ആമകൾക്കായി ഒരു സ്നേഹക്കടൽ

കരിമ്പച്ച നിറമുണ്ടായിരുന്ന ആ ആമ അവരെ ആമകളുടെ ജീവിതത്തിലേക്ക് അടുപ്പിച്ചു. ഇന്ത്യന്‍ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ഡോ. സുപ്രജാ ധാരിണി അങ്ങനെ കടലാമകളുടെ സംരക്ഷണത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ 222 മത്സ്യബന്ധന ഗ്രാമങ്ങളില്‍ കടലാമ സംരക്ഷണത്തിന്റെ സന്ദേശമെത്തിച്ചു. 363 അംഗങ്ങളെ ചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി.
Posted on: February 22, 2021 2:43 pm | Last updated: February 22, 2021 at 2:44 pm

ഒരിക്കല്‍ കടല്‍ത്തീരത്തുകൂടെ നടക്കാനിറങ്ങിയ ഒരു പ്രഭാതമാണ് ഡോ. സുപ്രജാ ധാരിണിയുടെ ജീവിതം മാറ്റിമറിച്ചത്. മണലില്‍ തല പൂഴ്്ത്തിക്കിടക്കുന്ന ഒരു കടലാമ അവരുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ അടുത്തുകണ്ട മത്സ്യത്തൊഴിലാളികളോട് വിവരം പറഞ്ഞു. തീരത്ത് യഥേഷ്ടം ചത്തടിയുന്ന കടലാമകള്‍ തീരവാസികള്‍ക്കൊരു വിശേഷമായിരുന്നില്ല. കരിമ്പച്ച നിറമുണ്ടായിരുന്ന ആ ആമ അവരെ ആമകളുടെ ജീവിതത്തിലേക്ക് അടുപ്പിച്ചു. ഇന്ത്യന്‍ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള അവര്‍ അന്ന് മുതല്‍ കടലാമകളുടെ സംരക്ഷണത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു.

അമേരിക്കയിലെ അറിയപ്പെടുന്ന പരിസ്ഥിതി സംഘടന ഏര്‍പ്പെടുത്തിയ, വളരെ പ്രശസ്തമായ പരിസ്ഥിതി സംരക്ഷണ പുരസ്‌കാരത്തിന് 56 കാരിയായ അവരെ തിരഞ്ഞെടുത്തതോടെയാണ് ഡോ. സുപ്രജയുടെ നിശ്ശബ്ദ സേവനങ്ങള്‍ നാടറിയാന്‍ തുടങ്ങിയത്. പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ പേരില്‍ ദക്ഷിണേന്ത്യയില്‍ ഒരു സ്ത്രീ അന്താരാഷ്ട്ര തലത്തില്‍ ആദരിക്കപ്പെട്ടതിന്റെ ആഹ്ലാദം അതിരില്ലാത്തതായിരുന്നു.

കടലാമകളുടെ സംരക്ഷണത്തിനായി 2002 ല്‍ അവര്‍ ആരംഭിച്ച ട്രീ ഫൗണ്ടേഷന്റെ അധ്യക്ഷ എന്ന നിലയില്‍ ചെന്നൈ ആസ്ഥാനമായി അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ഇന്ത്യയുടെ ദക്ഷിണ തീരങ്ങളില്‍ കടലാമകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സംഘടനയാണ് ട്രീ ഫൗണ്ടേഷന്‍.
സാമൂഹിക ഇടപെടലില്‍ മുഴുകിയിട്ടുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 21 സ്ത്രീകളെ തിരഞ്ഞെടുത്തതില്‍ ഡോ. സുപ്രജയും ഉള്‍പ്പെടുകയായിരുന്നു. 2001 ല്‍ ചെന്നൈ നീലൈങ്കരൈ ബീച്ചിലെ പ്രഭാത നടത്തത്തില്‍ ചത്തുകിടക്കുന്ന ഹരിത വര്‍ണമുള്ള ആമയെ കണ്ടെത്തിയ ദിനം അവര്‍ ഇന്നും ഓര്‍ക്കുന്നു. പരുക്കേറ്റതായിരുന്നു ആ ജീവിയുടെ മരണ കാരണം.

