Connect with us

Editorial

പ്രതീക്ഷയേകി ദ്രാവിഡ രാഷ്ട്രീയം

Published

|

Last Updated

അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ അങ്കത്തിന് ശക്തിയേറും. കരുണാനിധിയുടെയും ജയലളിതയുടെയും വിയോഗത്തിന് ശേഷമുള്ള സുപ്രധാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി എം കെയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ലീഗും അടങ്ങിയ സഖ്യവും എ ഐ എ ഡി എം കെ- എന്‍ ഡി എ സഖ്യവും തമ്മിലാണ് മുഖ്യ പോരാട്ടം. കരുണാനിധിക്ക് ശേഷം ഡി എം കെയുടെ നിയന്ത്രണമേറ്റെടുത്ത സ്റ്റാലിന്‍ ഏതു വിധേനയും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ചിട്ടയാര്‍ന്ന പ്രവര്‍ത്തനമാണ് സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി എം കെ നടത്തിവരുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാന വ്യാപകമായി ഗ്രാമസഭകള്‍ സംഘടിപ്പിച്ച ഡി എം കെ ഇപ്പോള്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിലാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 അംഗ നിയമസഭയില്‍ 136 സീറ്റ് നേടി എ ഐ എ ഡി എം കെ സഖ്യമാണ് അധികാരത്തിലേറിയത്. ഡി എം കെക്ക് 89ഉം സഖ്യകക്ഷികളായ കോണ്‍ഗ്രസിന് എട്ടും സീറ്റുകളാണുള്ളത്. എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം മറിച്ചായിരുന്നു. ഡി എം കെ സഖ്യം 39ല്‍ 38 സീറ്റുകളും പിടിച്ചടക്കുകയും 60 ശതമാനം വോട്ടുകള്‍ കൈപിടിയിലൊതുക്കുകയും ചെയ്തു. ഇത് നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇത്തവണ ഡി എം കെ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എടപ്പാടി പളനിസ്വാമി സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍, തകരുന്ന ക്രമസമാധാനനില തുടങ്ങിയ വിഷയങ്ങളാണ് ഡി എം കെ സഖ്യം പ്രചാരണ രംഗത്ത് മുന്‍വെക്കുന്നത്. അഞ്ച് പവന്‍ വരെയുള്ള സ്വര്‍ണ വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവും ഡി എം കെയെ തുണക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ശശികലയുടെ സഹോദരന്റെ മകന്‍ ടി ടി വി ദിനകരന്‍ രൂപവത്കരിച്ച അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ (എ എം എം കെ) എല്ലാ സീറ്റുകളിലും മത്സരിക്കാനുള്ള തീരുമാനവും ഡി എം കെ സഖ്യത്തിന് ഗുണം ചെയ്യാനാണ് സാധ്യത. എ ഐ എ ഡി എം കെയുടെ വോട്ടുകളാണ് എ എം എം കെ കാര്യമായും പിടിക്കുക.

പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ് ഡി എം കെക്കു വേണ്ടി പ്രചാരണ തന്ത്രങ്ങള്‍ മെനയുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഡി എം കെയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ സുനില്‍ കെ സ്ഥാനമൊഴിഞ്ഞു. ഇതിന് ശേഷം 2020 ഫെബ്രുവരിയിലാണ് പ്രശാന്ത് കിഷോര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുമായി (ഐപാക്) ഡി എം കെ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചതായി ട്വിറ്ററിലൂടെ എം കെ സ്റ്റാലിന്‍ വെളിപ്പെടുത്തിയത്.
ദക്ഷിേണന്ത്യയില്‍ കര്‍ണാടകയിലൊഴികെ കാര്യമായ സ്വാധീനം നേടിയിട്ടില്ലാത്ത ബി ജെ പി ഇത്തവണ എ ഐ എ ഡി എം കെ-എന്‍ ഡി എ സഖ്യത്തെ അധികാരത്തിലെത്തിച്ച് സംസ്ഥാനത്ത് സ്വാധീനം നേടാനുള്ള തന്ത്രങ്ങളാണ് പയറ്റിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്ന് തവണ തമിഴ്‌നാട്ടിലെത്തുകയുണ്ടായി. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിര്‍മലാ സീതാരാമന്‍, പാര്‍ട്ടി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ തുടങ്ങി ദേശീയ നേതാക്കളും പ്രചാരണ രംഗത്തുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് രജനീകാന്ത് പിന്‍മാറിയിരിക്കെ ചെറു കക്ഷികളെ അടുപ്പിച്ച് അണ്ണാ ഡി എം കെക്ക് ഒപ്പം ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ബി ജെ പിയുടെ പ്രവര്‍ത്തനം. പരമാവധി സീറ്റുകളില്‍ വിജയിച്ച് തമിഴകത്ത് നിര്‍ണായക ശക്തിയായി വളരണമെന്ന് സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് പാര്‍ട്ടി കേന്ദ്രനേതൃത്വം. സംസ്ഥാനത്ത് നില മെച്ചപ്പെടുത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രതീക്ഷിച്ചതിലും നേരത്തേ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കെ ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത സീറ്റ് വിഭജനം ഉടനടി പൂര്‍ത്തിയാക്കി പ്രചാരണ രംഗത്ത് സജീവമാകാനുള്ള ചടുലമായ നീക്കങ്ങളാണ് ബി ജെ പി നടത്തിവരുന്നത്.
തമിഴ് ജനതക്ക് സ്വന്തം ഭാഷയോടും സംസ്‌കാരത്തോടുമുള്ള വികാരവായ്പ് നന്നായി മനസ്സിലാക്കിയ ബി ജെ പി തമിഴകത്ത് ഭാഷയുടെ ചീട്ടിറക്കിയും കളിച്ചുവരുന്നു. തമിഴ് ഭാഷ പഠിക്കാനായില്ലെന്നത് തന്റെ ദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ എക്കാലവും നിലനില്‍ക്കുന്ന ദുഃഖമാണെന്ന് ഞായറാഴ്ച മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനു പിന്നാലെ, പഴക്കമേറിയതും മധുരിതവുമായ തമിഴ് ഭാഷയില്‍ തന്റെ അണികളോട് സംസാരിക്കാന്‍ കഴിയാത്തതില്‍ വിലുപ്പുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ അമിത് ഷായും “ഖേദം” പ്രകടിപ്പിക്കുകയുണ്ടായി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള മോദി സര്‍ക്കാറിന്റെ അജന്‍ഡ നന്നായറിയാവുന്ന തമിഴ് ജനത പക്ഷേ ഈ തട്ടിപ്പില്‍ വീണുപോകാനിടയില്ല. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ ഭരണഘടന കത്തിച്ച് പ്രതിഷേധിച്ചവരാണ് തമിഴ് ജനത.
മുഖ്യമന്ത്രി എടപ്പാടിയുടെ നേതൃത്വത്തിലുള്ള ഡി എം കെ ഭരണത്തില്‍ ജനങ്ങള്‍ പൊതുവെ സംതൃപ്തരല്ലെന്നാണ് അഭിപ്രായ സര്‍വേകള്‍ കാണിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ നിലവിലെ മുഖ്യമന്ത്രിമാരുടെ ജനപ്രീതി സംബന്ധിച്ച് നടന്ന ഐ എ എന്‍ എസ്-സി വോട്ടര്‍ സര്‍വേയില്‍ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടിയുടെ പ്രകടനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയത് വെറും 16.55 ശതമാനം പേര്‍ മാത്രമാണ്. അതേസമയം കേരള മുഖ്യമന്ത്രി പിണറായിയുടെ ജനപ്രീതി 53.08 ശതമാനവും അസം മുഖ്യമന്ത്രി സര്‍ബാനന്ദയുടേത് 45.84 ശതമാനവും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേത് 44.82 ശതമാനവുമാണ്. ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നതില്‍ എ ഐ എ ഡി എം കെയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുമുണ്ട്. ബി ജെ പിക്കൊപ്പം മത്സരിച്ച കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. രണ്ട് ദിവസം മുമ്പ് പുറത്തുവന്ന എ ബി പി ന്യൂസ്‌സി വോട്ടര്‍ അഭിപ്രായ സര്‍വേയുടെ ഫലവും ഭരണകക്ഷിക്ക് അനുകൂലമല്ല. എ ഐ എ ഡി എം കെ സഖ്യം 58-66 സീറ്റില്‍ ഒതുങ്ങുമെന്നും 154 മുതല്‍ 162 സീറ്റ് വരെ ഡി എം കെ സഖ്യം നേടുമെന്നുമാണ് സര്‍വേ ഫലം കാണിക്കുന്നത്.

Latest