കടല്‍ തൊഴിലാളികളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടരുത്‌

കേരള തീരത്തെ ആഴക്കടലില്‍ വിദേശ ട്രോളറുകളെ അടുപ്പിക്കില്ലെന്ന നയം ഒരു കാരണവശാലും ലംഘിക്കാന്‍ ഇട വരരുത്. സംസ്ഥാനത്തിന്റെ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കാത്തതും തദ്ദേശീയരായ മത്സ്യബന്ധന തൊഴിലാളികളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടാത്തതുമായിരിക്കണം ഈ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളും കരാറുകളും.
Posted on: February 23, 2021 4:01 am | Last updated: February 23, 2021 at 12:42 am

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദ ധാരണാപത്രം പുനഃപരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനും (കെ എസ് ഐ എന്‍ സി) ആഴക്കടല്‍ മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ ഇ എം സി സിയും തമ്മിലുണ്ടാക്കിയ ഉദ്യോഗസ്ഥതല ധാരണ, സംസ്ഥാന സര്‍ക്കാറിന്റെ മത്സ്യബന്ധന നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് റദ്ദാക്കാനൊരുങ്ങുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കെ എസ് ഐ എന്‍ സി മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിക്കുമെന്നാണ് വിവരം.
വ്യവസായ സംരംഭകരെ ആകര്‍ഷിക്കാനായി കൊച്ചിയില്‍ സംഘടിപ്പിച്ച അസന്റ് 2020ലാണ് ട്രോളറുകളുടെ (ചെറുകപ്പലുകള്‍) നിര്‍മാണത്തിനും മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനും ഇ എം സി സിയുമായി കെ എസ് ഐ എന്‍ സി ധാരണയുണ്ടാക്കിയത്. ഒരു ട്രോളറിന് രണ്ട് കോടി രൂപ മുതല്‍ മുടക്കില്‍ ഒരാഴ്ച ആഴക്കടലില്‍ തങ്ങി മത്സ്യബന്ധനത്തിന് ശേഷിയുള്ള 400 ട്രോളറുകള്‍ നിര്‍മിക്കാനാണ് പദ്ധതി. ട്രോളറുകളുടെ നിര്‍മാണത്തിനു പുറമെ ഏഴ് തുറമുഖങ്ങളുടെ വികസനവും ഉള്‍പ്പെടുന്നതാണ് 2,950 കോടി രൂപയുടെ പദ്ധതി. പുതിയ ട്രോളറുകള്‍ ഉപയോഗിച്ച് പിടിക്കുന്ന മത്സ്യം തദ്ദേശീയ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതിനു പുറമെ കയറ്റുമതി ചെയ്യുന്നതിനും ധാരണാ പത്രത്തില്‍ വ്യവസ്ഥയുണ്ട്. വിദേശ ട്രോളറുകളെ ആശ്രയിക്കുന്നത് ഒഴിവാക്കി മത്സ്യബന്ധനത്തിന് തദ്ദേശീയ ട്രോളറുകള്‍ ഉപയോഗിക്കുകയും കേരളീയരായ മത്സ്യത്തൊഴിലാളികള്‍ക്ക് ജോലി നേടിക്കൊടുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് കെ എസ് ഐ എന്‍ സി മേധാവികള്‍ പറയുന്നത്.

അതേസമയം, സംസ്ഥാന സര്‍ക്കാറിന്റെ മത്സ്യനയമനുസരിച്ച് കേരള തീരങ്ങളില്‍ ആഴക്കടല്‍ ട്രോളറുകള്‍ അനുവദനീയമല്ല. വിദേശ ട്രോളറുകള്‍ക്കോ കോര്‍പറേറ്റുകളുടെ യാനങ്ങള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നല്‍കാതിരിക്കാനും ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ അവ പ്രവേശിപ്പിക്കാതിരിക്കാനും നടപടി സ്വീകരിക്കുകയും കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുമെന്നാണ് 2009 ജനുവരിയില്‍ നിലവില്‍ ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച നയത്തിന്റെ രണ്ടാം ഖണ്ഡികയില്‍ (2.2ല്‍) പറയുന്നത്. അനിയന്ത്രിതമായ ട്രോളര്‍ ഉപയോഗം കേരള തീരത്തെ മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു. 400 ട്രോളറുകള്‍ തീരക്കടലിലും പുറംകടലിലുമായി വിന്യസിക്കുന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗവും നഷ്ടമാകുമെന്നതിനാല്‍ ഈ നീക്കത്തോട് മത്സ്യത്തൊഴിലാളികളും കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്നു.

