സ്വത്ത് തർക്കം: 52കാരൻ മാതാവിനെ വെട്ടിക്കൊന്നു, പിതാവിന് ഗുരുതര പരുക്ക്

Posted on: February 6, 2021 10:38 pm | Last updated: February 6, 2021 at 10:38 pm

കോട്ടയം | സ്വത്തുതർക്കത്തെ തുടർന്ന് മദ്യലഹരിയില്‍ 52-കാരന്‍ അമ്മയെ വെട്ടിക്കൊന്നു. പിതാവിന് ഗുരുതര പരുക്കേറ്റു. തിരുവാതുക്കലിന് സമീപം പതിനാറില്‍ ചിറയില്‍ കാര്‍ത്തിക ഭവനില്‍ സുജാത(72)യാണ് കൊല്ലപ്പെട്ടത്. മദ്യപിച്ച് വന്ന മകന്‍ ബിജുവാണ് സുജാതയെ ആക്രമിച്ചത്.

ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അച്ഛന്‍ തമ്പി(74)യെ ബിജു ചുറ്റിക കൊണ്ട് പരിക്കേല്‍പ്പിച്ചു. ഇത് കണ്ട് ഓടിയെത്തിയ അയല്‍വാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.

പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സുജാത മരിച്ചത്. സുജാതയുടെ മൃതദേഹത്തില്‍ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയില്‍ നീരുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.