Connect with us

Kerala

ആദ്യകാല വനിതാ ഫുട്‌ബോള്‍ താരവും പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു

Published

|

Last Updated

കോഴിക്കോട് | കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോള്‍ താരവും പരിശീലകയുമായി ഫൗസിയ മാമ്പറ്റ അന്തരിച്ചു. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫുട്ബോള്‍ ടീം പരിശീലകയായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 11.30 ന് കോഴിക്കോട് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ദേശീയ ഗെയിംസ് വനിതാ ഫുട്ബോളിലും കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും കേരളത്തിന്റെ ഗോള്‍വല കാത്തത് ഫൗസിയയായിരുന്നു. കോഴിക്കോട് മാമ്പറ്റ കുഞ്ഞിമൊയ്തി-ബിച്ചിവി ദമ്പതിമാരുടെ ആറുമക്കളില്‍ നാലാമത്തെ കുട്ടിയായ ഫൗസിയ നടക്കാവ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് കായികരംഗത്തെത്തുന്നത്. തുടക്കം ഹാന്‍ഡ്ബോളിലായിരുന്നു. പിന്നീട് പല കായിക ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. വെയ്റ്റ് ലിഫ്റ്റിംഗില്‍ സംസ്ഥാന ചാമ്പ്യന്‍, പവര്‍ ലിഫ്റ്റിംഗില്‍ ദക്ഷിണേന്ത്യയില്‍ മൂന്നാം സ്ഥാനം, ജൂഡോയില്‍ സംസ്ഥാന തലത്തില്‍ വെങ്കലം തുടങ്ങിയ നേട്ടങ്ങള്‍ കരസ്ഥമാക്കി. ഹാന്‍ഡ്ബോള്‍ സംസ്ഥാന ടീമംഗം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിങ്ങനെയും ഫൗസിയ തന്റെ കായിക പ്രതിഭ തെളിയിച്ചു.

2003-ല്‍ കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്ബോള്‍ ടീം പരിശീലകയായി ചുമതലയേറ്റ വര്‍ഷം തന്നെ കേരളാ ടീമിലേക്ക് ജില്ലയില്‍ നിന്ന് നാലുപേരെയാണ് നല്‍കാന്‍ ഫൗസിയക്ക് കഴിഞ്ഞു. 2005 മുതല്‍ 2007 വരെ സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചതും ഫൗസിയയായിരുന്നു. 2005-ല്‍ മണിപ്പുരില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമതെത്തിയ കേരള ടീമിന്റെ പരിശീലകയായിരുന്നു. 2006-ല്‍ ഒഡീഷയില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവര്‍ത്തിച്ചു.