Connect with us

Kerala

തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമെന്ന് പ്രവാസി വ്യവസായി

Published

|

Last Updated

കോഴിക്കോട് | ക്വട്ടേഷന്‍ സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് നാദാപുരം തൂണേരിയിലെ പ്രവാസി വ്യവസായി എം ടി കെ അഹമ്മദ്. ഖത്വറിലെ ബിസിനസ് പങ്കാളികളാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഖംമൂടി ധാരികളാണ് തന്നെ കൊണ്ടുപോയത്. ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. തടവിലിട്ടിരുന്ന കേന്ദ്രത്തില്‍ നിന്നും ഒരുപാട് ദൂരം വാഹനത്തില്‍ കൊണ്ടുപോയ ശേഷം 500 രൂപ കൈയില്‍ തന്ന ശേഷം രാമനാട്ടുകരയില്‍ വിട്ടയക്കുകയായിരുന്നു. ബോസ് വിടാന്‍ പറഞ്ഞതിനാല്‍ വിട്ടയക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്. താന്‍ ഒരാള്‍ക്കും പണം കൊടുക്കാനില്ലെന്നും അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ നിസ്‌കാരത്തിനായി പള്ളിയില്‍ പോകുന്നതിനിടെയാണ് ഇന്നോവ കാറിലെത്തിയ സംഘം അഹമ്മദിനെ തട്ടിക്കൊണ്ടുപോയത്. അഹമ്മദിന്റെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം കാറിനകത്തേക്ക് വലിച്ചു കയറ്റുകയായിരുന്നു. പിന്നാലെ കൈകാലുകള്‍ കെട്ടിയിടുകയും കണ്ണ് കെട്ടുകയും ചെയ്തു. പിന്നീട് ഒരിടത്ത് ഒരു മുറിയിലിട്ട് അടച്ചിടുകയായിരുന്നു. ഭക്ഷണം നല്‍കിയ സംഘം അവര്‍ പറയുന്ന രീതിയില്‍ ചിലര്‍ക്ക് സന്ദേശങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടതായും അഹമ്മദ് പറഞ്ഞു. അഹമ്മദിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കള്‍ക്ക് സന്ദേശവും ലഭിച്ചിരുന്നു.

Latest