Connect with us

Kerala

വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ല: എം വി ഗോവിന്ദന്‍

Published

|

Last Updated

കണ്ണൂര്‍ | വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമാക്കാന്‍ കഴിയില്ലെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്‍. കെ എസ് ടി എയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജന്മിത്വത്തിന്റെ പിടിയില്‍നിന്നുപോലും ഇന്ത്യന്‍ സമൂഹം മോചിതമായിട്ടില്ല. മാത്രമല്ല, ഇന്ത്യയില്‍ ഏത് സാധാരണ മനുഷ്യനും ജനിക്കുന്നത് ഹിന്ദുവോ മുസ്ലിമോ പാഴ്‌സിയോ സിഖോ ഒക്കെ ആയാണ്. ഇത്തരമൊരു സമൂഹത്തില്‍ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രായോഗിമാക്കാന്‍ കഴിയില്ല.

1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് രൂപം കൊണ്ട ബൂര്‍ഷ്വ ജനാധിപത്യത്തിലേക്കു പോലും ഇന്ത്യന്‍ സമൂഹം വളര്‍ന്നിട്ടില്ല. ഭൂപ്രഭുത്വം അവസാനിക്കുകയോ ജനാധിപത്യ വിപ്ലവം നടക്കുകയോ ചെയ്യാത്ത രാജ്യമാണ് ഇന്ത്യ. വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാനാവില്ല. ബൂര്‍ഷ്വാ ജനാധിപത്യത്തിനു പോലും വിലയില്ലാത്തതിനാലാണ് ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം എന്ന വാദം ഉയരുന്നത്. വിശ്വാസത്തെയും അതിന്റെ അടിസ്ഥാനമായ ദൈവത്തെയും തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാര്‍ശനിക പ്രപഞ്ചത്തെ മുന്നില്‍ നിര്‍ത്തി ഇന്നത്തെ ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ മുന്നോട്ടുപോകാനാകുമെന്ന് കരുതുന്നത് തെറ്റാണ്. അത് സാധിക്കില്ല. അതിനാല്‍ വിശ്വാസികള്‍ക്കും വിശ്വാസമില്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ജനാധിപത്യ ഉള്ളടക്കത്തില്‍ നിന്നേ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest