Connect with us

National

അസമില്‍ എന്‍ ഡി എ കക്ഷി കോണ്‍ഗ്രസ് സഖ്യത്തില്‍ ചേര്‍ന്നു

Published

|

Last Updated

ഗുവാഹത്തി | നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അസമില്‍ വമ്പന്‍ രാഷ്ട്രീയ അട്ടിമറി. എന്‍ ഡി എ സഖ്യകക്ഷിയായ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബി പി എഫ്) കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ചേര്‍ന്നു.

സമാധാനം, ഐക്യം, വികസനം, സുസ്ഥിര സര്‍ക്കാര്‍, അഴിമതി നിഷ്‌കാസനം എന്നിവക്കായി മഹാജാത് സഖ്യവുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചതായി ബി പി എഫ് നേതാവ് ഹഗ്രാമ മോഹിലാരി പറഞ്ഞു. ഇനിയൊരിക്കലും ബി ജെ പിയുമായി സൗഹൃദമോ സഖ്യമോ ബി പി എഫിന് ഉണ്ടായിരിക്കുകയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മഹാജാത് സഖ്യത്തിന് കോണ്‍ഗ്രസാണ് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ (ബി ടി സി) തിരഞ്ഞെടുപ്പില്‍ ബി പി എഫിനെ ഒഴിവാക്കി യു പി പി എല്‍ എന്ന പുതിയ സഖ്യകക്ഷിയെയാണ് ബി ജെ പി ഒപ്പം കൂട്ടിയിരുന്നത്. എന്നാല്‍ 40 അംഗ സമിതിയില്‍ 17 സീറ്റുകള്‍ നേടി ബി പി എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

നിലവില്‍ നിയമസഭയില്‍ 12 സീറ്റുകളാണ് ബി പി എഫിനുള്ളത്. സംസ്ഥാന മന്ത്രിസഭയിൽ മൂന്ന് അംഗങ്ങളുമുണ്ട്. ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സിലില്‍ 17 സീറ്റുകളുമുണ്ട്. ലോക്‌സഭാ പ്രതിനിധികള്‍ പാര്‍ട്ടിക്കില്ല.