ഇംഗ്ലണ്ട് 578ന് പുറത്ത്; ഇന്ത്യയുടെ പ്രതീക്ഷ വാലറ്റത്തില്‍

Posted on: February 7, 2021 12:27 pm | Last updated: February 7, 2021 at 6:28 pm

ചെന്നൈ | ചെപ്പോക്ക് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ റണ്‍മല പിന്തുടര്‍ന്ന ഇന്ത്യക്ക് കാലിടറുന്നു. ഇംഗ്ലണ്ട് 578 റണ്‍സിന് പുറത്തായി. ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് 257 റണ്‍സാണ് ആതിഥേയര്‍ എടുത്തത്.  വാലറ്റത്തിലാണ് ഇനി പ്രതീക്ഷ. ഫോളോഓണ്‍ ഒഴിവാക്കാന്‍ 119 റണ്‍സ് ഇന്ത്യക്ക് വേണം. ഇംഗ്ലീഷ് ബോളിംഗ് പക്ഷത്ത് ഡോം ബെസ്സ് നാല് വിക്കറ്റെടുത്ത് തിളങ്ങി.

33 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും എട്ട് റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിനുമാണ് ക്രീസിലുള്ളത്. ഋഷഭ് പന്ത് പ്രതീക്ഷ നല്‍കിയെങ്കിലും 91 റണ്‍സെടുത്ത് മടങ്ങി. 88 ബോളിലാണ് പന്തിന്റെ ഇന്നിംഗ്‌സ്. 143 ബോളില്‍ 73 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയാണ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയ മറ്റൊരു താരം.

രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ നിരാശപ്പെടുത്തി. ശുഭ്മാന്‍ ഗില്‍ 29 റണ്‍സെടുത്തു. 23 ഓവറില്‍ 55 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബെസ്സ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റുകള്‍ നേടി.

കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി ലഭിച്ചു. 59 റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. രോഹിത് ശര്‍മ (ആറ്), ശുഭ്മാന്‍ ഗില്‍ (29) എന്നിവരാണ് മടങ്ങിയത്. ജോഫ്ര ആര്‍ച്ചര്‍ക്കാണ് ഇരുവരുടെയും വിക്കറ്റ്.

നേരത്തെ ഇരട്ട ശതകം നേടിയ നായകന്‍ ജോ റൂട്ട് ആണ് വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ ഇംഗ്ലണ്ടിന് നിര്‍ണായക സംഭാവന നല്‍കിയത്. ഷഹ്ബാസ് അമന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് 218 റണ്‍സെടുത്ത റൂട്ട് പുറത്തായത്. ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീതം നേടി. ഇശാന്തും ഷഹബാസും രണ്ടു വീതം വിക്കറ്റെടുത്തു.

218 റണ്‍സ് നേടിയ ജോ റൂട്ടിന്റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഡോമിനിക് സിബ്ലി (87), ബെന്‍ സ്റ്റോക്‌സ് (82) എന്നിവരും ഇംഗ്ലണ്ട് സ്‌കോറിലേക്ക്ക് നിര്‍ണായക സംഭാവന നല്‍കിയത്. പല താരങ്ങള്‍ക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇന്ത്യക്കായി ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇഷാന്ത് ശര്‍മ്മ, ഷഹബാസ് നദീം എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം ഉണ്ട്.