Connect with us

Kerala

പാലക്കാട് നഗരത്തില്‍ വൻ തീപ്പിടിത്തം; രണ്ട് ഹോട്ടലുകള്‍ കത്തിനശിച്ചു

Published

|

Last Updated

പാലക്കാട് | നഗരത്തിലുണ്ടായ തീപ്പിടിത്തത്തിൽ  രണ്ട് ഹോട്ടലുകള്‍ കത്തിനശിച്ചു. സ്‌റ്റേഡിയം ബൈപ്പാസ് റോഡില്‍ സ്ഥിതി ചെയ്യുന്ന നൂര്‍ജഹാന്‍ ഓപ്പണ്‍ ഗ്രില്‍, അറേബ്യന്‍ ഗ്രില്‍ ഹോട്ടലുകളുമാണ് കത്തിനശിച്ചത്. രാവിലെ 11. 45നോടെ നൂര്‍ജഹാന്‍ ഓപ്പണ്‍ ഗ്രില്‍ ഹോട്ടലിലാണ് ആദ്യം തിപ്പിടിച്ചത്. തീ ആളികത്തിയതിനെ തുടര്‍ന്ന് സമീപമുള്ള അറേബ്യന്‍ ഗ്രില്‍ ഹോട്ടലും കത്തിനശിക്കുകയായിരുന്നു. തീപിടുത്തമുണ്ടാകുമ്പോള്‍ നൂര്‍ജഹാന്‍ ഹോട്ടലില്‍ സ്ത്രീകളടക്കം ഇരുപതോളം ജീവനക്കാർ ജോലിക്കുണ്ടായിരുന്നു. തീപ്പിടുത്തത്തിന്റെ ശബ്ദം കേട്ട് എല്ലാവരും പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

വിവരം അറിഞ്ഞയുടനെ മൂന്ന് യൂനിറ്റ് ഫയര്‍എന്‍ജിന്‍ എത്തി. ഹോട്ടലിന്റെ മുന്‍ഭാഗത്തെ ജനറേറ്ററില്‍ നിന്ന് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് നിലകളിലായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഉച്ചക്ക്‌ ശേഷമാണ് തുറന്ന് പ്രവര്‍ത്തിക്കുകയെന്നതിനാല്‍ ജീവനക്കാര്‍ മാത്രമേ അപകടസമയത്തുണ്ടായിരുള്ളു. അഗ്നിശമന സേനഎത്തി ഉടനെ തീഅണച്ചതിനാല്‍ ഹോട്ടലിന് അകത്തുള്ള ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടുന്നത് തടയാനും അത് വഴി വന്‍ദുരന്തം ഒഴിവാക്കാനും സാധിച്ചു.

മൂന്ന് നില കെട്ടിടങ്ങളിലായി ഓരോന്ന് വീതം അടുക്കളയുമുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. തീപ്പിടുത്തത്തില്‍ ഹോട്ടലിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും അടുക്കള സാമഗ്രികളും അടക്കം പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. തീ അണച്ചതിന് ശേഷം ഹോട്ടലിനകത്തെ  ഗ്യാസ് സിലിണ്ടറുകള്‍ ഫയര്‍ ഫോഴ്‌സ് പുറത്തെടുത്ത് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

സമീപമുള്ള അറേബ്യന്‍ ഗ്രില്‍ ഹോട്ടലിലെ ജീവനക്കാരും നൂര്‍ജഹാന്‍ ഹോട്ടലില്‍ തീപിടിക്കുന്നത് കണ്ട് പുറത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ ഹോട്ടലിലെ തീ ഫയര്‍ ഫോഴസ് ഉടനെ തീ അണച്ചതിനാല്‍ ഭാഗികമായാണ് കത്തി നശിച്ചത്. ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ അരുണ്‍ ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് മണിയോടെയാണ് ഹോട്ടലുകളിലെ തീ പൂര്‍ണ്ണമായും അണച്ചത്. തീപ്പിടത്തത്തെ തുടര്‍ന്ന് ഈ വഴിയുള്ള ഗതാഗതവും മണിക്കൂറോളം സ്തംഭിച്ചു.