Connect with us

Covid19

കൊവിഡ്: റുവൈസില്‍ മൂന്നാഴ്ച യാത്രാനിയന്ത്രണം

Published

|

Last Updated

അബൂദബി | കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി യു എ ഇയുടെ എണ്ണ നഗരമായ റുവൈസില്‍ സന്ദര്‍ശനങ്ങള്‍ക്ക് മൂന്നാഴ്ചത്തേക്ക് നിരോധനം. അബൂദബി നഗരത്തില്‍ നിന്നും 250 കിലോമീറ്റര്‍ പടിഞ്ഞാറുള്ള റുവൈസ് നഗരം വിട്ടുപോകാന്‍ താമസക്കാര്‍ക്ക് അനുമതിയുണ്ടെങ്കിലും മടങ്ങിവരുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് 19 പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

സാക്ഷ്യപത്രവുമായി ബന്ധപ്പെട്ട എസ് എം എസ് സന്ദേശം ലഭിച്ചതോടെയാണ് 48 മണിക്കൂര്‍ കാലയളവ് ആരംഭിക്കുന്നത്. സാധുവായ പരിശോധനാ ഫലങ്ങളുള്ളവര്‍ മാത്രമേ റുവൈസില്‍ വീണ്ടും പ്രവേശിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുന്നതിന് നഗരത്തിന് ചുറ്റും സ്ഥാപിക്കുന്ന ചെക്ക്‌പോസ്റ്റുകളില്‍ സുരക്ഷാ പരിശോധന നടത്തും.
വാക്സിനേഷന്‍ ലഭിച്ച ആളുകള്‍ക്കും നിയമം ബാധകമായിരിക്കും. റുവൈസ് ലൈഫ് എന്ന ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ട് വഴിയാണ് പുതിയ നിയന്ത്രണം പൊതുജനങ്ങളെ അറിയിച്ചത്. കഴിഞ്ഞ ഞായര്‍ മുതല്‍ പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വന്നതായും അടുത്ത മൂന്നാഴ്ചത്തേക്ക് ഇത് ബാധകമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഗേറ്റ് നമ്പര്‍ 5, 6 വഴി മാത്രമേ നഗരത്തില്‍ നിന്നും പുറത്തുപോകാന്‍ അനുവദിക്കുകയുള്ളൂ. അഡ്‌നോക് ജീവനക്കാര്‍ ഗേറ്റ് 1 വഴി വ്യവസായ മേഖലയിലേക്ക് പ്രവേശിക്കണം. നഗരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കൊവിഡ് 19 പരിശോധനയും വാക്‌സിന്‍ കുത്തിവെപ്പും തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഒരുകാലത്ത് മത്സ്യബന്ധന ഗ്രാമമായ റുവൈസ് നഗരം ഇപ്പോള്‍ എമിറേറ്റ്‌സിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയാണ്. 25,000ത്തോളം ആളുകളാണ് നിലവില്‍ റുവൈസില്‍ താമസിക്കുന്നത്.