നീതിക്കാര് ദിശ കാണിക്കും?

Posted on: February 25, 2021 12:08 pm | Last updated: March 2, 2021 at 10:58 pm

നിയമപരമായ നടപടിക്രമങ്ങളിലൂടെ അല്ലാതെ ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള ഒരാളുടെയും അവകാശം നിഷേധിക്കരുത് എന്ന് വ്യക്തമാക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 21ാം ആര്‍ട്ടിക്കിള്‍ മൗലികാവകാശമാണ്. കുറ്റാരോപിതനാകുക വഴി നിയമ നടപടികള്‍ക്ക് വിധേയമാകുമ്പോള്‍ വ്യക്തി സ്വാതന്ത്ര്യം ഖബറടക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന തിരിച്ചറിവിലാണ് തൊട്ടടുത്ത ഭരണഘടനാനുഛേദം ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ വിശദീകരിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം തൊട്ടടുത്ത മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കണമെന്ന വ്യവസ്ഥ പ്രസ്തുത അനുഛേദത്തിലുണ്ട്. അക്കാര്യം 1973ലെ ക്രിമിനല്‍ നടപടി ചട്ടത്തിലുമുണ്ട്.
24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കണമെന്ന് നിഷ്‌കര്‍ഷിക്കുമ്പോള്‍ അത്രയും സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന താത്പര്യമാണ് സി ആര്‍ പി സി മുന്നോട്ടു വെക്കുന്നത്. അത് സാധ്യമല്ലെങ്കില്‍ കേസന്വേഷണത്തിനായി കുറ്റാരോപിതനെ പോലീസിന് കസ്റ്റഡിയില്‍ വാങ്ങാം. ഒരു തവണ കസ്റ്റഡിയില്‍ വാങ്ങിയാല്‍ പരമാവധി പതിനഞ്ച് ദിവസം വരെ കസ്റ്റഡി നീളാവുന്നതാണ്. കുറ്റകൃത്യത്തിന്റെ സ്വഭാവവും പ്രതിചേര്‍ക്കപ്പെട്ട വകുപ്പുകളുടെ തീവ്രതയുമനുസരിച്ച് അറുപതോ തൊണ്ണൂറോ ദിവസങ്ങള്‍ പോലീസിന് കസ്റ്റഡിയില്‍ വെക്കാനാകും. തുടര്‍ന്നും പോലീസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെങ്കില്‍ കുറ്റാരോപിതന് നിയമപരമായി സ്വാഭാവിക ജാമ്യത്തിന് അവകാശമുണ്ട്.

ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍കിറ്റുമായി ബന്ധപ്പെട്ട് ഫെബ്രുവരി 13ന് യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ ബെംഗളൂരുവിലെ താമസ സ്ഥലത്തു നിന്ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി കോടതി അവര്‍ക്ക് ജാമ്യമനുവദിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയ കേസിലെ ആദ്യ അറസ്റ്റും ദിശയുടേതായിരുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ പലതും അവഗണിച്ച ഡല്‍ഹി പോലീസ്, സേനയുടെ അധികാരവും അപ്രമാദിത്തവും ഉപയോഗിച്ച് പേടിപ്പിക്കുന്ന പതിവ് രീതി തന്നെ, ചെയ്ത തെറ്റെന്താണെന്ന് അറിയാത്ത ഇരുപത്തൊന്നുകാരിയുടെ കാര്യത്തിലും തുടരുകയായിരുന്നു.