കടലാമകളില്‍ ഏറ്റവും ചെറിയ ഇനമാണ് ഒലീവ് റിഡ്‌ലി. പസഫിക്, അറ്റ്്ലാന്റിക്, ഇന്ത്യന്‍ സമുദ്രങ്ങളിലാണ് ഇതിനെ കാണപ്പെടുന്നത്. വംശനാശ സാധ്യതയുള്ള ഇനങ്ങളുടെ കൂട്ടത്തിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്. രണ്ടടി നീളവും 50 കിലോ വരെ ഭാരവും വെക്കുന്ന ഇനമാണിത്. ഒലീവ് നിറത്തിലുള്ള ഈ ആമ ജെല്ലി മത്സ്യം, കൊഞ്ച്, ഒച്ച്, ഞണ്ട്, മത്സ്യങ്ങള്‍ തുടങ്ങിയവയെ ഭക്ഷണമാക്കിയാണ് ജീവിക്കുന്നത്.

ഇതെല്ലാം സര്‍വസാധാരണം എന്നു തീരവാസികള്‍ തള്ളിക്കളഞ്ഞപ്പോഴും അവര്‍ക്ക് ആമയുടെ ജീവിതത്തില്‍ നിന്ന് ഊരിപ്പോരാന്‍ കഴിഞ്ഞില്ല. അവര്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരുമായി ഇക്കാര്യങ്ങളില്‍ ആശയ വിനിമയം നടത്തി. ലോകം അറിയുന്ന പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. ജെയ്ന്‍ ഗൂഡല്ലിന്റെ ഒരു ഡോക്യുമെന്ററി അവര്‍ക്കു പ്രചോദനമായി. ഓരോ വ്യക്തിക്കും വളരെ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന ഡോക്യുമെന്ററിയിലെ സന്ദേശം അവര്‍ ഉള്ളില്‍ ഏറ്റുവാങ്ങി. തനിക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നു തീരുമാനിച്ച ശേഷം ഡോ. ജെയിനെ കണ്ടു. അദ്ദേഹം അധികമൊന്നും സംസാരിച്ചില്ല. കടലിനെ സ്‌നേഹിക്കാന്‍ കഴിയുന്നു എന്നതു തന്നെ വലിയ കാര്യമാണെന്നു മാത്രം അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ദക്ഷിണ തീരങ്ങളിലൂടെ ഡോ. സുപ്രജാ ധാരിണി സഞ്ചരിച്ചു. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ 222 മത്സ്യബന്ധന ഗ്രാമങ്ങളില്‍ കടലാമ സംരക്ഷണത്തിന്റെ സന്ദേശമെത്തിച്ചു. 363 അംഗങ്ങളെ ചേര്‍ത്ത് ട്രീ ഫൗണ്ടേഷന്‍ കടലാമകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി.
2002 ല്‍ കുട്ടികളും യുവാക്കളും അടങ്ങിയ ഒരു സംഘത്തെ ചേര്‍ത്തുകൊണ്ട് ചെന്നൈയില്‍ പെരിയ നീലങ്കരൈ മത്സബന്ധന ഗ്രാമത്തില്‍ കടലാമ സംരക്ഷണത്തെക്കുറിച്ച് സംഘടിപ്പിച്ച ശിൽപ്പശാലയായിരുന്നു പ്രസ്ഥാനത്തിന്റെ ആധാരശില. തത്പരരായ എല്ലാവരേയും ചേര്‍ത്ത് കടലാമ സംരക്ഷണ സേനയെന്ന പേരില്‍ ഒരു സംഘമുണ്ടാക്കി. 17 പുരുഷന്‍മാരും 33 കുട്ടികളും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ആദ്യമൊന്നും തിരിഞ്ഞു നോക്കാതിരുന്ന സ്ത്രീകളും പിന്നീട് കടലാമകള്‍ക്കുവേണ്ടി രംഗത്തിറങ്ങി.
2002ല്‍ ട്രീ ഫൗണ്ടേഷന്‍ റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നു പ്രവര്‍ത്തനങ്ങള്‍ സമീപ തീരഗ്രാമങ്ങളിലേക്കും വികസിച്ചു. ചെന്നൈയില്‍ നിന്നു കാഞ്ചീപുരം, നെല്ലൂര്‍, പ്രകാശം, വിഴിയാനങ്കരം, ഏലൂര്‍ എന്നിവിടങ്ങളിലും ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലും ഒഡീഷയിലെ റിഷികുല്ല്യയിലേക്കുമെല്ലാം പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 2011 ആകുമ്പോഴേക്കും ഈ മേഖലയിലെല്ലാം കടലാമകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാനം ജനങ്ങള്‍ക്കു ബോധ്യപ്പെട്ടു. അവര്‍ സന്നദ്ധ പ്രവര്‍ത്തകരായി രംഗത്തുവന്നു. പല ഭാഷാ ഭേദങ്ങള്‍ ഉണ്ടായിരുന്നിട്ടും തീരദേശത്തെ മനുഷ്യര്‍ ഡോ. സുപ്രജാ ധാരിണിയുടെ ആശയങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ടു.

