ടൂള്‍ കിറ്റ് കേസ്: ദിഷ രവിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Posted on: February 23, 2021 9:06 am | Last updated: February 23, 2021 at 9:06 am

ന്യൂഡല്‍ഹി | ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ദിഷയെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. കഴിഞ്ഞ ദിവസം ദിഷയുടെ കസ്റ്റഡി കാലാവധി കോടതി ഒരുദിവസം കൂടി നീട്ടി. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ദിഷക്ക് ജാമ്യം അനുവദിക്കരുതെന്നാണ് ഡല്‍ഹി പോലീസിന്റെ വാദം.

കേസില്‍ മലയാളി അഭിഭാഷകയായ നികിത ജേക്കബിനെയും ശന്തനും മുളുക്കിനെയും അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്യും. കര്‍ഷക സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റുമായി ബന്ധപ്പെട്ട കേസില്‍ കുറ്റമാരോപിച്ചാണ് കോളജ് വിദ്യാര്‍ഥിയായ ദിഷ രവിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.