ഡല്‍ഹി പോലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത ദിശ രവിയുടെ കാര്യത്തില്‍ നിയമവും നീതിയും നഗ്‌നമായി ലംഘിക്കപ്പെട്ടു എന്ന വിമര്‍ശത്തിലെ മര്‍മം അറസ്റ്റ് ചെയ്യപ്പെട്ട ഇടത്തെ പ്രാദേശിക മജിസ്‌ട്രേറ്റിനു മുമ്പില്‍ ട്രാന്‍സിറ്റ് റിമാന്‍ഡിന് ഡല്‍ഹി പോലീസ് മുതിര്‍ന്നില്ല എന്നതാണ്. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ മാത്രം പാകത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസാണെങ്കിലും തങ്ങളുടെ അധികാര പരിധിക്കപ്പുറം മറ്റൊരു സംസ്ഥാനത്ത് വെച്ച് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുമ്പോള്‍ ട്രാന്‍സിറ്റ് റിമാന്‍ഡിന് പ്രാദേശിക മജിസ്‌ട്രേറ്റിന് മുമ്പില്‍ കുറ്റാരോപിതയെ ഹാജരാക്കണമായിരുന്നു. സി ആര്‍ പി സിയില്‍ നേരേചൊവ്വെ ട്രാന്‍സിറ്റ് റിമാന്‍ഡ് എന്താണെന്ന് വിശദീകരിക്കുന്നില്ലെങ്കിലും അതിന്റെ 167ാം വകുപ്പിന്റെ വേരില്‍ അതുണ്ട്. അത് പ്രകാരം തങ്ങളുടെ അധികാര പരിധിക്കപ്പുറത്തു നിന്ന് കസ്റ്റഡിയിലെടുത്ത പോലീസിന് മുമ്പില്‍ കുറ്റാരോപിതന് ലഭ്യമാകുന്ന നിയമ പരിരക്ഷയാണ് ട്രാന്‍സിറ്റ് റിമാന്‍ഡ്. ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോ ഗസ്ഥന്‍ അറസ്റ്റ് ചെയ്ത കുറ്റാരോപിതനെ പ്രാദേശിക മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി കേസ് ഡയറിയുടെ പകര്‍പ്പ് കൈമാറണമെന്നാണ് നിയമം. അത് പരിശോധിച്ച് അറസ്റ്റ് നിയമപരമാണെന്നും പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാനുള്ള അധികാരമുണ്ടെന്നും മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തുന്ന ഉത്തരവാണ് ട്രാന്‍സിറ്റ് റിമാന്‍ഡ് ഓര്‍ഡര്‍. എന്നാല്‍ പൗരത്വ നിയമ വിരുദ്ധ സമര പോരാട്ടങ്ങള്‍ക്കെതിരെയും ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലും ഇരകള്‍ക്കും നിരപരാധികള്‍ക്കുമെതിരെ കൈക്കൊണ്ട അതേ സമീപനമാണ് ടൂള്‍കിറ്റ് കേസിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രിക്കുന്ന ഡല്‍ഹി പോലീസ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

ALSO READ  ചെറുകിട സംരംഭകര്‍ക്ക് വഴിവെട്ടണം

ഇവ്വിഷയകമായി 2020 ജനുവരി 14ന് പുറപ്പെടുവിച്ച ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവും ഇവിടെ പ്രസ്താവ്യമാണ്. പോലീസ് തങ്ങളുടെ അധികാര പരിധിക്ക് പുറത്തു നിന്ന് ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ കുറ്റാരോപിതന് താന്‍ താമസിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്തിന് പുറത്തു കടക്കുന്നതിനു മുമ്പ് അഭിഭാഷകനെ ബന്ധപ്പെടാനുള്ള അവസരമുണ്ടാകണമെന്നും അറസ്റ്റ് ചെയ്തതിന്റെ തൊട്ടടുത്ത അധികാര പരിധിയിലുള്ള മജിസ്‌ട്രേറ്റിന് മുമ്പില്‍ ട്രാന്‍സിറ്റ് റിമാന്‍ഡിനു വേണ്ടി കുറ്റാരോപിതനെ പോലീസ് ഹാജരാക്കണമെന്ന നിര്‍ദേശവും വിധി മുന്നോട്ടുവെച്ചിരുന്നു. ഒപ്പം ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് വേണ്ടി കോടതി നിശ്ചയിച്ച ജസ്റ്റിസ് എസ് പി ഖാര്‍ഗ് കമ്മിറ്റിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഡല്‍ഹി പോലീസ് നടപ്പാക്കണമെന്നും ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരുന്നു.

ഡല്‍ഹിയിലെത്തിച്ച ദിശ രവിയെ പാട്യാല ഹൗസ് കോടതിയിലെ ഡ്യൂട്ടി മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുകയായിരുന്നു ഡല്‍ഹി പോലീസ്. കുറ്റാരോപിതയെ പ്രതിനിധാനം ചെയ്ത് അഭിഭാഷകന് പോലും അന്നേരം ഹാജരാകാന്‍ കഴിഞ്ഞിട്ടില്ലെന്ന നീതിബോധം പോലും സൗകര്യപൂര്‍വം മാറ്റിവെച്ച മജിസ്‌ട്രേറ്റ് അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിക്കുകയായിരുന്നു ചെയ്തത്. പ്രസ്തുത നടപടി ഏറെ വിമര്‍ശങ്ങള്‍ക്കിടയാക്കി. നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്വമുള്ള ജുഡീഷ്യല്‍ ഓഫീസര്‍ ജാഗ്രതയില്ലാതെയും തൊഴില്‍ യാന്ത്രികതയോടെയുമാണ് വിഷയത്തെ സമീപിച്ചത് എന്നാണ് മനസ്സിലാകുന്നത്. ഡല്‍ഹി പോലീസിന്റെ കേസ് ഡയറിയോ അറസ്റ്റ് മെമ്മോയോ പാട്യാല ഹൗസ് കോടതി മജിസ്‌ട്രേറ്റ് പരിശോധിച്ചിരിക്കാന്‍ വഴിയില്ല. ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് കുറ്റാരോപിതയെ കൊണ്ടുവന്നത് എന്ന് ചോദിക്കുമായിരുന്നു.

