Connect with us

National

നിയന്ത്രണ രേഖയില്‍ ഇന്ത്യാ - പാക് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

Published

|

Last Updated

ന്യൂഡല്‍ഹി | നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാറുകള്‍ കര്‍ശനമായി പാലിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തല്‍ ലംഘനം ഒഴിവാക്കാന്‍ തീരുമാനമായത്. വെടിനിര്‍ത്തല്‍ തീരുമാനം ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരികയും ചെയ്തു.

ഇന്ത്യയും പാകിസ്ഥാനും 2003 ല്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ കരാര്‍ പാലിക്കുന്നതില്‍ നിരന്തരം വീഴ്ച വരുത്തി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കരാര്‍ പിന്തുടരുന്നേ ഇല്ലെന്നതാണ് അവസ്ഥ. ഇതിനിടെയിലാണ് ഡിഎംഒമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യ പാക് ആശയ കൈമാറ്റത്തിന് ഹോട്ട്ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍മാര്‍ ധാരണയിലെത്തി. അതിര്‍ത്തിയില്‍ പരസ്പരം പ്രയോജനകരവും സുസ്ഥിരവുമായ സമാധാനം കൈവരിക്കാനുള്ള താല്‍പ്പര്യം രണ്ട് ഡിജിഎംഒകളും പരസ്പരം പങ്കുവെച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, ഇന്ത്യയുടെ അതിര്‍ത്തിയില്‍ 10,752 വെടിനിര്‍ത്തല്‍ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ഈ മാസം ആദ്യം ലോക്‌സഭയില്‍ നടന്ന ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കിയത്. ഇതില്‍ 72 സുരക്ഷാ ഉദ്യോഗസ്ഥരും 70 സാധാരണക്കാരും കൊല്ലപ്പെട്ടു.

Latest