Connect with us

Covid19

കൊവിഡ് വകഭേദം: രാജ്യത്ത് ജനിതക പരിശോധന ഊര്‍ജിതമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡിന് കാരണമായ കൊറോണവൈറസിന് ജനിതക മാറ്റം സംഭവിക്കുന്നെന്ന മുന്നറിയിപ്പിനിടെ ജനിതക പരിശോധന ഊര്‍ജിതമാക്കി. കൂടുതല്‍ പ്രതിദിന കേസുകളുള്ള മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ നിന്നും 800- 900 സാമ്പിളുകള്‍ ജനിതക പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും സാമ്പിളുകള്‍ ജനിതക പരിശോധനക്ക് അയച്ചത്.

പഞ്ചാബ്, ബെംഗളൂരു എന്നിവിടങ്ങളിലെ സാമ്പിളുകളും ജനിതക പരിശോധന നടത്തും. രാജ്യത്തിന്റെ ഈ ഭാഗങ്ങളില്‍ കൊവിഡ് വ്യാപിക്കുന്നതിന് പിന്നില്‍ ജനിതക വകഭേദം വന്ന വൈറസാണോയെന്നത് മൂന്ന്- നാല് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ഇതുവരെ 6,000 സാമ്പിളുകളുടെ ജനിതക പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കേരളത്തിലും മുംബൈയിലും സൂക്ഷ്മതല നിരീക്ഷണം നടത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ പ്രദേശങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപംകൊണ്ടിട്ടുണ്ടോയെന്നതും അധികൃതര്‍ പരിശോധിക്കും. കേരളത്തിലെ കൊവിഡ് കേസുകള്‍ക്ക് കാരണം പുതിയ വകഭേദമാണോയെന്നത് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.