148 കേസുകളില്‍ ജാമ്യം നേടിയ ഖമറുദ്ദീന്‍ ഇന്ന് പുറത്തിറങ്ങും

Posted on: February 11, 2021 8:55 am | Last updated: February 11, 2021 at 2:36 pm

കാസര്‍കോട് | ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 148 കേസുകളില്‍ ജാമ്യം നേടി ലീഗ് നേതാവ് എം സി ഖമറുദ്ദീന്‍ എം എല്‍ എ ഇന്ന് ജയിലിന് പുറത്തിറങ്ങും. കടുത്ത നിബന്ധനകളോടെയാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കണ്ടുകെട്ടിയ ശേഷമാണ് ജാമ്യം. കാസര്‍ഗോഡ് സി ജെ എം കോടതിയിലും ഹൊസ്ദുര്‍ഗ് കോടതിയിലും ജാമ്യ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയോടെ പുറത്തിറങ്ങാനാണ് നീക്കം.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 90 ദിവസത്തോളമാണ് ഖമറുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞത്. കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്ന് ഉപാധി ഉള്ളതിനാല്‍ ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം മഞ്ചേശ്വരത്തേക്കായിരിക്കും എത്തുക. ഖമറുദ്ദീനൊപ്പം തട്ടിപ്പ് നടത്തിയ പൂക്കോയ തങ്ങളെ ഇനിയും കണ്ടെത്താനാകാത്തത് അന്വേഷണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഖമറുദ്ദീനേയും പുക്കോയ തങ്ങളെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് കഴിയാതെ പോയത് കേസിനെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ പൂക്കോയ തങ്ങള്‍ക്കായി തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഇത്തവണ ഖമറുദ്ദീന് മഞ്ചേശ്വരത്ത് സീറ്റ് നല്‍കാന്‍ നേതൃത്വം തയാറാകില്ല. ഉപതിരഞ്ഞെടുപ്പില്‍ എം എല്‍ എ ആയിട്ടും ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുന്നേ തട്ടിപ്പ് കേസില്‍ ജയിലിലായത് ഖമറുദ്ദീന്റെ രാഷ്ട്രീയഭാവി തന്നെ ഇരുട്ടിലാക്കിയിരിക്കുകയാണ്. അതേ സമയം തിരഞ്ഞെടുപ്പ് വേളയില്‍ എല്‍ ഡി എഫും ബി ജെ പിയും ജ്വല്ലറി തട്ടിപ്പ് കേസ് ചര്‍ച്ചയാക്കുമ്പോള്‍ ഖമറുദ്ദീന്റെ തട്ടിപ്പ് കേസ് പ്രതിരോധിക്കുക ലീഗിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.