കൊവിഡ് ഭേദമായവര്‍ക്ക് കുത്തിവെപ്പ് ആവശ്യമില്ലെന്ന് ഗവേഷകര്‍

Posted on: February 9, 2021 10:45 pm | Last updated: February 9, 2021 at 10:48 pm

ന്യൂഡല്‍ഹി | കൊവിഡ് ഭേദമായവര്‍ക്ക് വീണ്ടും പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിനെ വിമര്‍ശിച്ച് ആരോഗ്യ വിദഗ്ധര്‍. ഇത് പാഴ്‌വേലയാണെന്നാണ് വൈദ്യശാസ്ത്ര ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കൊവിഡ് ഭേദമായവരില്‍ സ്വാഭാവികമായി വികസിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ വാക്‌സിനുകള്‍ വഴി ലഭിക്കുന്നതിനേക്കാള്‍ മികച്ചതും നീണ്ടുനില്‍ക്കുന്നതുമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ട് കാരണങ്ങളാണ് ഇതിന് അടിസ്ഥാനമായി വൈറോളജിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്നാമതായി, ലോകത്ത് കൊവിഡ് മാറിയ ഒരാള്‍ക്ക് വീണ്ടും രോഗബാധയുണ്ടായ സംഭവങ്ങള്‍ വളരെ കുറവാണ്. ആഗോളവ്യാപകമായി വെറും 44 കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനര്‍ഥം സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന ആന്റി ബോഡികള്‍ രോഗപ്രതിരോധ ശേഷി ഉറപ്പുവരുത്തുന്നുവെന്നാണെന്ന് ഗവേഷര്‍ പറയുന്നു. ചിക്കന്‍ പോക്‌സ് ഉള്‍പ്പെടെ രോഗങ്ങളില്‍ വാക്‌സിന്‍ വഴി നേടിയ കൃത്രിമ ആന്റിബോഡികളെക്കാള്‍ നന്നായി സ്വാഭാവിക ആന്റിബോഡികള്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് രണ്ടാമത്തെ കാരണമായി ഗവേഷകര്‍ വിശദീകരിക്കുന്നത്.

ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങള്‍ ഉണ്ടായാല്‍, ഉല്‍പാദിപ്പിക്കപ്പെടുന്ന സ്വാഭാവിക ആന്റിബോഡികള്‍ക്ക് ആജീവനാന്ത പ്രതിരോധശേഷി നല്‍കാന്‍ കഴിയുമെന്നും എന്നാല്‍ ഇതിനെതിരായ വാക്‌സിനുകള്‍ക്ക് ഇതേ പ്രതിരോധം നല്‍കാനാകില്ലെന്നും പ്രമുഖ വൈറോളജിസ്റ്റ്് ഡോ. മുളിയില്‍ പറഞ്ഞു. കോവിഡ് -19 നെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ പഠനങ്ങള്‍ കാണിക്കുന്നത് പ്രകൃത്യാ ലഭിക്കുന്ന പ്രതിരോധശേഷി വളരെക്കാലം നീണ്ടുനില്‍ക്കുന്നതാണെന്നും അതിനാല്‍ കോവിഡ് ഭേദമായവരെ വാക്‌സിനേഷനില്‍ നിന്ന് ഒഴിവാക്കണമെന്നും ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സഞ്ജയ് റായും വിശദീകരിക്കുന്നു.

സ്വാഭാവിക പ്രതിരോധശേഷി ദീര്‍ഘകാലം നിലനില്‍ക്കുമെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണെന്ന് ലഖ്നൗവിലെ സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്സിന്‍ ഗവേഷകനായ ഡോ. അനുരാധ ഡ്യൂബ് പറഞ്ഞു. വാക്സിനുകളിലൂടെ ലഭിക്കുന്ന പ്രതിരോധശേഷി എത്രത്തോളം നിലനില്‍ക്കുമെന്ന് നിലവില്‍ കണ്ടെത്തിയിട്ടില്ല. ഇത് സ്വാഭാവിക പ്രതിരോധശേഷി ഉള്ളിടത്തോളം കാലം നിലനില്‍ക്കുമെങ്കിലും അത് ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും ഡ്യൂബ് പറഞ്ഞു.

ഈ സാഹചര്യത്തില്‍ രോഗം ഭേദമായവര്‍ക്ക് നല്‍കി വാക്‌സിന്‍ പാഴാക്കിക്കളയുന്നതിന് പകരം അത് ഏറ്റവും അനിവാര്യമുള്ളവര്‍ക്കായി സംരക്ഷിക്കപ്പെടണമെന്നാണ് ഗവേഷകര്‍ അഭ്യര്‍ഥിക്കുന്നത്.

ഇന്ത്യയില്‍ ജനുവരി 16നാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. കഴിഞ്ഞ 24 ദിവസത്തിനുള്ളില്‍ ആറ് ദശലക്ഷത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്.