മോദിയുടെ പടവുമായി ഐ എസ് ആര്‍ ഒയുടെ റോക്കറ്റ് ഞായറാഴ്ച കുതിച്ചുയരും

Posted on: February 27, 2021 8:12 pm | Last updated: February 27, 2021 at 11:52 pm

ബെംഗളൂരു | ഈ വര്‍ഷത്തെ ഐ എസ് ആര്‍ ഒയുടെ ആദ്യ ബഹിരാകാശ ദൗത്യം ഞായറാഴ്ച. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഞായറാഴ്ച രാവിലെ 10.24നാണ് റോക്കറ്റ് കുതിച്ചുയരുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടവുമായാണ് റോക്കറ്റ് കുതിച്ചുയരുക.

ബ്രസീലിന്റെ 637 കിലോ ഗ്രാം ഭാരമുള്ള ആമസോണിയ- 1 ഉപഗ്രഹത്തെ വഹിച്ചാണ് റോക്കറ്റ് പുറപ്പെടുക. ഇതാദ്യമായാണ് ഇന്ത്യന്‍ റോക്കറ്റ് ബ്രസീലിന്റെ ഉപഗ്രഹം വഹിക്കുന്നത്. സതീഷ് ധവാന്‍ സാറ്റലൈറ്റ് അല്ലെങ്കില്‍ എസ് ഡി സാറ്റ് എന്ന റോക്കറ്റില്‍ 25,000 വ്യക്തികളുടെ പേര് കൂടിയുണ്ടാകും.

ഈ നാനോസാറ്റലൈറ്റിലാണ് മോദിയുടെ പടവുമുണ്ടാകുക. ഭഗവദ് ഗീതയുടെ ഒരു കോപ്പിയുമുണ്ടാകും. എസ് ഡി കാര്‍ഡിന്റെ രൂപത്തിലാകും ഗീതയുടെ കോപ്പി. ആത്മനിര്‍ഭര്‍ ഭാരത്, ബഹിരാകാശ സ്വകാര്യവത്കരണം എന്നിവയില്‍ നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് മോദിയുടെ പടം ബഹിരാകാശത്തെത്തിക്കുന്നത്.

മുകളിലെ പാനലിലാണ് മോദിയുടെ പടം. താഴെ പാനലില്‍ ഇസ്രോ ചെയര്‍മാന്‍ ഡോ. കെ ശിവന്‍, ശാസ്ത്ര സെക്രട്ടറി ഡോ. ആര്‍ ഉമാമഹേശ്വരന്‍ എന്നിവരുടെ പേരുകളുമുണ്ടാകും.