Kerala
ഷെയിം ഓൺ യൂ എന്ന് പറഞ്ഞാൽ കേന്ദ്ര ധനമന്ത്രി ഖേദിക്കരുതെന്ന് തോമസ് ഐസക്


സംസ്ഥാന ബജറ്റിനെ കേന്ദ്രധനമന്ത്രി വിമർശിച്ചതു കണ്ടു. അത്തരമൊരു വിമർശനത്തെ സ്വാഭാവികമായും ഗൗരവത്തോടെയാണല്ലോ കണക്കിലെടുക്കേണ്ടത്. പക്ഷേ, നിർമ്മലാ സീതാരാമന്റെ വിമർശനം കേട്ടപ്പോൾ “അയ്യേ” എന്നാണ് തോന്നിയത്. മുഴുവൻ പണവും കിഫ്ബി എന്ന ഒറ്റ സംവിധാനത്തിനു കൊടുത്തുവത്രേ. കേന്ദ്രമന്ത്രിയും ബജറ്റ് തയ്യാറാക്കുന്നതാണല്ലോ. അങ്ങനെയൊരാളിൽ നിന്നും പ്രതീക്ഷിക്കാവുന്ന വിമർശനമാണോ ഇത്?
കെ.സുരേന്ദ്രനോ വി.മുരളീധരനോ ഇങ്ങനെയൊക്കെ പറഞ്ഞാൽ അത്ഭുതമില്ല. അവരിതാദ്യമായല്ലല്ലോ മണ്ടത്തരം പറയുന്നത്. അതുപോലെയാണോ കേന്ദ്ര ധനമന്ത്രിയുടെ പദവി വഹിക്കുന്ന ആൾ? അങ്ങനെ സംസ്ഥാനത്തിന്റെ വരുമാനമെല്ലാം ഏതെങ്കിലും ഒന്നിലേയ്ക്ക് മാത്രമായി നീക്കിവെയ്ക്കാൻ കഴിയുമോ? മറ്റാരു പറഞ്ഞാലും ധനമന്ത്രിയുടെ കസേരയിലിരിക്കുന്നവർ ഇങ്ങനെയൊന്നും പറയാൻ പാടില്ല.
ബജറ്റിനു പുറത്തു വിഭവസമാഹരണം നടത്താൻ വേണ്ടി സജ്ജീകരിച്ച സംവിധാനമാണ് കിഫ്ബി. കിഫ്ബിയുടെ വരവും ചെലവും ബജറ്റിന്റെ ഭാഗമാക്കുന്നില്ലെന്നായിരുന്നല്ലോ സിഎജിയുടെ വിമർശനം. നിർമ്മലാ സീതാരാമന്റെ പക്കലെത്തിയപ്പോൾ ആ വിമർശനം ശീർഷാസനത്തിലായി. സർക്കാരിന്റെ വരവെല്ലാം കിഫ്ബിയ്ക്കു കൊടുക്കുന്നു പോലും. ഈ പ്രസംഗം ആരെഴുതിക്കൊടുത്താലും കേന്ദ്ര ധനകാര്യമന്ത്രിയെ ഇങ്ങനെ വിഡ്ഢിവേഷം കെട്ടിക്കേണ്ടിയിരുന്നില്ല എന്നു മാത്രമേ പറയാനുള്ളൂ. കുറച്ചുകൂടി നിലവാരവും ഗൗരവമുള്ള സമീപനവും ആ പദവിയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ബഹുമാനപ്പെട്ട കേന്ദ്ര ധനമന്ത്രി, കേന്ദ്ര ബജറ്റിൽപ്പോലും ഒരുലക്ഷത്തിലേറെ കോടി രൂപ ഓഫ് ബജറ്റ് ബോറോയിംഗ് ആയിട്ട് ഇല്ലേ? കിഫ്ബിയുടെ വായ്പ ഓഫ് ബജറ്റ് ബോറോയിംഗ് അല്ല. കേന്ദ്ര ബജറ്റിൽ കേരളമടക്കമുള്ളവർക്കു പ്രഖ്യാപിച്ച ഉദാരമായ റോഡ് നിർമ്മാണത്തിനുള്ള തുകയുണ്ടല്ലോ അത് നാഷണൽ ഹൈവേ അതോറിറ്റി വായ്പയെടുക്കുന്നതല്ലേ? കേന്ദ്രസർക്കാരിന്റെ ബജറ്റ് വരവു-ചെലവു കണക്കുകളിൽ അതൊന്നും വന്നില്ലല്ലോ. അതുപോലൊരു ബോഡി കോർപ്പറേറ്റാണ് കിഫ്ബിയും. കേന്ദ്രത്തിനാവാം, സംസ്ഥാനത്തിനു പാടില്ലായെന്ന നിലപാടുണ്ടല്ലോ അത് ഞങ്ങൾ അംഗീകരിക്കുന്നില്ല. തികച്ചും ഭരണഘടനാപരമാണ് ഈ അവകാശം.
കേരളത്തിൽ ക്രമസമാധാനം തകർന്നു, അഴിമതിയാണ് എന്നൊക്കെയുള്ള കേന്ദ്ര ധനമന്ത്രിയുടെ പരാമർശങ്ങൾ മറുപടിയേ അർഹിക്കുന്നില്ല. കേരളം എന്താണെന്ന് ആ യോഗത്തിൽ കൂടിയിരുന്നവർക്കുപോലും അറിയാം. സ്വന്തം പാർടിക്കാരെങ്കിലും വിശ്വസിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ കേന്ദ്ര ധനമന്ത്രി പരാജയപ്പെട്ടു എന്ന് പറയാതെ വയ്യ. ഏതായാലും കേന്ദ്ര ധനമന്ത്രിയുടെ പ്രസംഗത്തിൻ്റെ പൂർണ്ണരൂപത്തിനു കാത്തിരിക്കുകയാണ്. എന്നിട്ടാകാം ബാക്കി എഴുത്തെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
---- facebook comment plugin here -----