സഊദി അറേബ്യക്കെതിരെ വീണ്ടും ഹൂത്തി ഡ്രോൺ ആക്രമണം; സഖ്യ സേന തകർത്തു

Posted on: February 11, 2021 11:40 pm | Last updated: February 11, 2021 at 11:40 pm

ഖമീസ് മുശൈത്ത് | സഊദി അറേബ്യക്കെതിരെ വീണ്ടും ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണ ശ്രമം സഖ്യ സേന തകർത്തതായി സേന വക്താവ് തുർക്കി അൽമാലികി. കഴിഞ്ഞ ദിവസം തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ പാർക്ക് ചെയ്തിരുന്ന യാത്രാ വിമാനത്തിന് തീപിടിച്ചിരുന്നു.

ആക്രമണം നടത്തി ഇരുപത്തി നാലുമണിക്കൂറിനിടെയാണ് വീണ്ടും ആക്രമണം ശ്രമം നടന്നത്. ഖമീസ് മുശൈത്തിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു വ്യാഴാഴ്ചത്തെ ഡ്രോൺ ആക്രമണം. ഡ്രോൺ ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുൻപ് തന്നെ സൈന്യം തകർത്തതായും വക്താവ് അറിയിച്ചു.

മേഖലയിലുട നീളം ഇറാൻ പിന്തുണയോടെയുള്ള ആക്രമണങ്ങൾ അറബ് രാജ്യങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് സഊദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ കൈറോയിൽ നടന്ന അടിയന്തര അറബ് ലീഗ് യോഗത്തിൽ പറഞ്ഞു.