Connect with us

പുതുച്ചേരിയില്‍ നാല് കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ കേവലഭൂരിപക്ഷം നഷ്ടപ്പെട്ട് ആടിയുലഞ്ഞ സര്‍ക്കാരിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ പുതിയ നാണക്കേടില്‍ അകപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്സും മുഖ്യമന്ത്രി വി നാരായണസ്വാമിയും.

മത്സ്യതൊഴിലാളികളുമായി സംവദിക്കാനെത്തിയ രാഹുല്‍ഗാന്ധിയോട് സര്‍ക്കാരിനെക്കുറിച്ചും  മുഖ്യമന്ത്രി നാരായണസ്വാമിയെക്കുറിച്ചുമുള്ള മത്സ്യതൊഴിലാളി സ്ത്രീയുടെ പരാതികൾ സര്‍ക്കാരിനുള്ള അഭിനന്ദനമാണെന്ന് നാരായണസ്വാമി പരിഭാഷപ്പെടുത്തിയതാണ് വിവാദമായത്.  തമിഴിൽ പറഞ്ഞ വാചകങ്ങൾ തെറ്റായി പരിഭാഷപ്പെടുത്തിയത് സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം വ്യാപകമായി പ്രചരിക്കുന്നുണ്ട്.  രാഹുൽഗാന്ധിയുടെ മുന്നിൽ രക്ഷപ്പെടാൻ നടത്തിയ പുതുച്ചേരി മുഖ്യമന്ത്രിയുടെ ഈ നടപടി വലിയ വിമര്ശനത്തിനാണ് ഇടയാക്കിയിരിക്കുകയാണ്.

നിവാർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കഷ്ടപ്പാടുകളിൽ സർക്കാർ കൂടെ നിന്നില്ലെന്നായിരുന്നു സ്ത്രീയുടെ  പരാതി. ചുഴലിക്കാറ്റിൽ വീടും കടകളും എല്ലാം തകർന്നു. ഒരാൾ പോലും, സ്റ്റേജിലുള്ള മുഖ്യമന്ത്രി പോലും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചില്ലെന്നും സ്ത്രീ പറയുന്നു. രോഷത്തോടെയുള്ള ഈ വാക്കുകൾക്ക് നാട്ടുകാർ വലിയ കയ്യടികൾ നല്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്നാൽ ഈ പരാതികൾക്ക്‌ വിധേയനായ മുഖ്യമന്ത്രി നാരായണസ്വാമിയുടെ മൊഴിമാറ്റം മറിച്ചായിരുന്നു. നിവർ ചുഴലിക്കാറ്റിന്റെ സമയത്ത് താൻ സംഭവസ്ഥലത്ത് സന്ദർശനം നടത്തിയെന്നും ദുരിതത്തിൽ പെട്ടവർക്ക് ആശ്വാസം നൽകിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഭാഷ.

ഇതൊരു ഉദാഹരണം മാത്രമാണെന്നാണ് സോഷ്യൽമീഡിയ വിലയിരുത്തുന്നത്. ജനങ്ങളുടെ ആഗ്രഹങ്ങളും ആശങ്കകളും അല്ല, തങ്ങൾക്ക് ലാഭമുണ്ടാകുന്നത് മാത്രമാണ് ശരാശരി കോൺഗ്രസ്സുകാരും നേതാക്കളോട് പങ്കുവെക്കുന്നത് എന്ന സത്യമാണ് ഈ ഒറ്റസംഭവത്തിലൂടെ പുറത്ത് വന്നത്. ഒരു നാൾ കള്ളി വെളിച്ചത്തായെന്ന് ചുരുക്കം. കോൺഗ്രസ്സെന്നല്ല എല്ലാ കക്ഷികളും കണക്ക് തന്നെ. സാധാരണ ജനങ്ങളുടെ ജീവൽപ്രശനങ്ങളും അടിസ്ഥാന ആവശ്യങ്ങളും പരിഗണിക്കാൻ തയ്യാറാവാത്ത എല്ലാ ഭരണകൂടങ്ങൾക്കും ആയുസ്സ് കുറവായിരിക്കുമെന്നതുകൂടി തിരിച്ചറിയുന്നത് നന്നാകും.-സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾ ഇങ്ങനെ.

പുതുച്ചേരിയിലെത്തിയ രാഹുൽഗാന്ധിയെ കണ്ട ആശ്ചര്യത്തിൽ തുള്ളിച്ചാടുന്ന പെൺകുട്ടിയുടെ വീഡിയോയും ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്.

നാല് എംഎൽഎ മാർ രാജിവെച്ചു; കേവഭൂരിപക്ഷം നഷ്ടം

മുൻപുതുച്ചേരി കോൺഗ്രസ്സ് അധ്യക്ഷൻ നമഃശിവായത്തിനും മന്ത്രി കൃഷണറാവുവിനും പിന്നാലെ രണ്ട് എം എൽ എ മാർകൂടി കഴിഞ്ഞ ദിവസം രാജി വെച്ചത് നാരായണസ്വാമി സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. രാജിവെച്ചവരൊക്കെയും ബി ജെ പി യിൽ ചേരുമെന്നാണ് റിപോർടുകൾ. അവിശ്വാസപ്രമേയത്തിലേക്ക് പ്രതിപക്ഷം കടക്കാനൊരുങ്ങുമ്പോൾ ഭരണം ഏതുവിധേനയും നിലനിർത്തുമെന്ന നിലപിടിലാണ് കോൺഗ്രസ്സ്.

Latest