24 ദിവസം കൊണ്ട് രാജ്യത്ത് 60 ലക്ഷത്തിലധികം പേര്‍ കൊവിഡ് കുത്തിവെപ്പെടുത്തു

Posted on: February 8, 2021 11:23 pm | Last updated: February 9, 2021 at 8:29 am

ന്യൂഡല്‍ഹി | രാജ്യത്ത് 24 ദിവസം കൊണ്ട് 60 ലക്ഷത്തിലധികം പേര്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെ 60,35,660 പേര്‍ക്ക് കുത്തിവെപ്പ് നടത്തിയതായയി കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി പറഞ്ഞു. അമേരിക്കയില്‍ 26 ദിവസവും ബ്രിട്ടനില്‍ 46 ദിവസവും കൊണ്ടാണ് ഇത്രയും പേര്‍ക്ക് വാക്‌സീന്‍ നല്‍കാനായത്.

തിങ്കളാഴ്ച 2,23,298 പേരാണ് കുത്തിവയ്പ് സ്വീകരിച്ചത്. 11 സംസ്ഥാനങ്ങളില്‍ 65 ശതമാനത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സീന്‍ സ്വീകരിച്ചു. പാര്‍ശ്വഫലങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏക കേസ് കേരളത്തിലാണു റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഫെബ്രുവരി രണ്ട് മുതല്‍ എട്ട് വരെയുള്ള കണക്ക് പ്രകാരം 54,12,270 ആരോഗ്യ പ്രവര്‍ത്തകരും 6,23,390 മുന്‍നിര പ്രവര്‍ത്തകരും കുത്തിവെപ്പ് സ്വീകരിച്ചു കഴിഞ്ഞു