Connect with us

Editorial

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

Published

|

Last Updated

വേനൽ ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കൂടി പ്രവേശിക്കുകയാണ് കേരളം. കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് കേരളത്തിൽ തിരഞ്ഞെടുപ്പ്. കൊവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി ബൂത്തുകളുടെ എണ്ണം 40,771 ആയി വർധിപ്പിച്ചിട്ടുണ്ട്. 21,498 ആയിരുന്നു കഴിഞ്ഞ തവണ ബൂത്തുകളുടെ എണ്ണം. വോട്ടെടുപ്പ് സമയവും ഒരു മണിക്കൂർ ദീർഘിപ്പിക്കും. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിംഗ്.

ഇടതു, വലതു മുന്നണികളും ബി ജെ പിയും പൂർവോപരി പ്രാധാന്യത്തോടെയാണ് ഇത്തവണത്തെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനെ കാണുന്നത്. ബംഗാളും ത്രിപുരയും കൈവിട്ട ഇടതുമുന്നണിക്ക് വിശിഷ്യാ സി പി എമ്മിന് കേരളം കൈവിട്ടു പോകാതിരിക്കേണ്ടത് പാർട്ടി സംസ്ഥാന ഘടകത്തിന്റെ മാത്രമല്ല, ദേശീയ നേതൃത്വത്തിന്റെ കൂടി ആവശ്യമാണ.് ഓരോ തിരഞ്ഞെടുപ്പിലും മുന്നണികൾ മാറിമാറി ഭരണം നടത്തി വരുന്ന കേരളത്തിൽ ഇത്തവണ ഭരണത്തുടർച്ച നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം, ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസിന്റെ മുന്നണിയിലേക്കുളള വരവ,് സ്‌കൂളുകളുടെയും റോഡുകളുടെയും പാലങ്ങളുടെയും നവീകരണവും നിർമാണവും, മാസാന്ത ഭക്ഷ്യക്കിറ്റ് വിതരണം, സാമൂഹിക ക്ഷേമ പെൻഷനുകളിലെ വർധന തുടങ്ങിയ ഭരണ നേട്ടങ്ങൾ, കൊറോണയുടെ തുടക്കത്തിൽ പ്രതിരോധത്തിൽ നേടിയ മികവ് തുടങ്ങിയവ അനുകൂല ഘടകങ്ങളായി മുന്നണി നേതൃത്വം വിലയിരുത്തുന്നു. ഏഷ്യാനെറ്റ് ന്യൂസ്, ട്വന്റിഫോർ പ്രീപോൾ സർവേകൾ ഇടതുമുന്നണിക്ക് തുടർഭരണം പ്രവചിച്ചിട്ടുണ്ട്.

സ്വർണക്കടത്ത്, ലൈഫ് മിഷൻ ക്രമക്കേട്, സ്പ്രിംഗ്ലർ ഇടപാട്, പ്രളയഫണ്ട് തട്ടിപ്പ്, ഏറ്റവുമൊടുവിലെ ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രം തുടങ്ങി സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങൾ മുഖ്യപ്രചാരണായുധങ്ങളാക്കി ഭരണം തിരിച്ചു പിടിക്കാനാകുമെന്ന് യു ഡി എഫും പ്രതീക്ഷിക്കുന്നു. രാഹുൽ ഗാന്ധിയുടെ രണ്ട് ദിവസത്തെ പര്യടനം പ്രവർത്തകർക്കിടയിൽ ആത്മവിശ്വാസം വളർത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
ബി ജെ പി പതിവു പോലെ വർഗീയ അജൻഡകളുമായാണ് ഇത്തവണയും രംഗത്തു വരുന്നത്. ലൗ ജിഹൗദിന് എതിരായ നിയമനിർമാണമാണ്് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രകടന പത്രികയിലെ മുഖ്യ അജൻഡയെന്നാണ് കഴിഞ്ഞ ദിവസം പാലക്കാട്ട് മാധ്യമപ്രവർത്തകരോട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്. കഴിഞ്ഞ തവണ 98 ഇടത്ത് മത്സരിച്ചെങ്കിലും നേമത്ത് രാജഗോപാലിലൂടെ ഒരു സീറ്റ് മാത്രമാണ് ബി ജെ പിക്കു ലഭിച്ചത്. അന്ന് എൻ ഡി എ ഘടകകക്ഷിയായി ഉദയം കൊണ്ട ബി ഡി ജെ എസ് ആകട്ടെ 36 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്തു പോലും വിജയിച്ചതുമില്ല. ഇത്തവണ എൻ ഡി എയെ ശക്തിപ്പെടുത്താൻ ബി ജെ പി കാര്യമായ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചതുമില്ല. ഘടക കക്ഷിയായ ബി ഡി ജെ എസ് പിളർപ്പു മൂലം ക്ഷീണിക്കുകയും ചെയ്തു.

