Connect with us

Kerala

കേരളത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാന മന്ത്രി ഇന്ന് നിര്‍വഹിക്കും

Published

|

Last Updated

തിരുവനന്തപുരം | അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ലാന്റ് ഉള്‍പ്പെടെ കേരളത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം. 2000 മെഗാവാട്ട് പുഗലൂര്‍ തൃശൂര്‍ പവര്‍ ട്രാന്‍സ്മിഷന്‍ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട് , തിരുവനന്തപുരത്തെ 37 കിലോമീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ്, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവയുടെ ശിലാസ്ഥാപനവും പ്രധാന മന്ത്രി നിര്‍വഹിക്കും.

വൈകിട്ട് 4.30നാണ് അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ലാന്റ് നാടിന് സമര്‍പ്പിക്കുക. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. 75 ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള പ്ലാന്റാണ് പുതിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തിരുവനന്തപുരം നഗരസഭയുടെയും ധനസഹായത്തോടെ, അമൃത് പദ്ധതിക്കു കീഴിലാണ് പ്ലാന്റ് പൂര്‍ത്തീകരിച്ചത്. 56.89 കോടി രൂപയാണ് പ്ലാന്റിന്റെ നിര്‍മാണത്തിനായി ചെലവിട്ടത്. 15 മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയായത്. ശുദ്ധജല പമ്പ് ഹൗസ്, 35 ലക്ഷം ലിറ്ററിന്റെ ശുദ്ധജല സംഭരണി, സബ് സ്റ്റേഷന്‍ ട്രാന്‍സ്‌ഫോമറുകള്‍ എന്നിവയാണ് പ്ലാന്റിലുള്ളത്. നിലവിലുളള വിതരണം വര്‍ധിപ്പിക്കുന്നതിന് പുറമേ തിരുമല, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, എന്നിവിടങ്ങളില്‍ കൂടുതല്‍ കുടിവെള്ളം എത്തിക്കാനും പുതിയ പ്ലാന്റ് സഹായിക്കും. പൂര്‍ണ ഓട്ടോമറ്റിക് സ്‌കാഡ സംവിധാനം വഴി ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനങ്ങള്‍ വിരല്‍തുമ്പില്‍ നിയന്ത്രിക്കാം.