Connect with us

Kerala

ഒരു സമുദായം എന്നെ വേദനിപ്പിച്ചു; ഇനിയും വേദനപ്പിച്ചാല്‍ ഇതിന്റെ ഇരട്ടിയും പറയും: പി സി ജോര്‍ജ്

Published

|

Last Updated

തൊടുപുഴ | 40 വര്‍ഷം താന്‍ നെഞ്ചില്‍ കൊണ്ടു നടന്ന ഒരു സമുദായം തന്നെ വേദനിപ്പിച്ചുവെന്നും അപ്പോള്‍ ചില കാര്യങ്ങള്‍ തുറന്നു പറയേണ്ടി വന്നുവെന്നും പി സി ജോര്‍ജ് എം എല്‍ എ. വേദനിപ്പിക്കുന്നത് തുടര്‍ന്നാല്‍ ഇനിയും പറയും. ഇതിന്റെ ഇരട്ടിയും പറയും. ഈരാറ്റുപേട്ടയിലെ അഞ്ച് വാര്‍ഡുകളിലും ഇടക്കുന്നം പഞ്ചായത്തിലും മാത്രമാണ് ഈ സമുദായത്തിന് നിര്‍ണായക സ്വാധീനമുളളതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിം സമുദായത്തിനെതിരെ നടത്തിയ ചില ഓഡിയോ സന്ദേശങ്ങളെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ തന്നെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അതാണ് വിജയകാരണമെന്ന അവകാശവാദം പൊളളയാണ്. ഈരാറ്റുപേട്ടയില്‍ 17000 വോട്ടും മുണ്ടക്കയം, പാറത്തോട് മേഖലകളില്‍ 6000 വോട്ടുമടക്കം ഏതാണ്ട് 23000 വോട്ടു മാത്രമാണ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ എസ് ഡി പി ഐക്ക് ഉളളത്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ പിണറായി വിജയന് തുടര്‍ഭരണം ഉറപ്പാണ്. മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും തുരങ്കം വെപ്പിനെ അതിജീവിച്ചാണ് താന്‍ 1980 മുതല്‍ പൂഞ്ഞാറില്‍ ജയിച്ചത്. ഇത്തവണയും പൂഞ്ഞാറില്‍ തന്നെ മല്‍സരിക്കും. 35000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം കിട്ടുകയും ചെയ്യും.

യു ഡി എഫ് സ്ഥാനാര്‍ഥിയായി പൂഞ്ഞാറില്‍ മല്‍സരിക്കുന്നതിന് താല്‍പര്യമുണ്ട്. അതേ സമയം ഏതു മുന്നണി പിന്തുണ നല്‍കിയാലും സ്വീകരിക്കുകയും ചെയ്യും. നിയമസഭാ സമ്മേളനത്തിനിടെ ഉമ്മന്‍ ചാണ്ടി സ്വകാര്യ സംഭാഷണത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യോജിച്ച് പ്രവര്‍ത്തിക്കാനുളള താല്‍പര്യം പ്രകടിപ്പിച്ചു. രമേശ് ചെന്നിത്തലയും ഇതേ താല്‍പര്യം അറിയിച്ചു. താന്‍ യു ഡി എഫില്‍ വരുന്നതിനെ ആരും എതിര്‍ക്കുന്നതായി അറിയില്ല. പി ജെ ജോസഫുമായും പല കാര്യങ്ങളും പങ്കിടാറുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

മകന്‍ ഷോണ്‍ ജോര്‍ജ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തംഗമെന്ന നിലയില്‍ നന്നായി പ്രവര്‍ത്തിക്കാനാണ് ഷോണിന് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.