ALSO READ  കാനന മാതൃത്വത്തിന്റെ നേർക്കാഴ്ചകൾ

വിവിധ സംസ്ഥാനങ്ങളിലെ വന്യജീവി വകുപ്പ്, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ പോലീസ് എന്നിവരുടെ സഹകരണവും അവരുടെ പ്രവര്‍ത്തനത്തിന് കരുത്തു പകര്‍ന്നു. എല്ലാ വര്‍ഷവും ഒരു നിശ്ചിതസമയത്താണ് കടലാമകള്‍ തീരപ്രദേശങ്ങളില്‍ മുട്ടയിടാന്‍ എത്തുന്നത്. വിവിധ ജീവികളും മനുഷ്യരും ഈ മുട്ട ആഹാരമാക്കുകയായിരുന്നു പതിവ്. കടലില്‍ ഉപേക്ഷിക്കുന്ന വലകളും പ്ലാസ്റ്റിക്കും കടലാമകളുടെ അന്തകരായി. കടലാമകളുടെ വംശം ക്ഷയിച്ചുകൊണ്ടിരുന്നു.

ഒഡീഷയിലെ ഗഹിര്‍മാതാ തീരത്തും റിഷികുല്യാ നദീതീരത്തും “അരിബാഡ’ എന്ന പ്രകൃതിയിലെ അപൂര്‍വമായ ഒരു പ്രതിഭാസത്തിനു വേദിയാകാറുണ്ട്. ഒലീവ് റിഡ്്ലി വിഭാഗത്തില്‍പ്പെട്ട കടലാമകള്‍ ആയിരക്കണക്കിന് ഒരുമിച്ച് മുട്ടയിടാനെത്തുന്ന പ്രതിഭാസമാണിത്. നവംബറിലാണ് ഇവ കൂട്ടമായെത്തുന്നത്. ഒരു വര്‍ഷം ആയിരക്കണക്കിനു മുതല്‍ അര ലക്ഷം വരെയുണ്ടാകും. ഒലീവ് റിഡ്്ലിക്കു പുറമെ പച്ച കടലാമ (Green Turtle), ഹോക്സ്ബില്‍ (Hawksbill), ലെതര്‍ബാക്ക് (Leatherback), ലോഗര്‍ഹെഡ് (Loggerhead) എന്നീ ഇനങ്ങളും ഇന്ത്യന്‍ തീരങ്ങളില്‍ മുട്ടയിടാനെത്തുന്നു. ലോഗര്‍ഹെഡ് തമിഴ്നാട്ടിലെ തെക്കന്‍ തീരപ്രദേശങ്ങളിലാണ് അപൂര്‍വമായി മുട്ടയിടാനെത്തുന്നത്. ഹോക്സ്ബില്‍ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലും പച്ച കടലാമകള്‍ ഗുജറാത്ത്, ലക്ഷദ്വീപ്, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഒലീവ് റിഡ്്ലി ഇന്ത്യയിലെ കിഴക്കന്‍ തീരദേശങ്ങളിലുമാണ് കൂടുതലായി മുട്ടയിടാനെത്തുന്നത്.

