Connect with us

Editorial

സൈബര്‍ സുരക്ഷക്ക് പുതിയൊരു സേന!

Published

|

Last Updated

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊതുജന പങ്കാളിത്തത്തോടെ സൈബര്‍ വളണ്ടിയര്‍ വിഭാഗത്തിന് രൂപം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സൈബര്‍ തലത്തിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഭീകരവാദം, തീവ്രവാദം, ചൈല്‍ഡ് പോണോഗ്രഫി, ലൈംഗിക പീഡനം തുടങ്ങിയവ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്ററിനു കീഴിലാണ് പുതിയ സംവിധാനം വരുന്നത്. സൈബര്‍ വളണ്ടിയര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ മുഴുവന്‍ തിരിച്ചറിയല്‍ രേഖകളും അപേക്ഷയും നല്‍കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രജിസ്‌ട്രേഷന്‍ നേടിക്കഴിഞ്ഞാല്‍ ആ വിവരം സാമൂഹിക മാധ്യമങ്ങളിലോ പൊതു ഇടങ്ങളിലോ വെളിപ്പെടുത്താന്‍ പാടില്ലെന്ന് പ്രത്യേക നിഷ്‌കര്‍ഷയുണ്ട്. ഇതുസംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അതീവ രഹസ്യമായിരിക്കണം. ജമ്മു കശ്മീര്‍, ത്രിപുര എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ പുതിയ സൈബര്‍ ക്രൈം സെല്‍ പരീക്ഷിക്കപ്പെടുക. ഇതിന്റെ ഫലങ്ങള്‍ വിലയിരുത്തിയ ശേഷമേ രാജ്യവ്യാപകമായി നടപ്പാക്കുകയുള്ളൂ.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സൈബര്‍ പോലീസ്, നോഡല്‍ സൈബര്‍ സെല്‍ തുടങ്ങി നിലവില്‍ തന്നെ പല സംവിധാനങ്ങളുമുണ്ട്. ദേശദ്രോഹം, തീവ്രവാദം തുടങ്ങി മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങളെല്ലാം ഈ ഔദ്യോഗിക ഏജന്‍സികള്‍ക്കു കീഴില്‍ കണ്ടെത്തുകയും പ്രതിരോധിക്കുകയും ചെയ്തു വരുന്നു. പിന്നെന്തിന് പുതിയൊരു സൈബര്‍ വളണ്ടിയര്‍ സേന? സര്‍ക്കാറിനെതിരായ വിമര്‍ശങ്ങളെയും വിയോജിപ്പുകളെയും തടയുകയാണ് സൈബര്‍ ക്രൈം സെല്ലിലൂടെ ഉന്നമാക്കുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വലിയൊരു വിഭാഗം സൈബര്‍ പോരാളികളുണ്ട് സംഘ്പരിവാറിനു കീഴില്‍ രാജ്യത്തുടനീളം. ഇവരെ സര്‍ക്കാര്‍ സംവിധാനത്തിനു കീഴിലാക്കാനും ഇത് സഹായിക്കും. സൈബര്‍ മേഖലയിലെ സംഘ്പരിവാര്‍ ആധിപത്യമായിരിക്കും പരിണതി.

ഡിജിറ്റല്‍ ഇന്ത്യയാണ് താന്‍ വിഭാവനം ചെയ്യുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിക്കടി അവകാശപ്പെടാറുള്ളത്. വലിയ മാറ്റങ്ങളും മുന്നേറ്റങ്ങളുമാണ് ഡിജിറ്റല്‍ മേഖലയുടെ ഗതിവേഗത്തിലുള്ള വളര്‍ച്ച രാജ്യത്തെ ഭരണ, സാമൂഹിക മേഖലകളില്‍ ഉണ്ടാക്കിയത്. കാര്യക്ഷമമായ ഭരണ നിര്‍വഹണത്തിനും സേവനപ്രദാനത്തിനും അത് വഴിതുറന്നു. വ്യാപാര, വ്യവസായ മേഖലകളുടെയും സമ്പദ് ഘടനയുടെയും മികച്ച ഭാവി കരുപ്പിടിപ്പിക്കുന്നതിലും ഇതിന്റെ പങ്ക് വളരെ വലുതാണ്. ഇന്ത്യയെ പോലെ അതിവേഗത്തില്‍ വികസിക്കുന്ന ഒരു വികസ്വര രാഷ്ട്രത്തിന്, വികസിത രാജ്യങ്ങളുമായി മത്സരിക്കാനും സൈബര്‍ മേഖലയുടെ വളര്‍ച്ച സഹായകമാണ്. ഇതൊക്കെയാണെങ്കിലും സൈബര്‍ ലോകത്തെ, പ്രത്യേകിച്ചും സാമൂഹിക മാധ്യമങ്ങളെ ഭരണകൂടങ്ങള്‍ക്ക് ഭയമാണ്. ആശയ പ്രചാരണ രംഗത്ത് മറ്റെന്തിനേക്കാളും ഇന്ന് മുന്നിട്ടുനില്‍ക്കുന്നത് സാമൂഹിക മാധ്യമങ്ങളാണ്. ശക്തമായ നിരവധി ഭരണകൂടങ്ങളെ കടപുഴക്കിയെറിയാന്‍ മാത്രം കരുത്തുറ്റ മുല്ലപ്പൂ വിപ്ലവം സാധ്യമാക്കിയത് സാമൂഹിക മാധ്യമങ്ങളായിരുന്നല്ലോ. അതുകൊണ്ടുതന്നെ ഒരു ഭാഗത്ത് സൈബര്‍ മേഖലയുടെ വളര്‍ച്ചക്കു വേണ്ടി വാദിക്കുമ്പോള്‍, മറ്റൊരു ഭാഗത്തു കൂടി സൈബര്‍ മേഖലയുടെ സ്വതന്ത്രമായ നീക്കത്തിന് തടയിടാനും ശ്രമിക്കുന്നു ഭരണകൂടങ്ങള്‍. പുതിയ സൈബര്‍ വളണ്ടിയര്‍ സേന രൂപവത്കരണത്തിലൂടെ കേന്ദ്രം ലക്ഷ്യമാക്കുന്നതും സൈബര്‍ ലോകത്തിന് മേല്‍ നുകം വെക്കലല്ലേ?

