Connect with us

Editorial

ഉത്തരാഖണ്ഡ് ദുരന്തം അട്ടിമറിയോ?

Published

|

Last Updated

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരവെ ഈ അപ്രതീക്ഷിത ദുരന്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ തപോവന മേഖലയിലെ മഞ്ഞുമലകള്‍ക്കിടയില്‍ രൂപംകൊണ്ട തടാകം പൊട്ടിയാണ് നദികളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നത്. മഞ്ഞുമല ഉരുകി തടാകം രൂപപ്പെടുന്നതും തടാകങ്ങള്‍ പൊട്ടി നദികളില്‍ ജലം ഉയരുന്നതും മഞ്ഞുമലകള്‍ ചുരുങ്ങുന്നതും ഈ ഭാഗങ്ങളില്‍ ഒരു സാധാരണ പ്രതിഭാസമാണ്. ഇങ്ങനെ രൂപപ്പെടുന്ന തടാകത്തിന്റെ ഭിത്തികള്‍ ദുര്‍ബലമായിരിക്കും. ഹിമപാതം മൂലമോ മറ്റു കാരണങ്ങളാലോ തടാകം തകര്‍ന്ന് ജലം നദിയിലേക്ക് കുത്തിയൊഴുകുകയും ചെയ്യും. ചമോലി ജില്ലയില്‍ ഞായറാഴ്ച രാവിലെ 10.45നാണ് മഞ്ഞുമല അടര്‍ന്നുവീണ് അപകടമുണ്ടായത്. ധൗലി ഗംഗ, അളകനന്ദ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.
മഞ്ഞുമലകളില്‍ അപകടങ്ങള്‍ പതിവാണ്. ഹിമപാതത്തില്‍ പലപ്പോഴും സൈനികരും മറ്റും കുടുങ്ങാറുണ്ട്. 2018 ഏപ്രില്‍ 11ന് ഉത്തരാഖണ്ഡിലെ മഞ്ഞുപ്രദേശത്ത് ട്രക്കിംഗിനിടയില്‍ യൂത്ത് ഹോസ്റ്റല്‍ അസോസിയേഷനിലെ 30 അംഗ സംഘം മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയിരുന്നു. പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനം മൂലം ട്രക്കിംഗ് തുടരാനോ തിരിച്ചു വരാനോ സാധ്യമാകാത്ത വിധം സംഘം മഞ്ഞില്‍ അകപ്പെട്ടു. ദുരന്ത നിവാരണ സേനയെത്തിയാണ് ഇവരെ രക്ഷിച്ചത്. 2016ല്‍ പടിഞ്ഞാറന്‍ ടിബറ്റിലെ രണ്ട് മഞ്ഞുമലകള്‍ അവിചാരിതമായി തകരുകയും ഹിമപാതം സംഭവിക്കുകയും ചെയ്തിരുന്നു.

സാധാരണഗതിയില്‍ ഉഷ്ണ കാലത്ത് തെളിഞ്ഞ ആകാശവും ശക്തമായ സൂര്യപ്രകാശവുമുള്ളപ്പോഴാണ് മഞ്ഞുരുക്കവും മഞ്ഞുവീഴ്ചയും സംഭവിക്കുന്നത്. എന്നാല്‍ മൈനസ് 20 ഡിഗ്രിയിലാണ് ദുരന്തം നടന്ന ഉത്തരാഖണ്ഡിലെ ചമോലി മേഖല ഇപ്പോഴുള്ളത്. മഞ്ഞുരുകാനോ മഞ്ഞുമലകള്‍ തകരാനോ യാതൊരു സാധ്യതയുമില്ലാത്ത സ്ഥിതിവിശേഷം. ഈ സാഹചര്യത്തില്‍ അളകനന്ദ നദിയിലെ സുപ്രധാന ജലവൈദ്യുതിയായ “ഋഷിഗംഗ”യും എന്‍ ടി പി സിയുടെ തപോവന നിലയവും തകരാന്‍ ഇടയാക്കിയ ചമോലി ദുരന്തം അട്ടിമറി മൂലമാണോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ സുപ്രധാന പദ്ധതികളെ നശിപ്പിക്കാനായി മഞ്ഞുതടാകം മനപ്പൂര്‍വം സ്‌ഫോടനത്തിലൂടെ തകര്‍ത്തതാണോ എന്നാണ് സംശയിക്കപ്പെടുന്നത്. 520 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ടുള്ള 3,000 കോടി രൂപയുടെ പദ്ധതിയാണ് തപോവന നിലയം. അളകനന്ദ നദി ഒഴുകുന്ന പ്രധാന മേഖലകളെല്ലാം പാടേ തകരുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. മഞ്ഞുതടാകങ്ങളെ സൈന്യങ്ങള്‍ ശത്രുക്കള്‍ക്കെതിരെ ഉപയോഗിക്കുക പതിവുമാണ്. ദുരന്ത പ്രദേശത്തെത്തിയ ഡിഫന്‍സ് ജിയോ ഇന്‍ഫൊര്‍മാറ്റിക് റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റിലെ (ഡി ജി ആര്‍ ഇ) പ്രത്യേക സംഘം അട്ടിമറി സാധ്യത പരിശോധിക്കുകയും ചമോലി ദുരന്തത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയുമാണ്. അവരുടെ റിപ്പോര്‍ട്ട് കിട്ടിയാലേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് അട്ടിമറി സന്ദേഹം ഉയര്‍ന്നത്. ഹിമാലയത്തില്‍ സമീപകാലത്ത് ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ചൈന അതീവ അസ്വസ്ഥരാണെന്നാണ് റിപ്പോര്‍ട്ട്.

ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ് ചമോലിയില്‍. അവിചാരിതമായ പ്രളയത്തെ തുടര്‍ന്ന് മണ്ണിനടിയിലും അളകനന്ദ ഡാമിലെ 900 മീറ്റര്‍ നീളമുള്ള തപോവന്‍ ടണലിലും മറ്റുമായി നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. പത്തോളം ഗ്രാമങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. ഗംഗയുടെ കൈവഴിയായ ധൗലി ഗംഗയില്‍ ജലനിരപ്പ് എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്ര ജലകമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചത്. നദിക്കരയിലെ നിരവധി വീടുകള്‍ ഒലിച്ചു പോയി. തപോവനത്തിലെയും ധൗലി ഗംഗയിലെയും രണ്ട് പദ്ധതികളില്‍ ജോലി ചെയ്യുന്ന ഉത്തര്‍ പ്രദേശിലെയും ബിഹാറിലെയും തൊഴിലാളികളാണ് ദുരന്തത്തില്‍ അകപ്പെട്ടവരിലേറെയും. 170ഓളം പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ 19 പേരുടെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ കണ്ടെത്തി. ഇവരെ കൂടാതെ ധൗലിഗംഗയിലെ ടണലിലും അളകനന്ദ നദിയിലെ 900 മീറ്റര്‍ നീളമുള്ള തപോവന്‍ ടണലിലുമായി നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അപകട ദിവസം തപോവന്‍ അണക്കെട്ടിലേക്ക് 178 പേര്‍ക്ക് പാസ് നല്‍കിയതായി ഔദ്യോഗിക രേഖകള്‍ കാണിക്കുന്നു.

രക്ഷാപ്രവര്‍ത്തനത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ചവരാണ് അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മണ്ണിനടിയില്‍ പെട്ടവരെയും മറ്റും കണ്ടെടുക്കാനുള്ള ശ്രമം നടത്തി വരുന്നത്. മലനിരകള്‍, ചെങ്കുത്തായ ഇടുങ്ങിയ വഴികള്‍ തുടങ്ങി ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്. കാലാവസ്ഥയും അടിക്കടി മാറിക്കൊണ്ടിരിക്കും ഇവിടെ.
നിരവധി തീര്‍ഥാടന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നതും ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്നതുമാണ് ചമോലി ജില്ല. യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് തീര്‍ഥാടനത്തിന് പോകുന്നവര്‍ ഈ വഴിയാണ് സഞ്ചരിക്കാറുള്ളത്. കൊവിഡിനെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതു കാരണം അപകട സമയത്ത് അവിടെ തീര്‍ഥാടകര്‍ നന്നേ കുറവായിരുന്നു. നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ വന്‍ ദുരന്തമായിരിക്കും സംഭവിക്കുക. പ്രളയത്തിനും പ്രകൃതിക്ഷോഭങ്ങള്‍ക്കും പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട് ചമോലിയും സമീപ പ്രദേശങ്ങളും. 2013ല്‍ ഈ മേഖലയിലുണ്ടായ പ്രളയത്തില്‍ പതിനയ്യായിരത്തില്‍ പരം പേര്‍ മരണപ്പെട്ടിരുന്നു. ഹിമാലയന്‍ മലനിരകളിലെ വിവിധ തീര്‍ഥാടക കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ടവരായിരുന്നു അന്ന് ദുരന്തത്തില്‍ പെട്ടവരില്‍ നല്ലൊരു പങ്കും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, യു പി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലായി നാനൂറോളം റോഡുകളും 21 പാലങ്ങളുമാണ് അന്നത്തെ പ്രളയത്തില്‍ തകര്‍ന്നത്.
ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഏറെ മുന്നേറുകയും ബഹിരാകാശത്ത് താമസം തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുമ്പോഴും പ്രകൃതിക്ഷോഭങ്ങള്‍ക്കു മുമ്പില്‍ നിസ്സഹായതയോടെ നില്‍ക്കാനേ മനുഷ്യന് സാധിക്കുന്നുള്ളൂ.

Latest