കോഴികള്‍ മുട്ട വിരിയിക്കുന്നതുപോലെയാണ് ആമമുട്ടകളും വിരിയുന്നത്. ആമകള്‍ അടയിരിക്കില്ല എന്നുമാത്രം. ഇവിടെ മണലാണ് മുട്ടകള്‍ വിരിയാന്‍ വേണ്ട ചൂട് നല്‍കുന്നത്. മഴ നന്നായി പെയ്താല്‍, മുട്ട വിരിയാതെ നശിക്കും. സാധാരണ 45 മുതല്‍ 55 ദിവസങ്ങളാണ് മുട്ട വിരിയാനെടുക്കുന്നത്.
രാത്രി ചാന്ദ്രവെളിച്ചത്തില്‍ കടല്‍ നന്നായി തിളങ്ങുമെന്നതിനാല്‍ ആമക്കുഞ്ഞുങ്ങള്‍ അതില്‍ ആകൃഷ്ടരായി നേരെ കടലിലേക്കുതന്നെ പോകും. സ്വാഭാവികമായി വിരിഞ്ഞ് കടലിലേക്ക് പോകുന്ന കുഞ്ഞാമകള്‍ നായ്ക്കള്‍ മുതല്‍ ഞണ്ടുകളുടെ വരെ ഭക്ഷണമായേക്കും. അതിജീവിക്കുന്നവ കടലില്‍ തങ്ങളുടെ നീണ്ട യാത്ര തുടങ്ങുന്നു. 48 മണിക്കൂറിലേറെ നീങ്ങുന്ന ഈ സാഹസിക യാത്രയില്‍ ഇവ തീറ്റപോലും കഴിക്കാറില്ല. ഇരപിടിയന്‍ പക്ഷികളും കടല്‍ജീവികളുമൊക്കെ കുഞ്ഞാമകളെ തിന്നാനും ഇടയുണ്ട്. ഇതിനെയൊക്കെ മറികടക്കുന്ന ആമക്കുഞ്ഞുങ്ങള്‍ കടല്‍പായലുകളില്‍ പറ്റിപ്പിടിച്ചു കയറുന്നു. ക്രമേണ ഇവ തീറ്റതേടല്‍ ആരംഭിക്കും. 15 മുതല്‍ 30 വര്‍ഷം വരെ കടലാമകള്‍ യാത്ര തുടരുന്നു. പ്രായപൂര്‍ത്തിയാകുന്നത് ഈ സമയത്താണ്.
വംശ വര്‍ധനക്കായാണ് ഏറെ പ്രയാസപ്പെട്ട് കടലാമകള്‍ തീരപ്രദേശങ്ങളിലെത്തുന്നത്. എന്നാല്‍ മനുഷ്യര്‍ ഇവയുടെ നിലനില്‍പ്പിന് പലതരത്തില്‍ ഭീഷണിയാകുന്നു. തീരത്തെ മണല്‍തിട്ടകളും മണല്‍പരപ്പുകളുമാണ് ഇവയുടെ മുട്ടയിടീല്‍ കേന്ദ്രങ്ങള്‍. കടല്‍ഭിത്തി നിര്‍മാണവും മണല്‍വാരലുമൊക്കെ ഈ തിട്ടകളെയും മറ്റും അപ്രത്യക്ഷമാക്കുന്നു. ആമകളുടെ വരവ് കുറയാന്‍ ഇതു കാരണമാകുന്നു.

തീരം തിരിച്ചറിയാന്‍ ആമകൾക്ക് കെല്‍പ്പുണ്ട്. തീരത്തെ കൂടിയതോതിലുള്ള വെളിച്ചവും ശബ്ദവും ആമകളെ ഭയപ്പെടുത്തുന്നു. ആമമുട്ടകള്‍ ശേഖരിച്ച് തിന്നുന്നവര്‍ ഇന്നുമുണ്ട്. ഇത്തരത്തിലുള്ള പല തരം ഭീഷണികളാല്‍ കുറ്റിയറ്റുപോകുന്ന ഒരു ജീവി വര്‍ഗത്തിനായി ഇന്ന് വിവിധ തീരങ്ങളില്‍ ഇത്തരം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അതില്‍ എടുത്തു പറയേണ്ട പേരായി ഡോ. സുപ്രജാ ധാരിണിയുടെ ജീവിതവും മാറിയിരിക്കുന്നു.
.

ALSO READ  പെരുമാറ്റത്തിലെ പെരുമ