അതേസമയം, ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനിയുമായി സര്‍ക്കാര്‍ കരാറുണ്ടാക്കി എന്ന മട്ടില്‍ പ്രതിപക്ഷം നടത്തുന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. സര്‍ക്കാറോ ഫീഷറീസ് വകുപ്പോ ഇത്തരമൊരു കരാറില്‍ ഒപ്പിട്ടിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ എന്‍ സിയാണ് വിദേശ കമ്പനിയുമായി ധാരണയുണ്ടാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ധാരണകളുണ്ടാക്കുന്നത് സര്‍ക്കാര്‍ അറിയണമെന്നില്ല. സര്‍ക്കാറിനെ അറിയിച്ചേ അവര്‍ക്ക് ധാരണാ പത്രത്തില്‍ ഒപ്പുവെക്കാവൂ എന്നുമില്ല. അങ്ങനെ ഒപ്പുവെക്കുന്ന ധാരണാ പത്രങ്ങള്‍ പിന്നീടാണ് സര്‍ക്കാറിന്റെ പരിഗണനയില്‍ വരിക. ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേരള സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടെന്ന പ്രചാരണം വസതുതാ വിരുദ്ധമാണെന്ന് ഇ എം സി സി കമ്പനി ഡയറക്ടര്‍ ഷിബു വര്‍ഗീസ് വ്യക്തമാക്കുകയുണ്ടായി. സര്‍ക്കാറിന് വിശദമായ പദ്ധതി രേഖ (ഡി പി ആര്‍) സമര്‍പ്പിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും കമ്പനി പറയുന്നു.
ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനുമായുണ്ടാക്കിയ ധാരണാ പത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യപ്പെട്ട് വിദേശ കമ്പനി പ്രതിനിധികള്‍ 2021 ഫെബ്രുവരി 11ന് വ്യവസായ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനത്തിലെ ഉള്ളടക്കമാണ് പ്രതിപക്ഷ നേതാവ് കരാര്‍ എന്ന മട്ടില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും നിവേദനത്തിന്റെ കോപ്പി പ്രതിപക്ഷ നേതാവിന്റെ കൈകളില്‍ എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി സന്ദേഹിക്കേണ്ടതുണ്ടെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. യു ഡി എഫ് ഭരണത്തില്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഐ എ എസ് ഉദ്യോഗസ്ഥനാണ് ട്രോളര്‍ നിര്‍മാണത്തിന് വിദേശ കമ്പനിയുമായി ധാരണാ പത്രം ഒപ്പിടുന്നതിന് മുന്‍കൈയെടുത്തതെന്ന കാര്യം ഗൂഢാലോചനാ സന്ദേഹത്തിന് ബലമേകുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വര്‍ണക്കടത്ത് കേസിലും മറ്റും ഉദ്യോഗസ്ഥര്‍ക്കെതിരെ കടന്നാക്രമണം നടത്തിയിരുന്ന പ്രതിപക്ഷ നേതാവ് ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉദ്യോഗസ്ഥനെതിരെ ഒരു വാക്ക് പോലും ഉരിയാടിയില്ലെന്നതും ശ്രദ്ധേയമാണ്. മേല്‍ ഉദ്യോഗസ്ഥന്റെ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് “ഖുര്‍ആന്റെ മറവില്‍ സ്വര്‍ണക്കടത്തെ’ന്ന ആരോപണമുന്നയിച്ച് പുകമറ സൃഷ്ടിക്കാന്‍ ശ്രമിച്ച പ്രതിപക്ഷം ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ആരോപണവുമായി രംഗത്തു വന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. ഏതായാലും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണ്. സര്‍ക്കാര്‍ നയത്തിനെതിരായി ഇത്തരമൊരു ധാരണാപത്രത്തില്‍ കെ എസ് ഐ എന്‍ സി ഒപ്പ് വെക്കാനിടയായ സാഹചര്യവും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളും (അത് ഉദ്യോഗസ്ഥരായാലും ഭരണ തലപ്പത്തുള്ളവരായാലും) കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. കേരള തീരത്തെ ആഴക്കടലില്‍ വിദേശ ട്രോളറുകളെ അടുപ്പിക്കില്ലെന്ന നയം ഒരു കാരണവശാലും ലംഘിക്കാന്‍ ഇട വരരുത്. സംസ്ഥാനത്തിന്റെ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കാത്തതും തദ്ദേശീയരായ മത്സ്യബന്ധന തൊഴിലാളികളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടാത്തതുമായിരിക്കണം ഈ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളും കരാറുകളും.