദര്‍ഗയില്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്ന തീര്‍ഥാടകരെ ദര്‍ഗയില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തിയത് പോലീസിന്റെ തീര്‍ത്തും ഏകപക്ഷീയമായ നിലപാടിന്റെ ഭാഗമായിരുന്നു. ദേശീയ തലത്തില്‍ അജ്മീര്‍ കലാപം വലിയ കോളിളക്കം സൃഷ്ടിച്ചു. പ്രധാനമന്ത്രി ഐ കെ ഗുജ്‌റാളിന് കലാപത്തിലെ പോലീസ് പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ നിവേദനം നല്‍കിയിരുന്നെങ്കിലും അന്വേഷണം കാര്യക്ഷമമായി നടന്നില്ല.

1990കളില്‍ എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര സമ്പൂര്‍ണമായും സംസ്ഥാന പോലീസിന്റെ കാവലോടെയായിരുന്നു. ലക്്നോവില്‍ രഥയാത്രാ കാലത്ത് വിന്യസിച്ച കേന്ദ്രസേന പോലും ഹിന്ദു വര്‍ഗീയവാദികള്‍ക്കൊപ്പം കലാപത്തില്‍ പങ്കു കൊണ്ടു. 1961ലെ ജബല്‍പൂര്‍ കലാപം, 1998ലെ ഹൈദരാബാദ് കലാപം, 1985 ലെ അഹമ്മദാബാദ് കലാപം, 1951ലെ ബീഹര്‍ ശരീഫ് കലാപം, 1983ലെ അന്‍സാരി ബാഗ് കലാപം, 1990ലെ ജയ്പൂര്‍ രഥയാത്രാ കലാപം, 1992ലെ ഭോപ്പാല്‍ കലാപം, 1995ലെ പാല്‍മേവ് കലാപം, 1999ലെ ഔറംഗാബാദ് കലാപം, 2006ലെ മംഗലാപുരം കലാപം തുടങ്ങിയ കലാപങ്ങളിലൊക്കെ പോലീസിന്റെ പ്രത്യക്ഷ സാന്നിധ്യം ഹിന്ദു വര്‍ഗീയ വാദികള്‍ക്കൊപ്പമുണ്ടായിരുന്നു എന്ന് അതത് കലാപങ്ങള്‍ അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനുകള്‍ വെളിപ്പെടുത്തിയതായി കാണാം.
ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ പോലീസിന്റെ പങ്കിനെക്കുറിച്ചും പോലീസിലെ വംശീയഘടനയെ കുറിച്ചും ഉമര്‍ ഖാലിദി (മസാചൂസറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ്‌ ടെക്‌നോളജി) തയ്യാറാക്കിയ അധികാരികമായ പഠനമാണ് “കാക്കി ആന്‍ഡ് എത്‌നിക് വയലന്‍സ് ഇന്‍ ഇന്ത്യ’.
സായുധ സേനയിലും ഇന്റലിജന്‍സിലും പോലീസിലും നടക്കുന്ന വംശീയ വിവേചനം ഈ പുസ്തകം വിചാരണ ചെയ്യുന്നു. ഐ പി എസ് സെലക്ഷന്‍ മത്സര പരീക്ഷകള്‍ നടക്കുമ്പോള്‍ ചില ഗ്രൂപ്പുകള്‍ക്ക് ലഭിക്കുന്ന മുന്‍ഗണനകളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുകൊണ്ടുവന്നത് ഖാലിദിയുടെ പുസ്തകമാണ്. മതാടിസ്ഥാനത്തില്‍ മുസ്‌ലിം പ്രാതിനിധ്യം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കുറവാണ്. 1998-2004 കാലയളവില്‍ വാജ്‌പയ് ഭരണകാലത്ത് സൈന്യത്തിലും പോലീസിലും കാതലായ വംശീയ-വര്‍ഗീയ മാറ്റം സാധ്യമായിട്ടുണ്ട്. സൈനികരെ ആര്‍ എസ് എസ് തത്വശാസ്ത്രം പഠിപ്പിക്കണമെന്ന് വരെ അക്കാലത്ത് രഹസ്യ സര്‍ക്കുലറുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
1969ലെ അഹമ്മദാബാദ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഖുഷ്വന്ത് സിംഗ് പറഞ്ഞത് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും പോലീസില്‍ കൂടുതലായി നിയമിക്കുക മാത്രമാണ് കലാപങ്ങളില്‍ പോലീസ് പക്ഷപാതിത്വം അവസാനിപ്പിക്കാനുള്ള ഏകവഴി എന്നാണ്. 1978ലെ അലിഗഢ് കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ലോക്‌സഭയില്‍ പോലീസിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
കലാപങ്ങളിലെ പോലീസിന്റെ പ്രാതിനിധ്യം ഇനിയെങ്കിലും ഗൗരവമായ ചര്‍ച്ചക്ക് വിധേയമാക്കണം. ഡല്‍ഹി കലാപാനന്തരം വര്‍ഷമൊന്ന് കഴിഞ്ഞിട്ടും കലാപത്തിന് തീ പകര്‍ന്നവര്‍ സുരക്ഷിതരായിരിക്കുന്നു. അവര്‍ക്ക് കാവലായി നിന്നവര്‍ ഇപ്പോഴും പോലീസ് വേഷമണിഞ്ഞ് നടക്കുന്നു.

ജാബിര്‍ എം കാരേപറമ്പ്