ന്യൂനപക്ഷ പിന്തുണ നേടിയാൽ മാത്രമേ കേരളത്തിൽ വിജയം നേടാൻ കഴിയൂ എന്നു തിരിച്ചറിഞ്ഞ പാർട്ടി നേതൃത്വം ക്രിസ്ത്യൻ വിഭാഗങ്ങളെ അടുപ്പിക്കാൻ നടത്തിയ തീവ്ര ശ്രമങ്ങളും ഫലവത്തായിട്ടില്ല. പത്ത് സീറ്റെങ്കിലും നേടണമെന്നും അങ്ങനെ സംഭവിച്ചാൽ സംസ്ഥാനത്ത് ആർക്കും ഭൂരിപക്ഷം കിട്ടാത്ത ത്രിശങ്കുസഭ വരികയും ബി ജെ പി നിർണായക ഘടകമായി മാറുകയും ചെയ്യുമെന്നാണ് നേതൃത്വം സ്വപ്നം കാണുന്നത്.

ആരോഗ്യ രംഗത്ത് കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി തുടരവേയാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. രോഗവ്യാപനത്തിന്റെ തുടക്കം വിജയകരമായി തരണം ചെയ്ത കേരളത്തിൽ ഇപ്പോൾ സങ്കീർണമാണ് സ്ഥിതിഗതികൾ. സമ്പർക്കം വഴിയുള്ള രോഗപ്പകർച്ച ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. സംസ്ഥാനത്ത് വെള്ളിയാഴ്ച 3,671 പേർക്ക് കൊവിഡ് ബാധിച്ചതിൽ 3,317 പേർക്കും സമ്പർക്കം വഴിയാണ് പകർന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അത് കൂടുതൽ രൂക്ഷമാക്കുമോ എന്ന ആശങ്കയുണ്ട്. കൊവിഡിനിടെ ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയതു പോലെ കേരളത്തിലും രോഗവ്യാപനത്തിന് ഇടയാക്കാതെ തിരഞ്ഞെടുപ്പ് നടത്താനാകുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അതേസമയം സംസ്ഥാനത്ത് കൊവിഡിന്റെ വ്യാപനം വീണ്ടും രൂക്ഷമാകാൻ ഒരു പ്രധാന കാരണം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പാണെന്നാണ് ആരോഗ്യവിദഗ്ധരുടെയും കേന്ദ്രത്തിന്റെയും വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമാക്കുകയും കൊവിഡ് പ്രൊട്ടോകോളുമായി ബന്ധപ്പെട്ടു തിരഞ്ഞെടുപ്പ് കമ്മീഷൻ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും അത് ഫലവത്തായി നടപ്പാക്കാനായില്ല.
പോളിംഗ് സമയത്തിൽ ഒരു മണിക്കൂർ വർധന, 80 വയസ്സിന് മുകളിലുള്ളവർക്കും അംഗപരിമിതർക്കും തപാൽ വോട്ട്, വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രം, വാഹന റാലിക്ക് പരമാവധി അഞ്ച് വാഹനങ്ങൾ, ഓൺലൈനായി പത്രിക നൽകാനുള്ള സൗകര്യം തുടങ്ങി നിയമസഭാ തിരഞ്ഞെടുപ്പിന് കൊവിഡ് പ്രോട്ടോകോളുകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചാൽ നേതാക്കളടക്കം എല്ലാം കാറ്റിൽ പറത്താൻ സാധ്യതയുണ്ടെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ അനുഭവം ചുണ്ടിക്കാണിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും ബി ജെ പിയുടെയും സംസ്ഥാന തല യാത്രകളിൽ പലയിടങ്ങളിലും നേതാക്കളും അണികളും നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുകയുണ്ടായി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും കൊവിഡ് പ്രോട്ടോകോളിന്റെ കാര്യത്തിൽ അധികൃതർ കൂടുതൽ ശ്രദ്ധ പുലർത്തുകയും നിരീക്ഷണം കർശനമാക്കുകയും ചെയ്തില്ലെങ്കിൽ കൂടുതൽ ദുരന്തപൂർണമായിരിക്കും സംസ്ഥാനത്തിന്റെ വരും നാളുകൾ.

Latest