ശശികല ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ചു

Posted on: February 8, 2021 8:10 am | Last updated: February 8, 2021 at 3:31 pm

ബെംഗളുരു | അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയില്‍മോചിതയായ വി കെ ശശികല ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ചു. ശശികലയുടെ വരവിനെ തുടര്‍ന്ന് ചെന്നൈയിലെങ്ങും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ശശികലക്ക് വന്‍ വരവേല്‍പ്പ് നല്‍കാനാണ് അണികളുടെ തീരുമാനം. ബെംഗളൂരുവില്‍ നിന്ന് റോഡ് മാര്‍ഗം ചെന്നൈയിലെത്തുന്ന ശശികലക്ക് 32 ഇടങ്ങളിലാണ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുക.
ചെന്നൈയിലെത്തിയ ഉടന്‍ ശശികല ടി നഗറിലുള്ള എം ജി ആറിന്റെ വസതിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം പ്രവര്‍ത്തകരെ കാണും. ശശികലയ്‌ക്കൊപ്പം ഇളവരശിയും ചെന്നൈയിലേക്ക് എത്തും. ശശികലയുടെ വരവിനോടനുബന്ധിച്ച് അണ്ണാ ഡി എം കെ ആസ്ഥാനത്തും പൊയസ് ഗാര്‍ഡനിലെ ജയ സ്മാരകത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയില്‍ 1500 പോാലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ചെന്നൈയിലെ ജയ സമാധിയിലേക്കുള്ള റാലിക്ക് അനുമതിയുണ്ടെന്നാണ് ദിനകര പക്ഷം പറയുന്നത്. എന്നാല്‍, അനുമതി നല്‍കിയിട്ടില്ലെന്ന് പോലീസും പറയുന്നു. ശശികലയുടെ വരവോടെ എ ഡി എം കെ രാഷ്ട്രീയത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പിടിക്കുക എന്ന ലക്ഷ്യമിട്ടാണ് ശശികല വരുന്നത്. ഇതിനെ ഇ പി എസ്- ഒ പി എസ് സഖ്യം എങ്ങനെ മറികടക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.