ജാമ്യമാണ് നിയമമെന്നും ജയില്‍ അപൂര്‍വ അപവാദമാണെന്നും പറയുന്ന നീതിന്യായ വ്യവസ്ഥയില്‍ സംശയാതീതം കുറ്റം തെളിയിക്കപ്പെടാത്ത കാലത്തോളം കുറ്റാരോപിതനെ നിരപരാധിയായാണ് കണക്കാക്കുന്നത്. അതിനാല്‍ കുറ്റാരോപിതന്റെ വ്യക്തി സ്വാതന്ത്ര്യവും വിലമതിക്കുന്നതാണെന്ന് ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ തന്നെ പ്രഖ്യാപിക്കുന്നുണ്ട്. ഒരാള്‍ കുറ്റാരോപിതനായി എന്നതുകൊണ്ട് മാത്രം അയാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് എക്കാലത്തേക്കുമായി കൂച്ചുവിലങ്ങിടാന്‍ ഭരണകൂടത്തിന് കഴിയില്ല എന്ന് ഭരണഘടന തന്നെ ഉദ്‌ഘോഷിക്കുമ്പോഴാണ് പൗരാവകാശങ്ങള്‍ക്ക് മേല്‍ മതിയായ ജാഗ്രത പുലര്‍ത്താതെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ കൃത്യവിലോപം കാണിക്കുന്നത്. എതിര്‍ ശബ്ദങ്ങളെ ഭരണകൂട മെഷിനറികളെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ തക്കംപാര്‍ത്തിരിക്കുന്നവര്‍ അധീശത്വം സ്ഥാപിച്ച ഒരിടത്ത് നിയമവും നീതിയും ഉയര്‍ത്തിപ്പിടിക്കേണ്ട ന്യായാധിപര്‍ നിരാശപ്പെടുത്തുന്നതാണിവിടെ കാണുന്നത്.
ഭരണകൂട താത്പര്യങ്ങള്‍ക്കെതിരെ ഉയര്‍ന്നു പൊങ്ങുന്ന കൈകളെ വെട്ടിമാറ്റുന്ന ചിത്രമാണ് ദിശ രവിക്കെതിരെയും ടൂള്‍കിറ്റ് കേസിലെ മറ്റു കുറ്റാരോപിതര്‍ക്കെതിരെയും നടക്കുന്ന നീക്കങ്ങള്‍ വെളിപ്പെടുത്തുന്നത്. നാം കണ്ടുപരിചയിച്ച സമരങ്ങളെ എല്ലാം തോല്‍പ്പിച്ച് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കര്‍ഷക സമരം കേന്ദ്ര സര്‍ക്കാറിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് കര്‍ഷക സമരത്തെ പിന്തുണക്കുന്നതെന്തും വര്‍ജ്യവും ദേശദ്രോഹ പട്ടം ചാര്‍ത്താന്‍ മതിയായതുമാണ്. വിദ്യാര്‍ഥികളില്‍ തുടങ്ങി രാജ്യത്തെ ധൈഷണിക വിലാസമുള്ള, സത്യം തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്നവര്‍ക്കെതിരെയെല്ലാം യു എ പി എ അടക്കമുള്ള കടുത്ത നിയമങ്ങള്‍ ചുമത്തി നിശ്ശബ്ദരാക്കുന്നതിന്റെ തുടര്‍ച്ചയില്‍ ഒടുക്കം ദിശ രവിയെന്ന പെണ്‍കുട്ടിയും എന്നേ പറയേണ്ടൂ. അന്നം തരുന്നവരോടുള്ള ഐക്യദാര്‍ഢ്യം മാത്രമേ താന്‍ പ്രകടിപ്പിച്ചിട്ടുള്ളൂ എന്ന് ദിശ രവി മജിസ്‌ട്രേറ്റിന് മുമ്പില്‍ പൊട്ടിക്കരഞ്ഞു എന്നാണ് മാധ്യമ വാര്‍ത്തകളെങ്കില്‍ ഇതിനകം ലഭിച്ചതിലേറെ പിന്തുണയും കരുതലും അവര്‍ അര്‍ഹിക്കുന്നുണ്ട്. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന ചെറുതും വലുതുമായ ശബ്ദങ്ങളെ കേട്ടും ചേര്‍ത്തുപിടിച്ചുമാണ് നമ്മുടെ ജനാധിപത്യ ബോധം വര്‍ത്തമാനകാല ഇന്ത്യയില്‍ സാമാന്യമായെങ്കിലും പ്രവര്‍ത്തിക്കേണ്ടത്.

ALSO READ  നീതിപീഠം കേള്‍ക്കണം, ഇരകളുടെ ഉത്കണ്ഠകള്