Connect with us

Ongoing News

ഹൈദരാബാദ്- നോർത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം ഗോൾരഹിത സമനിലയിൽ

Published

|

Last Updated

മഡ്ഗാവ് | ഐ എസ് എല്ലിലെ 86ാം മത്സരം സമനിലയിൽ. ഹൈദരാബാദ് എഫ് സി- നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി മത്സരമാണ് ഗോൾരഹിത സമനിലയിൽ പിരിഞ്ഞത്. ഇരു ടീമുകളും അവസരങ്ങളൊരുക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല.

20ാം മിനുട്ടില്‍ തന്നെ കളിയിലെ ആദ്യ മഞ്ഞക്കാര്‍ഡ് ഉയര്‍ന്നു. ഹൈദരാബാദിന്റെ ഫ്രാന്‍ സാന്‍ഡാസക്കാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ കൂടുതല്‍ പന്ത് കൈവശം വെച്ചത് ഹൈദരാബാദ് ആയിരുന്നു. എന്നാല്‍ പറയത്തക്ക മുന്നേറ്റങ്ങളൊന്നുമുണ്ടായില്ല. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് രണ്ട് തവണ അവസരങ്ങളൊരുക്കിയെങ്കിലും അത് ഭീഷണിയുയര്‍ത്തുന്നതായിരുന്നില്ല.

63ാം മിനുട്ടില്‍ രണ്ട് പേരെ ഹൈദരാബാദ് പുതുതായി ഇറക്കി. മുഹമ്മദ് യാസിര്‍, ഫ്രാന്‍ സാന്‍ഡാസ എന്നിവര്‍ക്ക് പകരം റോളണ്ട് ആല്‍ബര്‍ഗ്, ലിസ്റ്റണ്‍ കൊളാകോ എന്നിവരെയാണ് ഇറക്കിയത്. മൂന്ന് മിനുട്ട് പിന്നിട്ടപ്പോഴേക്കും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും രണ്ട് പേരെ പിന്‍വലിച്ചു. ഇദ്രീസ് സില്ലക്ക് പകരം ദേഷോണ്‍ ബ്രൗണിനെയും നിന്തോയ്ഗമ്പ മീടെയ്ക്ക് പകരം സുഹൈര്‍ വടക്കേപീടികയെയുമാണ് ഇറക്കിയത്.

78ാം മിനുട്ടില്‍ ലൂയിസ് സസ്‌ട്രെയെ ഹൈദരാബാദ് പിന്‍വലിക്കുകയും സാഹില്‍ തവോരയെ പകരമിറക്കുകയും ചെയ്തു. 84ാം മിനുട്ടില്‍ ഹൈദരാബാദിന്റെ ആകാശ് മിശ്രക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 85ാം മിനുട്ടില്‍ ലാല്‍റെംപ്യുയ ഫാനൈയെ മാറ്റി പ്രഗ്യാന്‍ ഗൊഗോയിയെ നോര്‍ത്ത് ഈസ്റ്റ് ഇറക്കി. നിശ്ചിത സമയം പൂർത്തിയായപ്പോൾ റഫറി നാല് മിനുട്ട് അനുവദിച്ചെങ്കിലും ഗോൾ നേടാൻ ഇരു പക്ഷത്തിനും സാധിച്ചില്ല.