Connect with us

Editorial

ജി എസ് ടി പരിധിയില്‍ വരുമോ പെട്രോളിയം ഉത്പന്നങ്ങള്‍?

Published

|

Last Updated

പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതുപക്ഷേ, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട പ്രശ്‌നമാണെന്നും മന്ത്രി പറഞ്ഞു. ഇന്ധനവില ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിയമഭേദഗതി ആവശ്യമില്ല. എന്നാലും കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്കിടയില്‍ സമവായം വേണം. ജി എസ് ടി പരിധിയില്‍ വന്നാല്‍ പെട്രോളിനും ഡീസലിനും രാജ്യമൊട്ടാകെ ഒറ്റ വിലയാകും. കേന്ദ്രവും സംസ്ഥാനവും വെവ്വേറെ നികുതി പിരിക്കുന്ന സ്ഥിതി വിശേഷമുണ്ടാകില്ല. ഇപ്പോഴത്തെ ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാര്‍ നിസ്സഹായരാണ്. രാജ്യത്ത് ഇന്ധന വില തീരുമാനിക്കാനുള്ള അധികാരം കമ്പനികള്‍ക്കാണ്. അവര്‍ തന്നെയാണ് പെട്രോള്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും ശുദ്ധീകരിക്കുന്നതും. കേന്ദ്രത്തിന് എണ്ണക്കമ്പനികളോട് വില കുറക്കാന്‍ ആവശ്യപ്പെടാനാകില്ലെന്നുമാണ് മന്ത്രി പറയുന്നത്. (പ്രധാന തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ വില പിടിച്ചു നിര്‍ത്താന്‍ കമ്പനികളോട് ആവശ്യപ്പെടാറുണ്ടെന്ന കാര്യം തത്കാലം വിസ്മരിക്കാം)
പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാണെന്ന് 2017 ഡിസംബറില്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രസ്താവിച്ചിരുന്നു. ഡീസലും പെട്രോളും ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാറിന്റെ നിലപാടെന്തെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം പാര്‍ലിമെന്റില്‍ ചോദ്യമുന്നയിച്ചപ്പോഴാണ് അരുണ്‍ ജെയ്റ്റ്‌ലി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനങ്ങളുമായി സമവായമുണ്ടായ ശേഷമേ ഇക്കാര്യം പരിഗണിക്കാനാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് സമ്മര്‍ദം ചെലുത്തുമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനക്കു തൊട്ടുപിറകെ അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും അറിയിക്കുകയുണ്ടായി.
അന്താരാഷ്ട്ര തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എണ്ണവില നിശ്ചയിക്കുന്നത്. ഇതടിസ്ഥാനത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില കുറവാണെന്നിരിക്കെ നിലവില്‍ ഇന്ത്യയില്‍ ഇന്ധന വില കുറയുകയാണ് വേണ്ടത്. എന്നാല്‍ ഇവിടെ വില ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം 14 തവണയും ഫെബ്രുവരി എട്ട് മുതല്‍ 20 വരെ തുടര്‍ച്ചയായി 13 തവണയുമാണ് കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. ഫെബ്രുവരിയില്‍ മാത്രം പെട്രോളിന് മൂന്നേകാല്‍ രൂപയും ഡീസലിന് മൂന്നര രൂപയും വര്‍ധിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില മൂന്നക്കം കടക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് ഇന്ധന വില ജി എസ് ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് സമ്മതമാണെന്ന് ധനമന്ത്രി വ്യക്തമാക്കിയത്.

ജി എസ് ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വന്‍തോതില്‍ ഇടിയുമെന്നതില്‍ സന്ദേഹമില്ല. നികുതിയിനത്തില്‍ കേന്ദ്രവും സംസ്ഥാനവും കൂടി ഇപ്പോള്‍ ഈടാക്കുന്ന നികുതി അടിസ്ഥാന വിലയുടെ ഒന്നര മടങ്ങ് വരും. ഉപഭോക്താവ് ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ കേന്ദ്ര ഖജനാവിലേക്ക് പോകുന്നത് 32.90 രൂപയും സംസ്ഥാന ഖജനാവിലേക്ക് പോകുന്നത് 22 രൂപയുമാണ്. ഒരു ലിറ്റര്‍ ഡീസലില്‍ ഇത് യഥാക്രമം 31.89 രൂപയും 16 രൂപയുമാണ്. ജി എസ് ടിയുടെ ഏറ്റവും കൂടിയ സ്ലാബ് 28 ശതമാനമാണെന്നിരിക്കെ ജി എസ് ടിയില്‍ പെടുത്തിയാല്‍ ഇന്ധനവില അറുപതിനും എഴുപതിനുമിടയില്‍ പിടിച്ചു നിര്‍ത്താനായേക്കും. എന്നാല്‍ ജി എസ് ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതമാണെന്ന് അടിക്കടി പറയുകയല്ലാതെ കേന്ദ്രം അതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ സംസ്ഥാനങ്ങള്‍ സമ്മര്‍ദം ചെലുത്തുകയോ ചെയ്യുന്നില്ല. ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഇരു വിഭാഗത്തിനും ഉള്ളാലേ താത്പര്യമില്ലെന്നതാണ് വസ്തുത. കേരള ധനകാര്യ മന്ത്രി തോമസ് ഐസക് അക്കാര്യം വെട്ടിത്തുറന്നു പറഞ്ഞിട്ടുമുണ്ട്. കേന്ദ്രം മതിയായ നഷ്ടപരിഹാരം നല്‍കിയാലല്ലാതെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും അല്ലെങ്കില്‍ കേന്ദ്രം വര്‍ധിപ്പിച്ച നികുതി കുറക്കുകയാണ് വേണ്ടതെന്നും തോമസ് ഐസക് ഇന്നലെ വ്യക്തമാക്കുകയുണ്ടായി.

മുഖ്യമായും വിദേശ വരുമാനത്തെയും വാണിജ്യ, കൃഷിയെയും സേവന മേഖലയെയും ആശ്രയിച്ചു വളരുന്ന കേരളത്തിന്റെ സാമ്പത്തിക മേഖല, ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശവത്കരണം, കാര്‍ഷിക മേഖലയിലെ ഉത്പാദനച്ചെലവിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധന തുടങ്ങിയ കാരണങ്ങളാല്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. 2018ലെയും 2019ലെയും പ്രളയങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കുകയും ചെയ്തു. കേന്ദ്ര സഹായമാണ് ഇത്തരം ഘട്ടങ്ങളില്‍ സംസ്ഥാനങ്ങളുടെ രക്ഷക്കെത്തുക. എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ കേന്ദ്ര സഹായം പരിമിതമാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് അര്‍ഹമായ സഹായം നല്‍കിയില്ല. പല വിദേശ രാഷ്ട്രങ്ങളും വെച്ചുനീട്ടിയ സഹായം വാങ്ങാന്‍ അനുവദിച്ചതുമില്ല. ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ കടമെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കാറുണ്ടെങ്കിലും അതും വിലക്കി. ജി എസ് ടി കുടിശ്ശികയില്‍ നല്‍കാനുള്ള വിഹിതവും യഥാവിധി നല്‍കുന്നില്ല. ആകെക്കൂടി സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ഇന്ധനവില കൂടി ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേരളം കൊടും ദുരിതത്തിലാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടിയില്‍ ഉള്‍പ്പെടുത്താമെന്ന കേന്ദ്ര പ്രസ്താവന ഒരു രാഷ്ട്രീയ തന്ത്രമാണെന്നാണ് സംസ്ഥാനങ്ങള്‍ ആരോപിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിന് കേന്ദ്രം സഹകരിക്കാത്ത കാലത്തോളം ആ നീക്കത്തെ സംസ്ഥാനങ്ങള്‍ എതിര്‍ക്കും. അതോടെ ഇന്ധന വിലയുടെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ പിരടിയില്‍ കെട്ടിവെച്ച് കേന്ദ്രത്തിന് കൈകഴുകി രക്ഷപ്പെടാം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഈ രാഷ്ട്രീയക്കളിയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരാണ്. ഒന്നുകില്‍ ഇരു വിഭാഗവും സമവായത്തിലെത്തി ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുക. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച അമിത നികുതി ഭാരം ഒഴിവാക്കുക. അതുവഴി, ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest