സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകുമോ?

Posted on: February 18, 2021 5:00 am | Last updated: February 18, 2021 at 1:20 am

കൗണ്ടര്‍ കറന്റ് പ്രസിദ്ധീകരണത്തില്‍ അതിന്റെ സ്ഥാപകനായ ബിനു മാത്യു എഴുതിയ ഒരു കുറിപ്പില്‍ നിന്ന് ഉദ്ധരിച്ചു കൊണ്ട് തുടങ്ങട്ടെ.

“ഞാന്‍ 2002ല്‍ കൗണ്ടര്‍ കറന്റ് സ്ഥാപിക്കുമ്പോള്‍ ഇക്കഴിഞ്ഞ ദിവസം രാജ്യദ്രോഹത്തിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ദിശാ രവി രണ്ട് വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞായിരുന്നു.’

2002ല്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് അളവ് 370 പി പി എം (ദശലക്ഷത്തില്‍) ആയിരുന്നു. കഴിഞ്ഞ വെറും 19 വര്‍ഷങ്ങള്‍ കൊണ്ട് കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ഷം തോറും രണ്ട് പി പി എം വീതം വര്‍ധിച്ച് ഇപ്പോള്‍ 415 ആയിരിക്കുന്നു. മറ്റു ഹരിതഗൃഹ വാതകങ്ങളായ മീഥേനും നൈട്രജന്റെ ഓക്‌സൈഡുകളും ചേര്‍ന്നാല്‍ അത് 500 പി പി എം ആകും. ഇതേ രീതിയില്‍ വര്‍ധന തുടര്‍ന്നാല്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉത്തര ധ്രുവത്തില്‍ ഒരു തരി മഞ്ഞ് ഉണ്ടാകില്ല. സമുദ്ര നിരപ്പ് പല അടി ഉയര്‍ന്ന് ഇന്ത്യയടക്കം നിരവധി രാജ്യങ്ങളുടെ തീരപ്രദേശങ്ങള്‍ മുങ്ങിപ്പോകും. അവിടെയെല്ലാം ജീവിതം അസാധ്യമാകും. ഈ സാഹചര്യത്തിലാണ് ദിശാ രവിയും 18 വയസ്സുകാരി ഗ്രേറ്റയും കാലാവസ്ഥാ നീതിക്കായി പോരാടുന്നത്. ഇത് അവര്‍ വ്യക്തിപരമായ ഒരു ആവശ്യത്തിന് വേണ്ടി ചെയ്യുന്ന ഒന്നല്ല. മനുഷ്യ രാശിക്കു മുഴുവന്‍ വേണ്ടിയാണ്. ഭൂമുഖത്ത് മനുഷ്യ വംശം നിലനില്‍ക്കണമെങ്കില്‍ അവരുടെ പോരാട്ടം വിജയിക്കണം. മുതിര്‍ന്ന തലമുറ അവരെ ശ്രദ്ധിക്കണം. അവര്‍ പറയുന്നതനുസരിച്ച് പെരുമാറണം. എന്നാല്‍ എന്താണ് സംഭവിച്ചത്?

കര്‍ഷകരുമായി ഒരു വിധ ആലോചനയും നടത്താതെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ സ്വന്തം ഭൂമിയില്‍ കര്‍ഷകരെ അഗതികളാക്കും എന്ന് തിരിച്ചറിഞ്ഞ കര്‍ഷകര്‍ നടത്തുന്ന ജനകീയ സമരത്തെ പിന്തുണക്കുന്ന ഒരു സാമൂഹിക മാധ്യമ സംവിധാനം (ടൂള്‍കിറ്റ്) ഉണ്ടാക്കാന്‍ സഹായിച്ചുവെന്ന കുറ്റത്തിന് ഡല്‍ഹി പോലീസ് ദിശാ രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നു.

ലോകത്തെ വന്‍കിട അഗ്രി ബിസിനസ് കോര്‍പറേറ്റുകളുടെ വെറും കരാര്‍ കൃഷിക്കാരായി കര്‍ഷകര്‍ മാറുന്നു എന്നതാണ് ഈ നിയമം മൂലം ഉണ്ടാകുന്ന മറ്റൊരു ദ്രോഹം.

മഹാത്മാ ഗാന്ധിയടക്കം നിരവധി സ്വാതന്ത്ര്യ സമര നേതാക്കള്‍ക്കെതിരെ ബ്രിട്ടീഷ് ഭരണകൂടം പ്രയോഗിച്ച രാജ്യദ്രോഹമെന്ന സാമ്രാജ്യത്വ കരിനിയമം ഉപയോഗിച്ചാണ് ദിശയെ ഇപ്പോള്‍ അറസ്റ്റ് ചെയ്ത് തടവില്‍ ഇട്ടിരിക്കുന്നത്. അവരെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസ് പറയുന്നത്, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ യശസ്സ് കെടുത്തുന്നുവെന്നാണ്. എന്താണ് ആ കുട്ടി ചെയ്ത കുറ്റം? ദിശാ രവി രൂപം നല്‍കിയ ഒരു ടൂള്‍കിറ്റ് (ഗൂഗിള്‍ ഡോക്) ഗ്രേറ്റ ട്വീറ്റ് ചെയ്തു എന്നതത്രെ കുറ്റം. അധികാരമുണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഗ്രേറ്റക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ജയിലില്‍ അടക്കുമായിരുന്നു. അതിനു കഴിയാത്തതിനാല്‍ അവരുടെ സഹയാത്രിക ദിശയെ അറസ്റ്റ് ചെയ്തു.