പുതിയ സൈബര്‍ ക്രൈം സെല്ലില്‍ ആര്‍ക്കും അംഗങ്ങളാകാമെന്നാണ് ആഭ്യന്തര വകുപ്പിന്റെ പ്രത്യക്ഷ വാഗ്ദാനമെങ്കിലും അപേക്ഷകനെക്കുറിച്ച് തിരിച്ചറിയല്‍ രേഖകള്‍ വഴി പൂര്‍ണമായും പഠിച്ചറിഞ്ഞ ശേഷമായിരിക്കും രജിസ്‌ട്രേഷന്‍ നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. സ്വാഭാവികമായും കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കാത്ത, ഹിന്ദുത്വ അജന്‍ഡകളെ അംഗീകരിക്കാന്‍ സന്നദ്ധതയുള്ള വ്യക്തികള്‍ക്ക് മാത്രമേ സെല്ലില്‍ അംഗത്വം നല്‍കാന്‍ സാധ്യതയുള്ളൂ. അതോടെ സര്‍ക്കാറിനെതിരായ രചനാത്മകമായ വിമര്‍ശങ്ങളെ പോലും ദേശദ്രോഹമോ തീവ്രവാദമോ ആയി മുദ്രകുത്താന്‍ എളുപ്പമാകും. രാജ്യത്ത് ഇതുവരെ ദേശവിരുദ്ധ ഉള്ളടക്കത്തിനും പ്രവൃത്തികള്‍ക്കും നിയമപരമായ നിര്‍വചനം നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ വിശേഷിച്ചും. ദേശവിരുദ്ധതയെക്കുറിച്ചുള്ള ഈ അവ്യക്തത മുതലെടുത്ത് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെയും ജനാധിപത്യവാദികളെയും സര്‍ക്കാര്‍ അഴിക്കുള്ളിലാക്കിയിട്ടുമുണ്ട്.

സൈബര്‍ ലോകത്തിന് മൂക്കുകയറിടാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗം തന്നെയാണ് ഇപ്പോള്‍ ട്വിറ്ററിനെതിരായ ഭീഷണികളും. കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും രാഷ്ട്രീയക്കാരുടെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ട്വിറ്ററിനോട് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്‌സ്, ഐ ടി മന്ത്രാലയത്തില്‍ നിന്ന് തുടരെത്തുടരെ ഉത്തരവുകള്‍ ലഭിച്ചതായി ട്വിറ്റര്‍ സി ഇ ഒ വെളിപ്പെടുത്തി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ വന്ന ചില സന്ദേശങ്ങളെ ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിനെതിരെ കേന്ദ്രം വാളോങ്ങുന്നതെങ്കിലും “റിഹാന ഇന്ത്യന്‍ സര്‍ക്കാറിനെ പിടിച്ചുലച്ചു”വെന്ന ട്വീറ്റിന് ട്വിറ്റര്‍ സി ഇ ഒ ലൈക്ക് ചെയ്തതാണ് കേന്ദ്ര വൃത്തങ്ങളെ കൂടുതല്‍ ചൊടിപ്പിച്ചത്.

കര്‍ഷക സമര മേഖലകളില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച സി എന്‍ എന്‍ വാര്‍ത്ത പങ്കുവെച്ചുള്ള പ്രശസ്ത പോപ് ഗായിക റിഹാനയുടെ കര്‍ഷക സമരക്കാര്‍ക്ക് അനുകൂലമായ ട്വീറ്റിന് അന്താരാഷ്ട്ര തലത്തില്‍ വന്‍ പിന്തുണ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ട്വിറ്റര്‍ സി ഇ ഒ അതിനു ലൈക്കടിച്ചത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് നിരക്കാത്തതാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള കേന്ദ്ര ഉത്തരവെന്നാണ് ട്വിറ്ററിന്റെ ആദ്യ പ്രതികരണം. ഇതോടെ സര്‍ക്കാറിനെ അനുസരിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് കേന്ദ്ര ഐ ടി മന്ത്രാലയം ഭീഷണി മുഴക്കി. മാത്രമല്ല, ട്വിറ്ററിന് ഭീമമായ പിഴ ചുമത്താനും ഒരു വിഭാഗം ട്വിറ്റര്‍ ജീവനക്കാര്‍ക്കെതിരെ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റം ചുമത്തി കേസെടുക്കാനും ആരംഭിച്ചു കേന്ദ്രം. ഇതേത്തുടര്‍ന്ന് നിലനില്‍പ്പിനു വേണ്ടി കേന്ദ്രം ചൂണ്ടിക്കാട്ടിയ ഏതാനും അക്കൗണ്ടുകള്‍ ട്വിറ്റര്‍ ഇന്നലെ മരവിപ്പിക്കുകയുണ്ടായി. ഇന്ത്യക്കകത്ത് മാത്രമാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്തതെന്നും ഇന്ത്യക്ക് വെളിയില്‍ ഈ അക്കൗണ്ടുകളെല്ലാം സജീവമായിരിക്കുമെന്നുമുള്ള അറിയിപ്പോടെയായിരുന്നു ട്വിറ്ററിന്റെ നടപടി.