Connect with us

Ongoing News

തിരിച്ചടിച്ച് ഇന്ത്യ; രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന്റെ ഗംഭീര വിജയം

Published

|

Last Updated

ചെന്നൈ | ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മധുരമായി തിരിച്ചടിച്ച് ഇന്ത്യ. രണ്ടാം മത്സരത്തില്‍ 317 റണ്‍സിന്റെ ഗംഭീര വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടു വച്ച 482 റണ്‍സ് എന്ന വന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഒരു ദിവസം ശേഷിക്കേ 164ല്‍ അടിയറവ് പറഞ്ഞു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1).

ഇന്ത്യയുടെ സ്പിന്‍ ത്രയമാണ് ഇംഗ്ലണ്ട് ബാറ്റിംഗിന്റെ മുനയൊടിച്ചത്. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍ (മൂന്ന്), കുല്‍ദീപ് യാദവ് (രണ്ട്) എന്നിവര്‍ ചേര്‍ന്ന് കിടയറ്റ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ പിച്ചിച്ചീന്തുകയായിരുന്നു. അവസാന വിക്കറ്റില്‍ രണ്ടും കല്‍പ്പിച്ച് വീശിയടിച്ച് ടി ട്വന്റിയെ അനുസ്മരിപ്പിച്ച മോയിന്‍ അലിയാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. 18 പന്തില്‍ 43 റണ്‍സാണ് മോയിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെട്ടതായിരുന്നു ഈ ഇന്നിംഗ്‌സ്. മോയിന്‍-സ്റ്റുവര്‍ട്ട് ബ്രോഡ് സഖ്യം നേടിയ 38 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ മികച്ച കൂട്ടുകെട്ട്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നിലയില്‍ നാലാം ദിനം തുടങ്ങിയ ഇംഗ്ലീഷ് ബാറ്റിംഗ് നിരയ്ക്ക് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ബെന്‍ സ്റ്റോക്‌സ് (8), ഒലി പോപ് (12), ബെന്‍ ഫോക്‌സ് (2) എന്നിവരെല്ലാം പെട്ടെന്ന് തിരിച്ചുപോയി. നായകന്‍ ജോ റൂട്ട് ടീമിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും 33ല്‍ നില്‍ക്കേ അക്ഷര്‍ പട്ടേലിന്റെ കറങ്ങുന്ന പന്തിന് കീഴടങ്ങി.

ആദ്യ ഇന്നിംഗ്‌സില്‍ അഞ്ചും രണ്ടാമത്തേതില്‍ മൂന്നും വിക്കറ്റുകളും രണ്ടാം ഇന്നിംഗ്‌സില്‍ ശതകവും നേടിയ അശ്വിനാണ് കളിയിലെ താരം.
സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 329, രണ്ടാം ഇന്നിംഗ്‌സ് 286. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 134, രണ്ടാം ഇന്നിംഗ്‌സ് 164.

Latest