കര്‍ഷക സമരത്തെ എങ്ങനെ പിന്തുണക്കണം എന്ന് ജനങ്ങളോട് പറയുന്ന ഒരു ടൂള്‍കിറ്റ് എങ്ങനെയാണ് രാജ്യദ്രോഹമാകുക? അങ്ങനെയെങ്കില്‍ നമ്മുടെ രാഷ്ട്രം ഒരു ആത്മപരിശോധന നടത്തണം. സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നത് എങ്ങനെയാണ് രാജ്യദ്രോ ഹമാകുക? ഒരു ലഘുലേഖയോ ടൂള്‍കിറ്റോ ഉണ്ടാക്കുന്നത് എന്നു മുതലാണ് രാജ്യദ്രോഹമായത്? അങ്ങനെയെങ്കില്‍ സര്‍ക്കാറുമായി അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അത് വിളിച്ചുപറയുന്നത് രാജ്യദ്രോഹമാകും. ലളിതമായി പറഞ്ഞാല്‍ ഇന്ത്യന്‍ മണ്ണില്‍ ഫാസിസം മേല്‍ക്കൈ നേടിയിരിക്കുന്നു. ദിശാ രവി അതിന്റെ ഒടുവിലത്തെ ഇര മാത്രം.

കാലാവസ്ഥാ മാറ്റം എന്നതു സംബന്ധിച്ച് ഒരു കൂട്ടം സ്‌കൂള്‍ വിദ്യാര്‍ഥികളോട് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഏറെ പ്രസിദ്ധമാണല്ലോ. “മാറുന്നത് കാലാവസ്ഥയല്ല മറിച്ച് നമ്മളാണ്’. ഇദ്ദേഹം ഭരിക്കുന്ന നാട്ടില്‍ കാലാവസ്ഥാ മാറ്റം എന്ന വിഷയം ഉന്നയിക്കുന്നവരെ തടവിലിടുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിന്റെയും അതിനെ നേരിടുന്ന സര്‍ക്കാര്‍ നടപടികളുടെയും പശ്ചാത്തലത്തില്‍ വേണം ഈ അറസ്റ്റിനെ കാണാന്‍ എന്നതാണ് സത്യം.

സര്‍ക്കാറിന്റെ പാത പിന്തുടരാന്‍ തയ്യാറാകാത്ത ദേശീയ മുഖ്യധാരയിലെ നിരവധി മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും നിശ്ശബ്ദരാക്കിയ സര്‍ക്കാറാണിത്. തങ്ങളെ പിന്തുണക്കുന്നവരെ എല്ലാ വിധത്തിലും സഹായിക്കുന്നു. എതിര്‍ക്കുന്നവരെ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് പീഡിപ്പിക്കുന്നതും നാം കാണുന്നു. അതുകൊണ്ട് മിക്കവാറും മുഖ്യധാരാ മാധ്യമങ്ങള്‍ ചരിത്രപ്രധാനമായ കര്‍ഷക സമരത്തെ അവഗണിക്കുന്നു. ഈ ചരിത്രഘട്ടത്തെ പൊതു സമൂഹത്തിലെത്തിക്കുന്ന കടമ നിര്‍വഹിക്കുന്നത് സാമൂഹിക മാധ്യമങ്ങളാണ്. ഈ സമരത്തെ ശക്തമായി പിന്തുണക്കുന്ന ന്യൂസ് ക്ലിക് എന്ന സാമൂഹിക മാധ്യമത്തെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി 100 മണിക്കൂര്‍ നീണ്ട റെയ്ഡ് നടത്തി തകര്‍ക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ സ്ഥാപനത്തിന്റെ ഓഫീസ് പൂട്ടിച്ചതും നാം കണ്ടു.

എന്തുകൊണ്ടാണ് എല്ലാവിധ അഭിപ്രായ സ്വാതന്ത്ര്യങ്ങളെയും സര്‍ക്കാര്‍ എതിര്‍ക്കുന്നത്? ദിശക്കും പൗരസ്വാതന്ത്ര്യമില്ലേ? അഭിപ്രായ സ്വാതന്ത്ര്യമെന്നത് ഇന്ത്യയില്‍ അവസാനിച്ചു എന്നും ഫലത്തില്‍ ഒരു ഫാസിസ്റ്റ് ഭരണകൂടം നിലവില്‍ വന്നു എന്നും കരുതേണ്ടി വരുമോ?

മുസ്സോളിനിയുടെ പ്രത്യയശാസ്ത്രത്തില്‍ പടുത്തുയര്‍ത്തിയ ആര്‍ എസ് എസ് ആണല്ലോ ഈ സര്‍ക്കാറിന്റെ ബുദ്ധികേന്ദ്രം. ദിശയുടെ പിന്നാലെ നിഖിതയടക്കം നിരവധി പേര്‍ക്കെതിരെ വാളുകള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തെ തിരിച്ചു പിടിക്കാന്‍ കൂട്ടായ പോരാട്ടങ്ങള്‍ അനിവാര്യമാണ്.