Connect with us

International

ഇസ്‌റാഈലി കപ്പലിലെ സ്‌ഫോടനത്തിന് പിന്നില്‍ ഇറാനെന്ന് നെതന്യാഹു; പക്ഷേ തെളിവില്ല

Published

|

Last Updated

ടെല്‍ അവീവ് | ഇസ്‌റാഈലി ഉടമസ്ഥതയിലുള്ള കപ്പലില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഇറാനെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒമാന്‍ ഉള്‍ക്കടലില്‍ വെച്ചാണ് സ്‌ഫോടനമുണ്ടായത്. നേരത്തേ ഇസ്‌റാഈലി പ്രതിരോധ മന്ത്രിയടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ഇറാനെ കുറ്റപ്പെടുത്തിയിരുന്നു.

ഇസ്‌റാഈലി മാധ്യമം കാനിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു ഈ ആരോപണം ഉന്നയിച്ചത്. അതേസമയം, ഇതിനുള്ള തെളിവൊന്നും തന്റെ പക്കലില്ലെന്നും നെതന്യാഹു പറഞ്ഞു. ഇതിന് തിരിച്ചടി നല്‍കുമോയെന്ന ചോദ്യത്തിന്, ഇസ്‌റാഈലിന്റെ വലിയ ശത്രുവാണ് ഇറാനെന്ന് അദ്ദേഹം മറുപടി നല്‍കി.

ഇറാനെ തടഞ്ഞുനിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മേഖലയില്‍ മുഴുക്കെ തിരിച്ചടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, നെതന്യാഹുവിന്റെ ആരോപണം ഇറാന്‍ ശക്തമായി തള്ളിക്കളഞ്ഞു. ഇറാന് നേരെയുള്ള നെതന്യാഹുവിന്റെ ഭ്രാന്തന്‍ പെരുമാറ്റമാണ് ഇതെന്നും വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കി. ഈ ആരോപണങ്ങളുടെ ഉറവിടം വിശ്വസിക്കാന്‍ കൊള്ളില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖതീബ്‌സാദിഹ് പറഞ്ഞു.

ചരക്കുകടത്ത് കപ്പലായ എം ഹീലിയോസ് റേയിലാണ് വെള്ളിയാഴ്ച രാത്രി സ്‌ഫോടനമുണ്ടായത്. വെള്ളത്തിന് മുകളിലുള്ള ഭാഗത്തായിരുന്നു പൊട്ടിത്തെറി. ഇതിനെ തുടര്‍ന്ന് കപ്പലിന്റെ പള്ളയുടെ രണ്ട് ഭാഗത്തും ദ്വാരങ്ങളുണ്ടായി. അറ്റകുറ്റപ്പണികള്‍ക്കായി ദുബൈയില്‍ നങ്കൂരമിട്ടിരിക്കുകയാണ് കപ്പല്‍.

Latest