പ്രതിപക്ഷ നേതാവിനെ പൊന്നാനിയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് സ്പീക്കർ 

Posted on: February 8, 2021 3:53 pm | Last updated: February 8, 2021 at 6:05 pm

പൊന്നാനി | പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പൊന്നാനിയിൽ മത്സരത്തിന് വെല്ലുവിളിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. പൊന്നാനിയിൽ എത്തിയിട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ മത്സരിക്കണമെന്നും ശ്രീരാമകൃഷ്ണൻ വെല്ലുവിളിച്ചു.

ചെന്നിത്തലയുമായി ഒളിമറ യുദ്ധമോ പുകമറയുദ്ധമോ അല്ല നടത്തിയത്. നിയമസഭയിൽ ചോദിച്ച കാര്യങ്ങൾക്ക് എല്ലാം മറുപടി നൽകിയതാണ്. സ്പീക്കർ പദവിയുടെ പരിമിതി ദൗർബല്യമായി കാണരുത്. ആയുധം ഇല്ലാത്ത ഒരാളുടെ അടുത്ത് ആയുധം കൊണ്ട് പോരാട്ടത്തിന് വരുന്ന തന്ത്രമാണ് ചെന്നിത്തല പയറ്റുന്നത്. ചെന്നിത്തലക്ക് എതിരെ കേസ് എടുത്തതിനുള്ള പക പോക്കലാണ് തനിക്കെതിരെ ഇപ്പോൾ നടക്കുന്നത്.

അന്വേഷണത്തിന് അനുമതി നൽകിയതിൻ്റെ പേരിലാണ് ഈ പ്രസ്താവനയെങ്കിൽ സഹിഷ്ണുത ഇല്ലാത്തതാണ്. ചെന്നിത്തലക്ക് സ്ഥലജല വിഭ്രാന്തിയാണ്. പൊന്നാനിയിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും പൊന്നാനിയിൽ വന്ന് മത്സരിക്കാൻ ചെന്നിത്തല തയ്യാറുണ്ടോ എന്നും സ്പീക്കർ ചോദിച്ചു. പൊന്നാനിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം