Connect with us

National

പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ പശുക്കടത്ത് ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കും: യോഗി ആദിത്യനാഥ്

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ പശുക്കടത്ത് ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശ്ചിമബംഗാളില്‍ ജയ് ശ്രീ റാം മുദ്രാവാക്യം ഉയര്‍ത്തുന്നത് അനുവദനീയമല്ലെന്ന് പറഞ്ഞ ആദിത്യനാഥ്, സംസ്ഥാനത്തെ ജനങ്ങള്‍ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന ടിഎംസി സര്‍ക്കാരിന് ഉചിതമായ മറുപടി നല്‍കുമെന്നും വ്യക്തമാക്കി. മാല്‍ഡ ജില്ലയിലെ ഗസോളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മമതാ ബാനര്‍ജി വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി സംസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാരെ അനുവദിച്ച് ദേശീയ സുരക്ഷ അപകടത്തിലാക്കിയെന്ന് യോഗി ആരോപിച്ചു. ഒരു കാലത്ത് രാജ്യത്തെ നയിച്ച പശ്ചിമ ബംഗാള്‍ ഇപ്പോള്‍ നിയമവാഴ്ചയില്ലാത്ത അവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത്. വോട്ട് ബാങ്ക് എന്ന പേരില് പ്രീണന രാഷ്ട്രീയം പശ്ചിമ ബംഗാളിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ സുരക്ഷക്ക് ഭീഷണിയാണെന്ന് യോഗി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ പ്രണയത്തിന്റെ പേരിലുള്ള മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും എന്നാല്‍ ടിഎംസി സര്‍ക്കാര്‍ അവരെ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ അത്തരം സംഭവങ്ങള്‍ തടയാന്‍ ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയിലേ മാര് ച്ച് 27 മുതല് ഏപ്രില് 29 വരെ എട്ട് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കും.